കൊച്ചി: കേരളത്തിലെ പൊക്കാളി നിലങ്ങളില്‍ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സംയോജിത നെല്ല്-മത്സ്യ കൃഷിയുടെ സാധ്യതകള്‍ വിലയിരുത്താന്‍ വിശദമായ ശാസ്ത്രീയ പഠനം ആവശ്യമാണെന്ന് കേന്ദ്ര കൃഷി സഹമന്ത്രി രാംനാഥ് താക്കൂര്‍. കര്‍ഷകരുടെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും വരുമാനം വര്‍ധിപ്പിക്കുന്ന രീതിയില്‍ പൊക്കാളി കൃഷി കാര്യക്ഷമമാക്കാന്‍ ഇത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

നിലവിലെ സീസണല്‍ നിയന്ത്രണങ്ങള്‍ക്ക് പകരം വര്‍ഷം മുഴുവന്‍ മത്സ്യകൃഷി അനുവദിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പൊക്കാളി പാടങ്ങള്‍ സന്ദര്‍ശിച്ച വേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. നിലവില്‍, ഉപ്പുവെള്ളത്തിന്റെ അംശം കുറവുള്ള ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ നെല്‍കൃഷിയും, ലവണാംശം കൂടുതലുള്ള നവംബര്‍ മുതല്‍ ഏപ്രില്‍ വരെ മത്സ്യകൃഷിയുമാണ് അനുവദിച്ചിട്ടുള്ളത്.

നിലവിലുള്ള നിയമങ്ങള്‍, പരിസ്ഥിതി ആഘാതങ്ങള്‍, ദീര്‍ഘകാല സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ എന്നിവ സമഗ്രമായി വിലയിരുത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ നടപടി എടുക്കാനാകൂവെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.

ഉല്‍പ്പാദനക്ഷമത, കര്‍ഷകരുടെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും ഉപജീവനമാര്‍ഗ്ഗം, പരിസ്ഥിതി സംരക്ഷണം എന്നിവ തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശാസ്ത്രീയമായ വിലയിരുത്തലുകള്‍ അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.സിഎംഎഫ്ആര്‍ഐയുടെ കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാന കേന്ദ്രമാണ് (കെവികെ) കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം ഏകോപിപ്പിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍, വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സംയോജിത കൃഷിയുടെ സാധ്യതകള്‍ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കാന്‍ കെ.വി.കെ തയ്യാറാണെന്ന് സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. ഇതിനായി കുറഞ്ഞത് 50 ഏക്കര്‍ എങ്കിലും വരുന്ന പൊക്കാളി നിലത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര മന്ത്രി സിഎംഎഫ്ആര്‍ഐയിലും സന്ദര്‍ശനം നടത്തി. സിഎംഎഫ്ആര്‍ഐയുടെയും നാളികേര വികസന ബോര്‍ഡിന്റെയും പ്രവര്‍ത്തനങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും വിലയിരുത്തി.

പട്ടാളപ്പുഴു ഉപയോഗിച്ച് നിര്‍മിച്ച സിഎംഎഫ്ആര്‍ഐയുടെ ഗ്രീന്‍ ഓര്‍ഗാനിക് കമ്പോസ്റ്റ് മന്ത്രി പ്രകാശനം ചെയ്തു. ഡിസൈനര്‍ പേള്‍ പ്രൊഡക്ഷന്‍ സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രസിദ്ധീകരണവും സിഫ്റ്റ് വികസിപ്പിച്ച ഉല്‍പ്പന്നങ്ങളും ചടങ്ങില്‍ പുറത്തിറക്കി.ഹോര്‍ട്ടികള്‍ച്ചര്‍ കമ്മീഷണര്‍ പ്രഭാത് കുമാര്‍, സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ്, സിഫ്റ്റ് ഡയറക്ടര്‍ ഡോ ജോര്‍ജ് നൈനാന്‍, ഡോ ശോഭ ജോ കിഴക്കൂടന്‍ പ്രസംഗിച്ചു.