പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി, വടക്കന്‍ പറവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ചിരകാല സ്വപ്നമായ ജി.എ. മേനോന്‍ സ്‌പോര്‍ട്‌സ് ഹബ് യാഥാര്‍ഥ്യമാക്കി. ഇതോടെ തങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി എസ് ആര്‍) പ്രവര്‍ത്തന മേഖലയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി കമ്പനി തുന്നിച്ചേര്‍ത്തിരിക്കുകയാണ്.

കേരളത്തിലുടനീളമുള്ള വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി യു എസ് ടി തങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങള്‍ നടപ്പാക്കി വരുന്നുണ്ട്. മികച്ച കായികതാരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ സ്‌പോര്‍ട്‌സ് ഹബ്ബ് സജ്ജമാക്കിയത്. യു എസ് ടി യുടെ സ്ഥാപക ചെയര്‍മാന്‍ ജി.എ. മേനോന്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു.

നവീകരിച്ച സ്‌കൂള്‍ മൈതാനം, മഡ്ഡ് ഫുട്‌ബോള്‍ കോര്‍ട്ട്, 100 മീറ്റര്‍, 200 മീറ്റര്‍ അത്ലറ്റിക് ട്രാക്ക്, വോളീബോള്‍ കോര്‍ട്ട്, ലോങ്ങ് ജമ്പ് പിറ്റുകള്‍, ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍ എന്നിവ ഉള്‍പെടുന്നതാണ് കമ്പനി നിര്‍മ്മിച്ച് കൈമാറിയ പുതിയ ജി എ മേനോന്‍ സ്‌പോര്‍ട്‌സ് ഹബ്ബ്. സ്‌കൂളിന്റെയും, വിദ്യാര്‍ഥികളുടെയും ദീഘനാളത്തെ സ്വപ്നമായിരുന്നു സര്‍വ്വ സജ്ജീകരണങ്ങളോടെയുള്ള സ്‌പോര്‍ട്‌സ് ഹബ്ബ്. ഡെയ്ല്‍ വ്യൂവിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.

ജനുവരി 14-ന് സ്‌കൂളില്‍ വച്ച് നടന്ന സ്‌പോര്‍ട്‌സ് ഹബ്ബിന്റെ ഉദ്ഘാടന ചടങ്ങില്‍ പറവൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ബീന ശശിധരന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, ഹൈബി ഈഡന്‍ എം.പിയും സംയുക്തമായാണ് സ്‌പോര്‍ട്‌സ് ഹബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സുപ്രസിദ്ധ ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍ മുഖ്യാതിഥിയായി.

യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ്‌റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ സ്‌പോര്‍ട്‌സ് ഹബ്ബ് വിദ്യാര്‍ഥികള്‍ക്ക് കൈമാറി. ജി.എച്ച്.എസ്.എസ്. പറവൂറുമായി അടുത്ത ബന്ധമാണ് യു എസ് ടി യ്ക്ക് ഉള്ളതെന്നും, യു എസ് ടി യുടെ സ്ഥാപക ചെയര്‍മാനായ ജി. എ. മേനോന്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.

'പഠനത്തിലും, കായിക മത്സരങ്ങളിലും പ്രതിഭാധനരായ നിരവധി വിദ്യാര്‍ഥികളെ വാര്‍ത്തെടുത്ത വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. പറവൂര്‍. വിദ്യാലയത്തിനായി സ്‌പോര്‍ട്‌സ് ഹബ്ബ് യാഥാര്‍ഥ്യമാക്കാന്‍ യു എസ് ടിയ്ക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷമുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കായിക പ്രതിഭകളെ സ്‌കൂളിന് വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' സുനില്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

തുടര്‍ന്ന് ജി.എച്ച്.എസ്.എസ്. പറവൂരും, ജി.എച്ച്.എസ്.എസ്. പുതിയകാവും തമ്മിലുള്ള പ്രദര്‍ശന ഫുട്‌ബോള്‍ മത്സരവും നടന്നു.

യു എസ് ടിയുടെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജി എച്ച് എസ് എസ് പറവൂരിലെ 25 വിദ്യാര്‍ഥികള്‍ക്ക് ജി.എ മേനോന്‍ സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നു.ചൊവ്വാഴ്ച നടന്ന സ്‌പോര്‍ട്‌സ് ഹബ്ബിന്റെ കൈമാറ്റചടങ്ങില്‍ ജി.എച്ച്.എച്ച്.എസ്.എസ്. വടക്കന്‍ പറവൂര്‍ ഹെഡ്മിസ്ട്രസ് സിനി എ.എസ്; മുന്‍ മന്ത്രി എസ് ശര്‍മ, മുന്‍ എം.പി. ഡോ. കെ.പി.ധനപാലന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുനില്‍കുമാര്‍.വി, പി ടി എ പ്രസിഡന്റ് പി.എ.മുഹമ്മദ് അഷ്റഫ്. പറവൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എം.ജെ. രാജു, എറണാകുളം ജില്ലാ പഞ്ചായത്തംഗം എ.എസ്. അനില്‍കുമാര്‍, പറവൂര്‍ നഗരസഭ പ്രതിപക്ഷനേതാവ് ടി. വി. നിഥിന്‍, പറവൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ജെ.ഷൈന്‍, പറവൂര്‍ നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജി നമ്പിയത്ത്, പറവൂര്‍ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ഇ.ജി. ശശി, ശതോത്തര സുവര്‍ണ ജൂബിലി ചെയര്‍മാന്‍ രമേശ് ഡി. കുറുപ്പ്, ഡെയ്ല്‍ വ്യൂ ഡയറക്ടര്‍ സി. എസ്. ഡിപിന്‍ ദാസ്, പി.ടി.എ വൈസ് പ്രസിഡന്റ് ബി. അനില്‍ കുമാര്‍, പൂര്‍വവിദ്യാര്‍ഥി അസോസിയേഷന്‍ സെക്രട്ടറി ജോസ് തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യു എസ് ടി ട്രിവാന്‍ഡ്രം സെന്റര്‍ ഹെഡ് ശില്പ മേനോന്‍, സിഎസ്ആര്‍ അംബാസഡര്‍ സോഫി ജാനറ്റ്, ലീഡ്-പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് - കേരളം റോഷ്നി ദാസ് കെ, സിഎസ്ആര്‍ അസോസിയേറ്റ് വിനീത് മോഹനന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു