- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് അപൂര്‍വ്വ ചികിത്സയിലൂടെ പുതുജീവന്‍
കൊച്ചി: ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ച യുവതിക്ക് ട്യൂമര്‍ സൃഷ്ടിച്ച സങ്കീര്‍ണത മറികടന്ന് സുരക്ഷിത പ്രസവത്തിന് വഴിയൊരുക്കി കൊച്ചി അമൃത ആശുപത്രി.ദുബൈയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ശ്രുതിയാണ് 'പ്ലാസന്റല്‍ കൊറിയോആന്‍ജിയോമ' എന്ന ട്യൂമര്‍ മറുപിള്ളയില്‍ (പ്ലാസന്റ) കണ്ടെത്തിയതിനെ തുടര്‍ന്ന് ഗര്‍ഭകാലത്തിന്റെ ഇരുപത്തിയൊന്നാമത്തെ ആഴ്ചയില്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സ തേടിയത്.
അമൃതയിലെ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ.വിവേക് കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം 'ഗ്‌ളൂ എമ്പോളൈസേഷന്‍' എന്ന ചികിത്സാ രീതിയാണ് ട്യൂമറിന്റെ അപകടകരമായ വളര്‍ച്ച നിയന്ത്രിക്കാനായി ഉപയോഗിച്ചത്. മറുപിള്ളയില്‍ നിന്നും ഗര്‍ഭസ്ഥശിശുക്കളിലേക്കുള്ള രക്തപ്രവാഹം നിലനിര്‍ത്തി ക്കൊണ്ട് ട്യൂമറിലേക്കുള്ള രക്തപ്രവാഹത്തെ മാത്രമായി തടസപ്പെടുത്തുകയാണ് ഈ ചികിത്സയിലൂടെ ചെയ്തത്.
തുടര്‍ന്ന് ദുബൈയിലേക്ക് മടങ്ങിയ യുവതി മുപ്പത്തിയാറാമത്തെ ആഴ്ചയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി.ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയ പരാജയത്തിനും തുടര്‍ന്ന് മരണത്തിനും കാരണമായേക്കാവുന്ന രോഗാവസ്ഥയാണ് പ്ലാസന്റല്‍ കൊറിയോആന്‍ജിയോമയെന്നും ഇരട്ട ഗര്‍ഭധാരണത്തില്‍ ആദ്യമായാണ് ഗ്‌ളൂ എമ്പോളൈസേഷന്‍ ഉപയോഗിക്കപ്പെടുത്തുന്നതെന്നും ഡോ. വിവേക് കൃഷ്ണന്‍ പറഞ്ഞു. ഡോ. ധന്യ കീഴാറ്റൂര്‍, ഡോ.ശ്രുതി സോമന്‍ എന്നിവര്‍ ചികിത്സയില്‍ പങ്കാളികളായി.