കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ പഠിക്കുന്നതിനും ക്ഷേമപദ്ധതികള്‍ രൂപീകരിച്ച് സമര്‍പ്പിക്കുന്നതിനുമായി നിയമിച്ച ജെ.ബി.കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടാതെ രഹസ്യമാക്കി വെക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.

2025 ഫെബ്രുവരി 17ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ക്ഷേമപദ്ധതി രൂപീകരണം സംബന്ധിച്ച് വിലയിരുത്തല്‍ ചര്‍ച്ചകള്‍ നടന്നു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ശിപാര്‍ശകള്‍ ക്രോഡീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുവാനാണ് നീക്കമെന്നറിയുന്നു. റിപ്പോര്‍ട്ട് പുറത്തുവിടാതെ ക്ഷേമപദ്ധതി പ്രഖ്യാപനം നടത്തുന്നതിന്റെ പിന്നിലെ അജണ്ടകള്‍ സംശയത്തോടെ മാത്രമേ കാണാനാവൂ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ജെ.ബി.കോശി കമ്മീഷനെ വെച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഇടതുപക്ഷ മുന്നണിക്കായി. വരാന്‍ പോകുന്ന തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ട് ക്രൈസ്തവ വോട്ടുകള്‍ നേടാനുള്ള തന്ത്രമായി ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളെ ഉപയോഗിക്കാനുള്ള അണിയറ നീക്കങ്ങള്‍ സംശയത്തോടെ കാണുന്നു. കേരളത്തിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നീതിയും ക്ഷേമവും ഉറപ്പാക്കുവാന്‍ സര്‍ക്കാരിന്റെ ക്രൈസ്തവപദ്ധതി പ്രഖ്യാപനങ്ങള്‍ക്കാകണമെന്നും പൊതുസമൂഹത്തിന്റെ അറിവിലേയ്ക്ക് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായി പുറത്തുവിടണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.