കേരളത്തിലെ പൊതുജനങ്ങള്‍ക്ക് അമേരിക്കന്‍ സംസ്‌കാരത്തെയും വിദ്യാഭ്യാസത്തെയും കുറിച്ച് അറിവ് പകരുന്ന ഇടമായി വിഭാവനം ചെയ്യപ്പെട്ട ''അമേരിക്കന്‍ കോര്‍ണര്‍'' ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റ് ജനറലും കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും (CUSAT) ചേര്‍ന്ന് ഇന്ന് കുസാറ്റ് ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്തു.

ഇതോടെ ''അമേരിക്കന്‍ സ്പേസസ്'' എന്ന പേരില്‍ യു.എസ്. ഗവണ്‍മെന്റ് ലോകമെമ്പാടും നടത്തുന്ന അറുനൂറോളം സാംസ്‌കാരിക-വൈജ്ഞാനിക കേന്ദ്രങ്ങളുള്ള ശൃംഖലയുടെ ഭാഗമായി മാറി കുസാറ്റിലെ ഈ അമേരിക്കന്‍ കോര്‍ണര്‍. അമേരിക്കന്‍ സംസ്‌കാരത്തെയും വിദ്യാഭ്യാസത്തെയും കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യമുള്ള സമൂഹങ്ങള്‍ക്ക് സൗജന്യവും തുറവിയുള്ളതുമായ അറിവും മാര്‍ഗ്ഗങ്ങളും പകര്‍ന്ന് നല്‍കുന്ന ഇടങ്ങളാണ് അമേരിക്കന്‍ സ്പേസസ് പ്രദാനം ചെയ്യുന്നത്.

യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ കാര്യാലയത്തിലെ പബ്ലിക് അഫയേഴ്സ് ഓഫീസര്‍ ജീന്‍ ബ്രിഗാന്റി, കുസാറ്റ് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരി എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.

ജീന്‍ ബ്രിഗാന്റി പറഞ്ഞു, ''കുസാറ്റിലെ അമേരിക്കന്‍ കോര്‍ണര്‍ കൊച്ചി യുണൈറ്റഡ് സ്റ്റേറ്റ്‌സും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാക്കിക്കൊണ്ട് നവീനപാതകള്‍ തുറക്കുന്നതിനും വിജ്ഞാനശേഖരണത്തിനും സാംസ്‌കാരിക കൈമാറ്റങ്ങള്‍ക്കുമുള്ള ഒരു മികച്ച കേന്ദ്രമായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് ആരംഭിക്കുകയാണ്. ഈ പുതിയ അമേരിക്കന്‍ കോര്‍ണറിന്റെ പ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ അമേരിക്കന്‍ സെന്റര്‍ നേരിട്ട് പിന്തുണക്കും. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും STEAM (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, കല, ഗണിതം) മേഖലകളിലുള്ള ശാക്തീകരണത്തിലും ഏവര്‍ക്കും പ്രായോഗിക പഠന അവസരങ്ങള്‍, സമൂഹ നന്മക്കായി STEAM മേഖലകളുടെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും ശാസ്ത്രത്തിലേക്കുള്ള വഴി എളുപ്പമാക്കുന്നതിലും മാറ്റം കൊണ്ടുവരുന്നവരുടെ അടുത്ത തലമുറയെ വളര്‍ത്തുന്നതിലും അമേരിക്കന്‍ സെന്ററും കുസാറ്റും ഒരേ പോലെ പ്രതിബദ്ധരാണ്.''

അമേരിക്കന്‍ കോര്‍ണര്‍ കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍ സൗജന്യവും എല്ലാവര്‍ക്കും പ്രവേശനമുള്ളതുമായിരിക്കും. അമേരിക്കന്‍ കോര്‍ണറിന്റെ ഉദ്ഘാടന പരിപാടികളില്‍ ഒന്നാണ് കുസാറ്റിലെ സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി (C-SiS) 'യംഗ് ഇന്നവേറ്റേഴ്സ് ലാബ്'' എന്ന പേരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന റോബോട്ടിക്സും 3D പ്രിന്റിംഗും ഉള്‍പ്പെട്ട പ്രായോഗിക ശില്‍പശാലാ പരമ്പര. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ കേരള സര്‍ക്കാരുമായി സഹകരിച്ച് സംരംഭകര്‍ക്ക് വേണ്ടി ഒരു ബിസിനസ് കമ്യൂണിക്കേഷന്‍ ശില്‍പശാലയും നടത്തുന്നുണ്ട്. അന്താരാഷ്ട്ര പത്രങ്ങള്‍, ജേര്‍ണലുകള്‍, മാസികകള്‍, ഇ-പുസ്തകങ്ങള്‍, പ്രബന്ധങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിവ ലഭ്യമാക്കുന്ന ഇ-ലൈബ്രറിUSA എന്ന ഡിജിറ്റല്‍ സേവനവും അമേരിക്കന്‍ കോര്‍ണര്‍ കൊച്ചിയില്‍ ലഭ്യമാകും. ഇത്തരം ഡിജിറ്റല്‍ ശ്രോതസ്സുകളുടെ പരമാവധി ഉപയോഗം ഉറപ്പുവരുത്താനായി കുസാറ്റിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പരിശീലന പരിപാടിയും ഉദ്ഘാടന ദിവസം നടന്നു.

കൃത്രിമ ബുദ്ധി, മെഷീന്‍ ലേര്‍ണിംഗ് വിഷയങ്ങളില്‍ ചെന്നൈയിലെ ഐ.ഐ.ടി. മദ്രാസുമായി ചേര്‍ന്ന് ഒരു ശില്പശാല 2025-ല്‍ അമേരിക്കന്‍ കോര്‍ണര്‍ കൊച്ചി സംഘടിപ്പിക്കും. അമേരിക്കന്‍ വിദ്യാഭ്യാസത്തെപ്പറ്റി എജ്യുക്കേഷന്‍ യു.എസ്.എ. വിഭാഗം നടത്തുന്ന സെഷനുകളും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ യു.എസ്. ഫുള്‍ബ്രൈറ്റ് പ്രോഗ്രാമുകള്‍ ഉള്‍പ്പെടെയുള്ള എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളില്‍ യു.എസ്.-ഇന്ത്യ എജ്യുക്കേഷന്‍ഫൗണ്ടേഷന്‍ (യു.എസ്.ഐ.ഇ.എഫ്.) മുഖാന്തിരം നടത്തുന്ന ശില്‍പശാലകളും ഭാവിപരിപാടികളില്‍ ഉണ്ടാകും.

കുസാറ്റിലെ സ്റ്റുഡന്റ് അമിനിറ്റി സെന്ററിലാണ് അമേരിക്കന്‍ കോര്‍ണര്‍ കൊച്ചി സ്ഥിതിചെയ്യുന്നത്. രണ്ടാം ശനിയാഴ്ചകളും പൊതു അവധികളും ഒഴികെ എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പൊതുജനത്തിനായി തുറന്ന് പ്രവര്‍ത്തിക്കും.