കൊച്ചി: സുസ്ഥിരതയോടൊപ്പം സാമ്പത്തിക സ്വാശ്രയത്വവും പൈതൃക ടൂറിസം വികസനത്തില്‍ അനിവാര്യമാണെന്ന് അന്താരാഷ്ട്ര സ്‌പൈസ് റൂട്ട്‌സ് സമ്മേളനം. ഇതിന്റെ മികച്ച മാതൃകയാണ് കേരളത്തിലെ മുസിരിസ് ഹെറിറ്റേജ് പദ്ധതിയെന്നും 'പൈതൃക ടൂറിസം: സുസ്ഥിരതയുടെ ചോദ്യം' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

മുസിരിസ് പ്രോജക്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഷാരോണ്‍ വി സെഷന്‍ മോഡറേറ്റ് ചെയ്തു.പല രാജ്യങ്ങളും തങ്ങളുടെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ടൂറിസം പദ്ധതികളില്‍ വന്‍തുക ചെലവഴിക്കുന്നതായി കെഐടിടിഎസ് ഡയറക്ടര്‍ ഡോ. ദിലീപ് എം ആര്‍ പറഞ്ഞു. ടൂറിസം തൊഴിലും വരുമാനവും നല്‍കുമെങ്കിലും അച്ചടക്കമില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ വിലക്കയറ്റത്തിനും സാമൂഹിക അസമത്വത്തിനും പ്രാദേശിക എതിര്‍പ്പിനും വഴിവയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പ്രളയവും മണ്ണിടിച്ചിലും പോലുളള കാലാവസ്ഥാ ദുരന്തങ്ങള്‍ പൈതൃക കേന്ദ്രങ്ങള്‍ക്ക് കനത്ത ഭീഷണിയാണെന്ന് ഐസിഒഎംഒഎസിലെ സയന്റിഫിക് കൗണ്‍സിലര്‍ ഡോ. വേണുഗോപാല്‍ പറഞ്ഞു. പൈതൃക സംരക്ഷണത്തില്‍ പരമ്പരാഗത അറിവുകള്‍ കൂടി ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പൈതൃക ടൂറിസം ഇക്കാലത്ത് സ്മാരകങ്ങള്‍ കാണുന്നതില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന് അഭിപ്രായപ്പെട്ട കെടിഐഎല്‍ ഡയറക്ടര്‍ മനോജ് കുമാര്‍ കിനി, പ്രാദേശിക സമൂഹങ്ങളെ കേന്ദ്രമാക്കി സുസ്ഥിരതയില്‍ മുന്‍നിര്‍ത്തിയ പുതിയ സമീപനങ്ങളാണ് വളര്‍ന്നുവരുന്നതെന്ന് വ്യക്തമാക്കി.

സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ ഉത്തരവാദിത്തപരവും യഥാര്‍ത്ഥവുമായ ടൂറിസം സാധ്യമാകുമെന്നും, ടൂറിസ്റ്റുകള്‍ സ്വന്തം മൂല്യങ്ങള്‍ക്കനുസരിച്ചാണ് യാത്രകള്‍ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൈതൃക ടൂറിസം വിജയിക്കണമെങ്കില്‍ അതിന്റെ വികസനം സുസ്ഥിരത, സാമൂഹ്യ പങ്കാളിത്തം, പരിസ്ഥിതി സംരക്ഷണം എന്നിവയെ അടിസ്ഥാനമാക്കി വേണമെന്നും ചര്‍ച്ച വ്യക്തമാക്കി.