കൊച്ചി: സഭയിലെ അല്മായ വിശ്വാസിസമൂഹത്തെ എക്കാലവും ഏറെ സ്നേഹത്തോടും വാത്സല്യത്തോടും ചേര്‍ത്തുപിടിച്ച പിതാവായിരുന്നു ഫ്രാന്‍സീസ് മാര്‍പാപ്പയെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

ആത്മീയ സാമൂഹ്യ മേഖലകളില്‍ ആഗോളതലത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും മാനവരാശിയുടെ നന്മയ്ക്കും സ്നേഹത്തിനും സമാധാനത്തിനുംവേണ്ടി ഉറച്ച നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുള്ള ഫ്രാന്‍സീസ് മാര്‍പാപ്പയുടെ വേര്‍പാട് കത്തോലിക്കാസഭയ്ക്കു മാത്രമല്ല ലോകസമൂഹത്തിനൊന്നാകെ തീരാനഷ്ടമാണ്.

യുവജനങ്ങള്‍, കുടുംബങ്ങള്‍, സര്‍വ്വോപരി ദൈവജനമൊന്നാകെ ഒരുമിച്ചുള്ള യാത്ര എന്നിങ്ങനെ കത്തോലിക്കാസഭയുടെ വളര്‍ച്ചയുടെ പാതയില്‍ സ്നേഹത്തിന്റെ നീര്‍ച്ചാലുകള്‍ ഒഴുക്കി ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും പാതതുറന്ന വ്യക്തിത്വം.

2013ല്‍ മാര്‍പാപ്പയായി സ്ഥാനമേറ്റതിനുശേഷം ഇന്ത്യയില്‍ നിന്ന് ആദ്യമായി ഫ്രാന്‍സിസ് മാര്‍പാപ്പ, അല്മായവര്‍ക്ക് ആഗോള കത്തോലിക്കാ സഭ നല്‍കുന്ന പരമോന്നത അംഗീകാരമായ ഷെവലിയര്‍ പദവി ലഭിച്ച വ്യക്തിയെന്ന നിലയില്‍ ഈ വേര്‍പാട് കൂടുതല്‍ നൊമ്പരങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.