തിരുവനന്തപുരം, 2025 ജൂലായ് 03: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന് ഏകദേശം 12 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ സംഭാവന ചെയ്തു.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്, യൂറോളജി ശസ്ത്രക്രിയകള്‍ക്ക് അത്യാവശ്യമായ ഹോപ്കിന്‍സ് ടെലിസ്‌കോപ്പ് 0°, 4 എംഎം, 30 സെ.മീ, ഹോപ്കിന്‍സ് ടെലിസ്‌കോപ്പ് 30°, 4 എംഎം, 30 സെ.മീ എന്നിവ യുഎസ് ടി കൈമാറി. സിസ്റ്റോസ്‌കോപ്പുകള്‍ എന്നറിയപ്പെടുന്ന ഈ ടെലിസ്‌കോപ്പുകള്‍ സിസ്റ്റോസ്‌കോപ്പി, ടിയുആര്‍പി നടപടിക്രമങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണ്. ഒരു വശത്ത് ലെന്‍സോ ക്യാമറയോ ഉള്ള നേര്‍ത്ത ഒപ്റ്റിക്കല്‍ ഉപകരണങ്ങളായ ഇവ ഉപയോഗിച്ച് യൂറോളജിസ്റ്റുകള്‍ക്ക് ആന്തരാവയവങ്ങള്‍ പരിശോധിക്കാനും ചികിത്സാക്രമങ്ങള്‍ നടപ്പിലാക്കാനും സാധിക്കുന്നു.

ഡോ. ഹാരിസിന്റെ അഭ്യര്‍ത്ഥന മാനിച്ച് മാര്‍ച്ചില്‍ യുഎസ് ടി ഈ ഉപകരണങ്ങള്‍ കൈമാറുന്നതിനുള്ള വഴിയൊരുക്കുകയായിരുന്നു. ജൂലായ് 2, 2025 ന് യുഎസ് ടി ഉദ്യോഗസ്ഥര്‍ ഈ ഉപകരണങ്ങള്‍ യൂറോളജി വകുപ്പിന് കൈമാറി. യുഎസ് ടി യില്‍ നിന്ന് ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയായ സുനില്‍ ബാലകൃഷ്ണന്‍, വര്‍ക്ക് പ്‌ളേസ് മാനേജ്മെന്റ്‌റ് ആന്‍ഡ് ഓപ്പറേഷന്‍സ് സീനിയര്‍ ഡയറക്ടര്‍ ഹരികൃഷ്ണന്‍ മോഹന്‍കുമാര്‍ ജയശ്രീ; സിഎസ്ആര്‍ ലീഡ് വിനീത് മോഹനന്‍, കേരള പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ നിന്ന് റോഷ്നി ദാസ് കെ എന്നിവരും, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍; സൂപ്രണ്ട് ഡോ. സുനില്‍ കുമാര്‍ ബി എസ്, യൂറോളജി പ്രൊഫസര്‍ ഡോ. ഹാരിസ് ചിറക്കല്‍ എന്നിവരും സന്നിഹിതരായിരുന്നു.

''തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വകുപ്പിന് ആവശ്യമായ ഉപകരണങ്ങള്‍ സംഭാവന ചെയ്യാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇതു സംബന്ധിച്ച ഡോ.ഹാരിസിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്, യുഎസ് ടി അത് അവലോകനം ചെയ്യുകയും രണ്ട് സിസ്റ്റോസ്‌കോപ്പുകള്‍ ലഭ്യമാക്കുകയും ചെയ്തു,'' യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

'തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ നടത്തുന്ന ശസ്ത്രക്രിയകള്‍ക്ക് സഹായകമാകുന്ന രണ്ട് സിസ്റ്റോസ്‌കോപ്പുകള്‍ യുഎസ് ടി വേഗത്തില്‍ കൈമാറിയതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി തൊഴില്‍ദാതാവില്‍ നിന്നുള്ള ഈ നടപടി വലിയ സഹായമായാണ് കാണുന്നത്,' തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ പറഞ്ഞു.