കൊച്ചി: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സംഘടിപ്പിക്കുന്ന വാര്‍ഷിക സ്‌കൂള്‍ ക്വിസ് മത്സരമായ ടിസിഎസ് ഇന്‍ക്വിസിറ്റീവ് 2024 ന്റെ കൊച്ചി എഡിഷനില്‍ ചാലക്കുടി വിജയഗിരി പബ്ലിക് സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി ആദിത്യ കെബി വിജയിയായി. കഴിഞ്ഞ വര്‍ഷത്തെ ടിസിഎസ് ഇന്‍ക്വിസിറ്റീവ് ക്വിസ് മത്സരത്തിന്റെ ദേശീയ തല വിജയി കൂടെയാണ് ആദിത്യ. കോത്തഗിരി സെന്റ് ജൂഡ്സ് പബ്ലിക് സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എന്‍.പി.വിസ്മയ കൊച്ചി എഡിഷന്‍ മത്സരത്തില്‍ രണ്ടാമതെത്തി. ടിസിഎസ് ഇന്‍ക്വിസിറ്റീവ് 2024 ക്വിസ് മത്സരത്തിന്റെ ദേശീയ ഫൈനലില്‍ കൊച്ചിയെ പ്രതിനിധീകരിച്ച് ആദിത്യയും വിസ്മയയും മറ്റ് 11 പ്രാദേശിക റൗണ്ടുകളിലെ വിജയികളുമായി മത്സരിക്കും.

8 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ 54 സ്‌കൂളുകളില്‍ നിന്നുള്ള 500 ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായര്‍, ടിസിഎസ് വൈസ് പ്രസിഡന്റും കേരള ഡെലിവറി സെന്റര്‍ മേധാവിയുമായ ദിനേശ് തമ്പി എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ടിസിഎസ് ഇന്‍ക്വിസിറ്റിവില്‍ നമ്മുടെ യുവതലമുറ പ്രദര്‍ശിപ്പിച്ച അറിവും കഴിവും ഊര്‍ജ്ജവും അവര്‍ ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളുമായി പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നുവെന്നും ഇത് രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷ നല്‍കുന്നുവെന്നും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായര്‍ പറഞ്ഞു. പഠിക്കുന്നതിനും അറിവ് പങ്കിടുന്നതിനുമുള്ള മികച്ച പ്ലാറ്റ്‌ഫോമാണ് ടിസിഎസ് ഇന്‍ക്വിസിറ്റീവ് എന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളില്‍ ജിജ്ഞാസയും സാങ്കേതിക പഠനവും വളര്‍ത്തിക്കൊണ്ട് ടിസിഎസ് എപ്പോഴും യുവ പ്രതിഭകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പരീക്ഷിക്കാനും ദേശീയ വേദിയില്‍ പ്രദര്‍ശിപ്പിക്കാനും ടിസിഎസ് ഇന്‍ക്വിസിറ്റീവ് മികച്ച അവസരമാണ് നല്‍കുന്നതെന്നും ടിസിഎസ് വൈസ് പ്രസിഡന്റും കേരള ഡെലിവറി സെന്റര്‍ ഹെഡുമായ ദിനേശ് തമ്പി പറഞ്ഞു.