തിരുവനന്തപുരം, ഒക്ടോബര്‍ 15, 2025: പ്രമുഖ എ ഐ , ടെക്നോളജി ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി സംഘടിപ്പിച്ച ആഗോള ഹാക്കത്തോണിന്റെ അഞ്ചാം പതിപ്പായ ഡീകോഡ് 2025 ന്റെ വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യ, യു എസ്, യു കെ, മെക്‌സിക്കോ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഡീക്കോഡില്‍ 2,900-ലധികം കോളേജുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നുമായി 6,600-ലധികം ടീമുകളിലായി 25,000 പേര്‍ പങ്കെടുത്തു. 2,600 നൂതന ആശയങ്ങള്‍ സമര്‍പ്പിക്കപ്പെട്ട മത്സരങ്ങളില്‍ പങ്കെടുത്ത ഓരോ രാജ്യത്തില്‍ നിന്നുമുള്ള വിജയികളെ കണ്ടെത്തുകയും, അവരില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച ഒരു ആഗോള വിജയിയെ തിരഞ്ഞെടുക്കുകയും ചെയ്തു.

'ലോകത്തിന് ഉപകാരപ്രദമാക്കുന്ന സാങ്കേതിക വിദ്യയിലൂന്നിയുള്ള മികവ് ഡീകോഡില്‍ കാണാനായി. ഡാറ്റ, ജെന്‍ എ ഐ, ഭാവിയുടെ സാങ്കേതികവിദ്യകള്‍ എന്നിവ അധിഷ്ഠിതമാക്കി ഐടി മേഖലയ്ക്കും സമൂഹത്തിനും ഉപകാരപ്രദമാകുന്ന വിധത്തില്‍ പ്രോട്ടോടൈപ്പുകള്‍ക്കപ്പുറം പോയി ഉത്തരവാദിത്തത്തോടെയുള്ളതും, സുരക്ഷിതമായതുമായ സൊല്യൂഷനലുകള്‍ നിര്‍മ്മിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയാണ് ഇവിടെ ഞങ്ങള്‍. ഈ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ദിശാബോധം സൃഷ്ടിക്കാനും, അവരെ ആഗോള സമൂഹവുമായി ബന്ധിപ്പിക്കാനും അവരുടെ നൂതന പദ്ധതികളില്‍ ഏറ്റവും മികച്ചത് കണ്ടെത്തുന്നതിനും കഴിഞ്ഞു എന്നത് ഞങ്ങളില്‍ ആവേശം ജനിപ്പിക്കുന്നു,' യുഎസ് ടി ചീഫ് ടെക്‌നോളജി ഓഫീസര്‍ നിരഞ്ജന്‍ രാംസുന്ദര്‍ പറഞ്ഞു.

തിരുവനന്തപുരം കോളേജ് ഒഫ് എഞ്ചിനീയറിങ്ങില്‍ നിന്നുള്ള 'പുലിമട' ടീമിലെ അംഗങ്ങളായ അശ്വിന്‍ പവിത്രന്‍, ലിന്റോ ജോമോന്‍, എല്‍സ്റ്റണ്‍ സാവിയോ, അഹരോണ്‍ മാത്യൂസ് എന്നിവരെ ഇന്ത്യയിലെ വിജയികളായി പ്രഖ്യാപിച്ചു. ഡാറ്റാബേസ് ടീമംഗങ്ങളായ ജൂണ്‍ ക്വാന്‍ ചിന്‍, യോങ് ജിയാങ് വൂണ്‍ എന്നിവര്‍ മലേഷ്യയില്‍ നിന്നുള്ള വിജയികളായപ്പോള്‍, സേഫ്വാക്ക് എ ഐ ടീമിലെ ക്രിസ് കാകോളിസ്, നഥാനിയേല്‍ ഫിഷര്‍, സ്വീയറ്റ് ലാറ്റ്വിക്ക്, മാരിയോസ് വൊവിഡേസ് എന്നിവര്‍ യു കെ യില്‍ നിന്നുള്ള വിജയികളായി. ജാക്ക ടീം അംഗങ്ങളായ ആന്ദ്രേ മാര്‍ട്ടിനെസ് ആല്‍മസാന്‍, ജോസ്വേ ടാപ്പിയ, എമിലിയോ മാര്‍ട്ടിനെസ്, ഡിയേഗോ ആരെക്കിഗാ എന്നിവരെ മലേഷ്യയില്‍ നിന്നുള്ള വിജയികളായി തിരഞ്ഞെടുത്തു. ന്യൂറല്‍ നാവിഗേറ്റേഴ്സ് ടീമിലെ നാഗുര്‍ ഷെരീഫ് ഷെയ്ഖ് (ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി) , വന്ദന രാജ്പാല്‍ (സ്റ്റീവന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ന്യൂ ജേഴ്സി) എന്നിവരെ യു എസില്‍ നിന്നുള്ള വിജയികളായി പ്രഖ്യാപിച്ചു.

ഓരോ മേഖലയില്‍ നിന്നുമുള്ള വിജയികള്‍ ഗ്രാന്‍ഡ് ജൂറിക്ക് മുമ്പാകെ തങ്ങളുടെ പ്രോജക്ടുകള്‍ അവതരിപ്പിച്ചു. ഇതേത്തുടര്‍ന്ന് യുഎസില്‍ നിന്നുള്ള ന്യൂറല്‍ നാവിഗേറ്റേഴ്സ് ടീമിന്റെ എന്‍ട്രിയായ പ്രിസം: പ്രെഡിക്റ്റീവ് ആന്‍ഡ് റിപ്പോര്‍ട്ടിംഗ് ഇന്‍സൈറ്റ്സ് വിത്ത് സയന്‍സ് ആന്‍ഡ് മോഡല്‍സിനെ ആഗോള വിജയിയായി തിരഞ്ഞെടുത്തു. ഒക്ടോബര്‍ 16 ന് തിരുവനന്തപുരത്ത് നടക്കുന്ന യുഎസ് ടി യുടെ ഡി3 കോണ്‍ഫറന്‍സില്‍ ന്യൂറല്‍ നാവിഗേറ്റേഴ്സ് തങ്ങളുടെ പ്രോജക്റ്റ് അവതരിപ്പിക്കും. ആഗോളതലത്തില്‍ വിജയിയായി പ്രഖ്യാപിച്ച ടീമിന് 10,000 യുഎസ് ഡോളറും പ്രാദേശിക വിജയികള്‍ക്ക് സമ്മാനത്തുകയും ലഭിക്കും. ഇന്ത്യ ഹാക്കത്തോണില്‍ വിജയിച്ച ടീമിന് മൂന്നു ലക്ഷം രൂപയും ഒന്നാം റണ്ണര്‍ അപ്പിന് രണ്ടു ലക്ഷം രൂപയും രണ്ടാം റണ്ണര്‍ അപ്പിന് ഒരു ലക്ഷം രൂപയും ലഭിക്കും. ഇന്ത്യയില്‍ നിന്നുള്ള മുന്‍നിര ടീമുകളിലെ അംഗങ്ങള്‍ക്ക് യുഎസ് ടിയുടെ ഇന്ത്യ കേന്ദ്രങ്ങളില്‍ ഉപാധികളോടെ ജോലി അവസരവും നല്‍കും.

പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഡി3, യുഎസ് ടി ജീവനക്കാര്‍ക്കായുള്ള ഒരു ആഗോള ഒത്തുചേരലാണ്. നവ യുഗ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പങ്കുവയ്ക്കാനുമുള്ള വേദിയാണ് ഇത്. ഡി3യില്‍ ഈ വര്‍ഷം, ഹാക്കത്തോണിനെ കൂടാതെ ടെക് എക്സ്പോ, ഉപഭോക്തൃ പ്രദര്‍ശനങ്ങള്‍, പ്രോഗ്രാമിംഗ് തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡി3 യില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐ ടി മേഖലയിലെ ഏറ്റവും മികച്ച പ്രഫഷണലുകളെ കാണാനും സംവദിക്കാനുമുള്ള അവസരമുണ്ടാകും.

ഡാറ്റ, ഇന്റലിജന്‍സ്, ക്വാണ്ടം നവീകരണം എന്നിവയുടെ സംഗമം വഴി ആവിഷ്‌കാരത്തിനും പുനരാവിഷ്‌കരണത്തിനും ഉപഭോക്തൃമൂല്യത്തിനും വഴിതെളിക്കുന്ന കമ്പനിയുടെ ദൗത്യം അവതരിപ്പിച്ചു കൊണ്ട് യു എസ് ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ സുധീന്ദ്ര ഈ വര്‍ഷത്തെ ഡി 3 ഗ്ലോബല്‍ ടെക്നോളജി കോണ്‍ഫറന്‍സില്‍ സംസാരിക്കും. എജന്റിക് എഐ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഇന്റലിജന്റ് ഡാറ്റ ഇക്കോസിസ്റ്റംസ് എന്നിവ ഐ ടി മേഖലയിലെ പരിവര്‍ത്തനം വേഗത്തിലാക്കുകയും പുതുഅവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന രീതിയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കും.

''2016 മുതല്‍, ഡി3 യു എസ് ടിയുടെ മുന്‍ നിര ഗ്ലോബല്‍ ടെക്നോളജി സമ്മേളനമായി മാറിയിരിക്കുകയാണ്. ഈ വര്‍ഷം പങ്കെടുത്തവര്‍ക്ക് പുതിയ സാങ്കേതിക മുന്നേറ്റങ്ങളും നവീകരണങ്ങളും കണ്ടെത്താനും, ഈ മേഖലയിലെ പ്രമുഖരില്‍ നിന്ന് വിലപ്പെട്ട അറിവുകള്‍ നേടാനും മികച്ച അവസരമായിരിക്കും,'' എന്ന് യു എസ് ടി പ്രസിഡന്റ് മനു ഗോപിനാഥ് പറഞ്ഞു. ''ലോകമെമ്പാടുമുള്ള യു എസ് ടിയുടെ പ്രതിഭകളെ ഒന്നിപ്പിക്കുന്ന ഈ വേദി, ആഗോളതലത്തിലുള്ള സഹകരണത്തെയും ബന്ധങ്ങളെയും കൂടുതല്‍ ശക്തിപ്പെടുത്തുന്നു,' അദ്ദേഹം പറഞ്ഞു.

നിരഞ്ജന്‍ റാം, ചീഫ് ടെക്‌നോളജി ഓഫീസര്‍, യു എസ് ടി; ഗ്രെഗ് വില്യംസ്, എഡിറ്റര്‍-ഇന്‍-ചീഫ്, വയേര്‍ഡ്; ബര്‍ഗസ് കൂപ്പര്‍, സൈബര്‍ സെക്യൂരിറ്റി സി ഇ ഒ, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്; ശിവാനി ആര്‍ണി, എന്റര്‍പ്രൈസ് സി ഐ എസ് ഒ, മഹീന്ദ്ര ഗ്രൂപ്പ്; ടോണി വെള്ളേക്ക, സി ഇ ഒ, സൈബര്‍പ്രൂഫ്; ധനേഷ് ദില്‍ഖുഷ്, സി ടി ഒ, മൈക്രോസോഫ്റ്റ് ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ; അഭിനവ് അഗര്‍വാള്‍, സ്ഥാപക-സി ഇ ഒ, ഫ്‌ലൂയിഡ് എ ഐ; കൈലാസ അട്ടാല്‍, ചീഫ് സൊല്യൂഷന്‍സ് ഓഫീസര്‍, യു എസ് ടി; എന്നിവരാണ് ഈ വര്‍ഷത്തെ ഡി 3 യില്‍ പങ്കെടുക്കുന്ന പ്രധാന പ്രഭാഷകരില്‍ ചിലര്‍.