നാഗ്പൂര്‍: ആര്‍എസ്എസ് ശതാബ്ദി പരിപാടികള്‍ക്ക് വിജയദശമിയോടെ തുടക്കമാകും. വിജയദശമി ദിനമായ ഒക്ടോബര്‍ രണ്ടിന് രാവിലെ 7.40 ന് നാഗ്പൂരിലെ രേശിംഭാഗ് മൈതാനത്ത് ചേരുന്ന പൊതു പരിപാടിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിശിഷ്ടാതിഥിയാകുമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വിജയദശമി സന്ദേശം നല്കും.

അതിഥികളായി രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖര്‍ വിജയദശമി മഹോത്സവത്തില്‍ പങ്കെടുക്കും. ഘാന, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, തായ്ലന്‍ഡ്, യുകെ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികളെത്തും. റിട്ട. ലഫ്റ്റനന്റ് ജനറല്‍ റാണാ പ്രതാപ് കലിത, ഡക്കാണ്‍ ഇന്‍ഡസ്ട്രീസ് എംഡി കെ.വി. കാര്‍ത്തിക്, ബജാജ് ഫിന്‍സര്‍വ് ചെയര്‍മാന്‍ സഞ്ജീവ് ബജാജ് തുടങ്ങിയവരും പങ്കെടുക്കും.

നൂറ് വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ സംഘം ജനഹൃദയങ്ങളുടെ ഭാഗമായി തീര്‍ന്നിട്ടുണ്ടെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു.വ്യക്തിനിര്‍മ്മാണത്തിലൂന്നിയാണ് ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍ ശാഖാ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഇന്ന് രാജ്യമൊട്ടാകെ സംഘശാഖകള്‍ വ്യാപിച്ചു. നാഗ്പൂരില്‍ ഡോക്ടര്‍ജിയുടെ വീട്ടില്‍ സംഘത്തിന് തുടക്കം കുറിച്ച് ചേര്‍ന്ന ആദ്യയോഗത്തില്‍ 17 പേരാണ് പങ്കെടുത്തത്. അവിടെനിന്ന് ആരംഭിച്ച പ്രവര്‍ത്തനം ഇന്ന് സമൂഹത്തിന്റെ പിന്തുണയും പ്രവര്‍ത്തകരുടെ പരിശ്രമവും കൊണ്ട് വിശാല രൂപം കൈവരിച്ചുവെന്ന് സുനില്‍ ആംബേക്കര്‍ ചൂണ്ടിക്കാട്ടി.

1926 ഏപ്രില്‍ 17ന് ചേര്‍ന്ന യോഗത്തിലാണ് രാഷ്ട്രീയസ്വയംസേവക സംഘം എന്ന പേര് സ്വീകരിച്ചത്. 1926 മേയ് 28ന് മഹലിലെ മോഹിതേബാഡയില്‍ ആദ്യശാഖ നടന്നു. ഇന്ന് രാജ്യത്താകെ 83,000ത്തിലധികം ശാഖകളും 32,000ത്തിലധികം പ്രതിവാര പ്രവര്‍ത്തനങ്ങളും ഉണ്ട്. 1926ലാണ് പൂര്‍ണഗണവേഷത്തിലുള്ള ആദ്യ പഥസഞ്ചലനം നടന്നത്. അത് മോഹിതേ ബാഡയില്‍ നിന്ന് ആരംഭിച്ച് ഹനുമാന്‍ നഗറിലെ രാജാബക്ഷാ ക്ഷേത്രത്തിലേക്കായിരുന്നു അത്. ആദ്യകാലത്ത് വിജയദശമി ഉത്സവം നടന്നിരുന്നത് മോഹിതേബാഡയിലായിരുന്നു. പിന്നീട് യശ്വന്ത് സ്റ്റേഡിയത്തിലും അതിനു ശേഷം കസ്തൂരിചന്ദ് പാര്‍ക്കിലുമായി. 1995 മുതല്‍ രേശിംഭാഗാണ് വിജയദശമി ഉത്സവത്തിന് വേദിയാകുന്നത്.

2026 വിജയദശമി വരെയാണ് ശതാബ്ദി പരിപാടികള്‍. സമാജ പരിവര്‍ത്തനം ലക്ഷ്യമിട്ട് കുടുംബ മൂല്യങ്ങളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, സാമാജിക സമരസത, സ്വദേശി, പൗരബോധം എന്നീ അഞ്ച് വിഷയങ്ങളില്‍ ജനജാഗരണം നടത്തും. വ്യാപകമായ ഗൃഹസമ്പര്‍ക്കം, ഹിന്ദു സമ്മേളനങ്ങള്‍, പ്രബുദ്ധ പൗരപ്രമുഖ സമ്മേളനം, സദ്ഭാവനായോഗങ്ങള്‍, യുവാക്കളുടെ ഒത്തു ചേരലുകള്‍ എന്നിവയാണ് മറ്റ് ശതാബ്ദി കാര്യക്രമങ്ങളെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു.വിദര്‍ഭ പ്രാന്ത സംഘചാലക് ദീപക് താംശേട്ടിവാര്‍, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

നാഗ്പൂരില്‍ പഥസഞ്ചലനം 27ന്

നാഗ്പൂരില്‍ വിജയദശമി പഥസഞ്ചലനം സപ്തംബര്‍ 27ന് നടക്കുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ അറിയിച്ചു. മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് ഒരേ സമയത്ത് പഥസഞ്ചലനം ആരംഭിക്കും. കസ്തൂരിചന്ദ് പാര്‍ക്ക്, യശ്വന്ത് സ്റ്റേഡിയം, അമരാവതി റോഡിലെ ഹോക്കിഗ്രൗണ്ട് എന്നിവിടങ്ങളില്‍ നിന്ന് തുടങ്ങുന്ന സഞ്ചലനങ്ങള്‍ രാത്രി 7.45ന് സീതാബര്‍ഡിയിലെ വൈരായതി ചൗക്കില്‍ സംഗമിക്കും. അവിടെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പഥസഞ്ചലനം വീക്ഷിക്കും.

ബാല, ശിശു സ്വയംസേവകരുടെ പരിപാടി സപ്തംബര്‍ 28, ഒക്ടോബര്‍ അഞ്ച് തീയതികളില്‍ നടക്കുമെന്നും സുനില്‍ ആംബേക്കര്‍ അറിയിച്ചു.

സര്‍സംഘചാലക് പങ്കെടുക്കുന്നസംവാദ സത്രങ്ങള്‍

സംഘശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന സംവാദസത്രങ്ങള്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഈ പരമ്പരയിലെ ആദ്യസത്രം ആഗസ്ത് 26 മുതല്‍ 28 വരെ ദല്‍ഹി വിജ്ഞാന്‍ഭവനില്‍ നടന്നു. നവംബര്‍ 7, 8 തീയതികളില്‍ ബെംഗളൂരുവിലും ഡിസംബര്‍ 21ന് കൊല്‍ക്കത്തയിലും 2026 ഫെബ്രുവരി 7, 8 തീയതികളിലും മുംബൈ നഗരത്തിലുമാണ് പരിപാടികള്‍.