- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക വിവേചനമില്ലാതെ 104 യുവതീ യുവാക്കള്‍ക്ക് ഒരേ പന്തലില്‍ വെച്ച് മംഗല്ല്യ സാഫല്യം'
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി - കിഴക്കോത്ത് പുത്തന്‍ വീട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നഖ്ശബന്ദിയ്യ ത്വരീഖത്ത് പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയില്‍ വെച്ച് നടന്ന സമൂഹ വിവാഹത്തില്‍ 52 ജോഡി യുവതി യുവാക്കള്‍ മംഗല്യ ജീവിതത്തിലേക്ക് പ്രവേശിച്ചു. പ്രസ്ഥാനത്തിന്റെ പേട്രന്‍ സയ്യിദ് പി വി ഷാഹുല്‍ ഹമീദ് അവര്‍കളുടെ മഹനീയ സാന്നിധ്യത്തില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി ബി.സി. അബ്ദുറഹിമാന്‍ മാസ്റ്റര്‍ നിക്കാഹിന് കാര്‍മികത്വം വഹിച്ചു.
സംഘടനയുടെ കിഴിശ്ശേരി ശാഖ പ്രസിഡന്റ് കെ.സി. ഹസ്സന്‍ അദ്ധ്യക്ഷത വഹിച്ചു.ബഹുമാന്യനായ പി.കെ. കുഞ്ഞാലിക്കുട്ടി MLA ചടങ്ങ് ഉല്‍ഘാടനം ചെയ്തു. വിവാഹത്തിന്റെ പേരില്‍ അനാചാരങ്ങളും ആര്‍ഭാടങ്ങളും നടക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം സമൂഹവിവാഹങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ചടങ്ങിന് MLA മാരായ പി.കെ. ബഷീര്‍, ടി.വി. ഇബ്രാഹിം , കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, നജീബ് കാന്തപുരം, പി.ടി.എ. റഹീം, അഡ്വ. ടി. സിദ്ദ്ഖ്, ഐ.സി. ബാലകൃഷ്ണന്‍, എ.പി. അനില്‍ കുമാര്‍ തുടങ്ങി രാഷ്ട്രീയ, സാസ്‌കാരിക, സാമൂഹിക രംഗത്തുള്ള പ്രമുഖര്‍ ആംശസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചു. സംഘടനയുടെ കിഴിശ്ശേരി ശാഖാ സെക്രട്ടറി സി കബീര്‍ മാസ്റ്റര്‍ സ്വാഗതം ആശംസിച്ച ചടങ്ങിന് സ്വാഗതസംഘം കണ്‍വീനര്‍ സി ആമദ് നന്ദിയും പറഞ്ഞു.
സംഘടനയിലെ അംഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതി ആഗ്രഹിച്ച് കൊണ്ട് പ്രസ്ഥാനത്തിന്റെ 36-ാം ഗുരു പുത്തന്‍വീട്ടില്‍ സയ്യിദ് ഹസ്സന്‍ തങ്ങള്‍ 1988 ല്‍ വയനാട് ജില്ലയിലെ പുത്തന്‍കുന്നില്‍ വെച്ച് ആദ്യ സമൂഹ വിവാഹത്തിന് തുടക്കം കുറിച്ചു . തുടര്‍ന്ന് ആ സമൂഹ വിവാഹത്തില്‍ 'ഇതൊരു തുടക്കവും ഭാവിയിലേക്കുള്ള മാതൃകയുമാണ് ' എന്ന 36-ാം ഗുരുവിന്റെ വാക്കില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് പ്രസ്ഥാനത്തിന്റെ ഇന്നത്തെ നേതൃത്വം സയ്യിദ് പി.വി. ഷാഹുല്‍ ഹമീദ് അവര്‍കളുടെ നേതൃത്വത്തില്‍ സംഘടനയുടെ ആസ്ഥാനമായ കൊടുവള്ളി-കിഴക്കോത്ത് പുത്തന്‍വീട്ടില്‍ വെച്ചും കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വെച്ചും നടന്ന 20 സമൂഹവിവാഹങ്ങളിലായി 524 ജോഡി യുവതീ യുവാക്കള്‍ വിവാഹിതരായിട്ടുണ്ട്.
സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്നഏറ്റവും വലിയ സമൂഹവിവാഹം കൊടുവള്ളി കിഴക്കോത്ത് പുത്തന്‍വീട്ടില്‍ വെച്ചാണ് നടന്നത്. പേട്രന്റെ മകന്റേതടക്കം 93 ജോഡി വിവാഹങ്ങളാണ് അന്ന് നടന്നത്. ഇന്നലെ കിഴിശ്ശേരിയില്‍ വെച്ച് നടന്ന 21- മത് സമൂഹവിവാഹത്തോടെ ഇത്തരത്തില്‍ വിവാഹിതരായവരുടെ എണ്ണം 576 ജോഡിയായി ഉയര്‍ന്നു. ഇന്നലെ വിവാഹിതരായ 104 വധൂവരന്‍മാരില്‍ 38 പേര്‍ മുന്‍ സമൂഹവിവാഹങ്ങളില്‍ വിവാഹിതരായവരുടെ മക്കളാണെന്ന പ്രത്യേകതയുമുണ്ട്. ദമ്പതികള്‍ക്ക് നല്‍കുന്ന പാരിതോഷികങ്ങള്‍, സ്വീകരണങ്ങള്‍, ഉല്ലാസ യാത്രകള്‍ വാര്‍ഷിക സംഗമങ്ങള്‍, എന്നിവ മറ്റു പ്രത്യേകതകളാണ്.
സര്‍വ്വോപരി പ്രസ്ഥാനത്തിന്റെ സ്‌നേഹവും കരുതലും ജീവിതത്തിലുടനീളം ദമ്പതികള്‍ക്ക് ലഭിക്കുന്നു എന്നുള്ളത് സമൂഹ വിവാഹത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ് . വധൂ വരന്‍മാര്‍ക്ക് വിവാഹ വസ്ത്രങ്ങളും പാരിതോഷികങ്ങളും സമ്മാനമായി നല്‍കുന്നത് മുന്‍ സമൂഹ വിവാഹങ്ങളില്‍ വിവാഹിതരായ ദമ്പതികളാണ്.
ഒരേ ദിവസം ഒരേ നിറത്തിലുള്ള വസ്ത്രങ്ങളിഞ്ഞ്, ഒരേ അളവിലുള്ള ആഭരണങ്ങളണിഞ്ഞ്, ഒരേ മനസ്സോടു കൂടി ഒരു വേദിയില്‍ വെച്ച് വിവാഹിതരാവുന്നതിനാല്‍ ഇവര്‍ക്കിടയില്‍ ഐക്യം ഉണ്ടാവുകയും വിശേഷ ദിവസങ്ങളില്‍ ഇവര്‍ ഒരുമിച്ച് കൂടുകയും. സൗഹൃദം പുതുക്കുകയും, പുതിയ കൂട്ടായ്മ ഉണ്ടാവുകയും, ഒരുമിച്ച് ഉല്ലാസയാത്രകള്‍ പോകുകയും അതുവഴി സാമൂഹികവും മാനസികവുമായ പുരോഗതി കൈവരിക്കുകയും ചെയ്യുന്നു.
വിവാഹ ചടങ്ങുകളിലെ പണച്ചെലവും മനുഷ്യ പ്രയത്‌നവും പരമാവധി ചുരുക്കി സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ള ആളുകള്‍ വലുപ്പ ചെറുപ്പമില്ലാതെയും സാമ്പത്തിക വിവേചനമില്ലാതെയും ഒരേ പന്തലില്‍ വെച്ച് വിവാഹിതരാകുന്നു എന്നതാണ് സമൂഹ വിവാഹങ്ങളുടെ സവിശേഷത. 104 വീടുകളില്‍ വിവിധദിവസങ്ങളിലായി നടക്കേണ്ട ഈ വിവാഹങ്ങള്‍ ഒരുമിച്ച് ഒരേ വേദിയില്‍ വെച്ച് നടക്കുമ്പോള്‍ ആളുകള്‍ക്ക് ഒരുമിച്ച് പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയും സമയം ലാഭിക്കുകയും വിവാഹ ചെലവുകള്‍ ഗണ്യമായി കുറയ്ക്കുവാനും സാധിക്കുന്നു. സംഘടനയുടെ വിവാഹ ബ്യൂറോ വഴി പങ്കാളികളെ കണ്ടെത്തി വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹങ്ങളാണ് സമൂഹ വിവാഹങ്ങളിലൂടെ നടക്കുന്നത്.