തിരുവനന്തപുരം, ഒക്ടോബര്‍ 14, 2024: ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ജീവനക്കാര്‍ക്കിടയിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി ഞായറാഴ്ച സംഘടിപ്പിച്ച ട്രിവാന്‍ഡ്രം മാരത്തണ്‍, 5000 ത്തിലധികം പേരുടെ പങ്കാളിത്തം കൊണ്ട് വന്‍ വിജയമായി. ഇനി വരുന്ന വര്‍ഷങ്ങളിലെല്ലാം സംഘടിപ്പിക്കാനുദ്ദേശിക്കുന്ന യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണിന്റെ ആദ്യ പതിപ്പാണ് ഞായറാഴ്ച നടന്നത്. യു എസ് ടി യുടെ ഇരുപത്തി അഞ്ചാം സ്ഥാപക വാര്‍ഷികത്തോടനുബന്ധിച്ച് കൂടിയാണ് ഉദ്ഘാടന മാരത്തണ്‍ സംഘടിപ്പിച്ചത്. എന്‍ ഇ ബി സ്‌പോര്‍ട്‌സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍ 2024 നടന്നത്.

യു എസ് ടി ട്രിവാന്‍ഡ്രം കാമ്പസില്‍ നിന്ന് ആരംഭിച്ച മാരത്തണ്‍, നിശ്ചിത റൂട്ടുകളിലൂടെ സഞ്ചരിച്ച് യു എസ് ടി കാമ്പസിലേക്ക് മടങ്ങിയതോടെ സമാപിച്ചു. പരിചയ സമ്പന്നരായ മാരത്തണര്‍മാര്‍ക്ക് ഫുള്‍ മാരത്തണ്‍, ഹാഫ് മാരത്തണ്‍; വേഗതയേറിയ ഓട്ടക്കാര്‍ക്കും പുതിയ ഓട്ടക്കാര്‍ക്കും 10 കിലോമീറ്റര്‍ റണ്‍; 5 കിലോമീറ്റര്‍ ഫണ്‍ റണ്‍; നടത്തക്കാര്‍ക്കും, സാധാരണ ഓട്ടക്കാര്‍ക്കും 3 കിലോമീറ്റര്‍ ഫാമിലി റണ്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിന്റെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച മാരത്തണിന്റെ ദൂരം ഒരു എഐഎംഎസ്-സെര്‍ട്ടിഫൈഡ് കോഴ്‌സ് മെഷററിന്റെ സഹായത്തോടെയാണ് നിജപ്പെടുത്തിയിരുന്നത്.

പ്രൊഫഷണല്‍ അത്ലറ്റുമാര്‍ക്കും അമച്വര്‍ അത്ലറ്റുമാര്‍ക്കും അവരുടെ കഴിവുകള്‍ രേഖപ്പെടുത്താന്‍ അവസരമൊരുക്കുന്നതിനൊപ്പം, ആരോഗ്യ പരിപാലനം സംബന്ധിച്ച അവബോധം സൃഷ്ടിക്കാനും ഉതകുന്ന പരിപാടിയായി യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍ 2024. യു എസ് ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ സുധീന്ദ്ര മാരത്തണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍മാരായ മനു ഗോപിനാഥ്, അലക്സാണ്ടര്‍ വര്‍ഗീസ്, തിരുവനന്തപുരം കേന്ദ്രം മേധാവി ശില്പ മേനോന്‍, ബിസിനസ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ ഷെഫി അന്‍വര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഒളിമ്പ്യനും ദ്രോണാചാര്യ പുരസ്‌ക്കാര ജേതാവും പ്രകാശ് പദുകോണ്‍ അക്കാദമി ഡയറക്ടറുമായ വിമല്‍ കുമാര്‍; വായു സേന എയര്‍ മാര്‍ഷല്‍ സിന്‍ഹ, പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഐ പി എസ്, ഐ ജി ശ്യാം സുന്ദര്‍ ഐ പി എസ്, ടെക്നോപാര്‍ക്ക് സി ഇ ഒ സഞ്ജീവ് നായര്‍, ഓസ്‌ട്രേലിയ ഡെപ്യൂട്ടി കൗണ്‍സല്‍ ജെനറല്‍ ഡേവിഡ് എഗ്ഗ്ലെസ്റ്റണ്‍ തുടങ്ങിയവരും പങ്കെടുത്തു.

മാരത്തണില്‍ പങ്കാളികളായവരില്‍ 500 ഓളം പേര്‍ യു എസ് ടി യിലെ ജീവനക്കാരും മറ്റുള്ളവര്‍ പൊതു ജനങ്ങളുമായിരുന്നു. ആരോഗ്യകരമായ ജീവിതശൈലിയെപ്പറ്റിയുള്ള അവബോധം വളര്‍ത്തുന്നതിനും കമ്പനിയുടെ 25-ാം വാര്‍ഷികം ആഘോഷിക്കുന്നതിനും പുറമേ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും അശരണരുടെ ജീവിതങ്ങളില്‍ മികച്ച സ്വാധീനം ചെലുത്തുന്നതിലും മാരത്തണ്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വിവിധ വിഭാഗങ്ങളിലായി ആകെ 22 ലക്ഷം രൂപയാണ് വിജയികള്‍ സമ്മാനമായി നേടിയത്.

''അസാമാന്യവും മികവുറ്റതുമായ പരിപാടിയായിരുന്നു യു എസ് ടി മാരത്തണ്‍. പങ്കെടുത്ത ഓട്ടക്കാര്‍ക്കും, യു എസ് ടി, എന്‍ഇബി സ്പോര്‍ട്സ് എന്നിവരോടുമുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു. വരും വര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന ഇതു പോലെയുള്ള പരിപാടികളുടെ മുന്നോടിയായി യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍ 2024 നെ കാണുന്നു. ഞായറാഴ്ച നടന്ന മാരത്തണിലെ പങ്കാളിത്തം ഏറെ പ്രോത്സാഹനാജനകമാണ്, യുഎസ്ടിയില്‍ നിന്നുള്ള ഓട്ടക്കാരും പൊതുജനങ്ങളും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം ആവേശത്തോടെ സ്വീകരിക്കുകയും മരത്തണിന്റെ തുടക്കം മുതല്‍ ആ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു,'' യു എസ് ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അലക്സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു.

'തിരുവനന്തപുരത്ത് യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണിന്റെ ആദ്യ പതിപ്പ് സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. യു എസ് ടി ഒരു നല്ല പാര്‍ട്ണര്‍ ആയി, മാരത്തണില്‍ മികച്ച പങ്കാളിത്തം ഉറപ്പാക്കാന്‍ ഞങ്ങളുമൊത്ത് പ്രവര്‍ത്തിച്ചു. മാരത്തണ്‍ ഓട്ടം ഇന്ത്യയിലുടനീളം കൂടുതല്‍ പ്രചാരം നേടുന്ന ഈ കാലത്ത്, യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍ അതിവേഗം ഒരു ബൃഹത് പരിപാടിയായി ദേശീയതലത്തില്‍ത്തന്നെ വളരുമെന്ന് ഉറപ്പുണ്ട്,' എന്‍ ഇ ബി സ്‌പോര്‍ട്‌സ് റേസ് ഡയറക്ടര്‍ നാഗരാജ് അഡിഗ പറഞ്ഞു.

ശാരീരിക ക്ഷമതയും ആരോഗ്യപരമായ ജീവിത ശൈലിയും വളര്‍തുന്നതിന്റെ ആവശ്യകതയെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യം വച്ചുള്ള സന്ദേശവുമായി യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍ ഇനി മുതല്‍ വര്‍ഷം തോറും സംഘടിപ്പിക്കും.