ആലപ്പുഴ: നിലവിലുള്ള ജില്ലാ കോടതി പാലം പുനര്‍നിര്‍മ്മിക്കുന്നതിനായി പൊളിക്കുന്നതിനു മുന്‍പ് തന്നെ വാഹന ഗതാഗതം തിരിച്ചു വിടുന്നതിന്റെ ഭാഗമായി സമീപ ഇടവഴികള്‍ അടക്കമുള്ള തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയും വൃക്ഷ ശിഖരങ്ങള്‍ വെട്ടിനീക്കിയും കഴിവതും സഞ്ചാരം സുഗമമാക്കണമെന്ന് മാസങ്ങള്‍ക്ക് മുന്‍പേ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തത് ഖേദകരമാണെന്ന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടിആര്‍എ) ചൂണ്ടിക്കാട്ടി. എല്ലാ സമീപ വഴികളിലും തിരക്ക് ക്രമതീതമായി ഉയരുമെന്നുള്ളത് സ്പഷ്ടമാണെങ്കിലും നിസംഗതയാണ് അധികാരികളെ നയിക്കുന്നത്. പാലം പൊളിക്കല്‍ തീയതി മാറ്റിവെച്ചുകൊണ്ടിരുന്നിട്ടും ഇതുവരെ മുന്നൊരുക്കങ്ങളില്ല.

യാത്രക്കാര്‍ ഇനി കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നതും വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഒരുമിച്ച് പോകാന്‍തക്ക ഇടമില്ലാത്തതുമായ ഇടവഴികള്‍ പൊട്ടിപ്പൊളിഞ്ഞും കുണ്ടുംകുഴിയുമായി കിടക്കുന്നത് ഗതാഗതം ആകെ ക്‌ളേശകരമാക്കുമെന്ന് ടിആര്‍എ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ എടുത്തുകാട്ടി. ഇപ്പോള്‍ തന്നെ അപകടങ്ങള്‍ക്ക് സാധ്യതയേറി.

വര്‍ഷങ്ങള്‍ നീണ്ടേക്കാവുന്ന സ്ഥിരം ഗതാഗതക്കുരുക്കുകള്‍ മുന്‍കൂട്ടി ഒഴിവാക്കാന്‍ ഏര്‍പ്പാടുകള്‍ സ്വീകരിക്കാത്തത് ജനാധിപത്യവിരുദ്ധമാണ്. അതിനായി സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും റോഡിലുള്ള പാര്‍ക്കിംഗ് നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്. ട്രാഫിക് പോലീസിന്റെ കൃത്യമായ ഗതാഗത നിയന്ത്രണത്തോടൊപ്പം പെറ്റി കേസ് വേട്ട കഴിവതും ഒഴിവാക്കണം. അനധികൃത വഴി വാണിഭവും മാര്‍ഗതടസം സൃഷ്ടിക്കുന്ന ഏച്ചുകെട്ടലുകളും തൂണുകളും മറ്റും നിശ്ചയമായും നീക്കം ചെയ്യണം.

ജില്ലാ കോടതി - കിടങ്ങാംപറമ്പ് - കോര്‍ത്തശേരി - ഫിനിഷിംഗ് പോയിന്റ് റോഡിന്റെയും അതിലേക്ക് എത്തിച്ചേരുന്ന കിടങ്ങാംപറമ്പ് - ബോട്ട് ജെട്ടി ഇടറോഡ് അടക്കമുള്ള വഴികളിലേയും വിവിധ തടസ്സങ്ങളാണ് ഉടനടി ഒഴിവാക്കേണ്ടതെന്ന് ടിആര്‍എ സൂചിപ്പിച്ചു. അടിയന്തിരമായി ടാറിംഗ് നടത്തുകയും തടസ്സമായ മരച്ചില്ലകള്‍ ഒഴിവാക്കുകയും വേണം.