കൊച്ചി: സ്‌പൈസസ് ബോര്‍ഡ് വനിതാ ജീവനക്കാര്‍ക്കായി ആര്‍ത്തവ ശുചിത്വ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ജീവനക്കാരില്‍ ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവബോധം നല്‍കുന്നതിന് പൊതുമേഖല സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡുമായി സഹകരിച്ചാണ് സെമിനാര്‍ നടത്തിയത്. ആദ്യഘട്ടത്തില്‍ നൂറോളം വനിത ജീവനക്കാര്‍ക്കാണ് ക്ലാസ് നല്‍കിയത്. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സ്പൈസസ് ബോര്‍ഡ് ജീവനക്കാര്‍ ഓണ്‍ലൈന്‍ ആയി പങ്കെടുത്തു.

ജീവനക്കാരില്‍ ആര്‍ത്തവ ശുചിത്വബോധം വര്‍ധിപ്പിക്കുകയും സുസ്ഥിരമായ ജീവിതശൈലികള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് സെമിനാറിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്‌പൈസസ് ബോര്‍ഡ് ഡയറക്ടര്‍ (റിസര്‍ച്) ഡോ. എ. ബി. രമശ്രീ പറഞ്ഞു. പുനരുപയോഗയോഗ്യമായ ആര്‍ത്തവ കപ്പുകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതിക നേട്ടങ്ങള്‍, വ്യക്തിഗത ആരോഗ്യ നേട്ടങ്ങള്‍ എന്നിവയെക്കുറിച്ചും ക്ലാസുകള്‍ നല്‍കി. ഡോ. ശാരിക വിനോദ്, ഡോ. കൃഷ്ണ, ഡോ. ആരതി, ഡോ. ഭവ്യ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.