- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.ജയരാജന്റെ പ്രസ്താവന പിണറായി വിജയനും എംവി ഗോവിന്ദനും നിലപാട് വ്യക്തമാക്കണം : വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം : കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരില്‍ നിന്ന് ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നസിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും നിലപാട് വ്യക്തമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.ജയരാജന്റെ അതേ നിലപാട് തന്നെയാണോ കേരള സര്‍ക്കാരിനും സിപിഎമ്മിനും ഉള്ളത് എന്ന് അറിയേണ്ടതുണ്ട്.
കേരളത്തെ ലക്ഷ്യം വെച്ച് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന തുടര്‍ച്ചയായ നുണപ്രചാരണങ്ങളുടെ മെഗാഫോണുകള്‍ ആയി സിപിഎം നേതാക്കള്‍ മാറുന്നത് സ്ഥിരം കാഴ്ചയാവുകയാണ്. ലൗ ജിഹാദ് പോലെയുള്ള സംഘപരിവാര്‍ നിര്‍മിതികള്‍ കേരളത്തില്‍ പ്രചരിപ്പിച്ചതില്‍ സിപിഎം നേതാക്കള്‍ക്ക് കാര്യമായ പങ്കുണ്ട്.ഇസ്ലാം ഭീതി ഉയര്‍ത്തി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്ന സംഘ്പരിവാര്‍ തന്ത്രത്തെ കോപ്പിയടിക്കാനാണ് ഇത് വഴി സിപിഎം ശ്രമിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി കേരളത്തില്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത് ജയരാജന്റെ പാര്‍ട്ടിയാണ് .
കേരളത്തില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ നല്‍കിയ മറുപടികള്‍ക്ക് വിരുദ്ധമാണ് ഇപ്പോള്‍ ജയരാജന്‍ സ്വീകരിച്ചിട്ടുള്ള സമീപനം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കുന്നതിന് വേണ്ടി ഇസ്ലാം വിരുദ്ധ പ്രചാരണം ശക്തിപ്പെടുത്താന്‍ സി.പി.എം തീരുമാനിച്ചതിന്റെ ഭാഗമാണോ ജയരാജന്റെ ഈ പ്രസ്താവന എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുന്‍കാലങ്ങളില്‍ സംഘപരിവാര്‍ വാദങ്ങള്‍ ഏറ്റുപിടിച്ച് നടത്തിയ പ്രചാരണങ്ങള്‍ സിപിഎമ്മിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് അവര്‍ തിരിച്ചറിയുന്നില്ല എന്ന് വേണം കരുതാന്‍ .
പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും കൂട്ടത്തോടെ സംഘപരിവാര്‍ പാളയത്തിലേക്ക് ഒഴുകിപ്പോകുന്നതിന് കാരണമായത് സിപിഎം സ്വീകരിച്ച ഇത്തരം തെറ്റായ നിലപാടുകളാണ്. അതു മനസ്സിലാക്കി ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ തയ്യാറാകുന്നതിന് പകരം വീണ്ടും അതേ വഴി തന്നെ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സി.പിഎം. ചരിത്രത്തിന്റെ ഭാഗമായി മാറും. ലോകത്തെ ഏറ്റവും വലിയ തീവ്രവംശീയ ഭീകര സംഘടനയായ ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുകയും ന്യൂനപക്ഷങ്ങളെയും പിന്നാക്ക ജനവിഭാഗങ്ങളെയും നിരന്തരമായ വംശഹത്യക്ക് വിധേയമാക്കി കൊണ്ടിരിക്കുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യത്തിലാണ് കാര്യങ്ങളെ വഴിതിരിച്ചുവിടുന്ന രീതിയില്‍ ജയരാജനെ പോലെയുള്ളവര്‍ സംസാരിക്കുന്നത്.
ഇത്തരം രാഷ്ട്രീയ വഞ്ചനകളെ തിരിച്ചറിയാന്‍ കേരളീയ സമൂഹത്തിന് കഴിയേണ്ടതുണ്ട്. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു .