തിരുവനന്തപുരം : മുനമ്പം ഭൂമി വഖഫ് അല്ലെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പരാമര്‍ശം അനുചിതമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.

വഖഫിന്റെ മതവിധിയും നിയമവശങ്ങളും പറയേണ്ടത് രാഷ്ട്രീയ നേതാക്കളാവരുത്. കോടതിയും ജുഡീഷ്യല്‍ കമ്മീഷനും പരിഗണിച്ച് കൊണ്ടിരിക്കുന്ന വിഷയമാണത്. നീതിപൂര്‍വകമായും ഔചിത്യബോധത്തോടെയും വിഷയത്തെ സമീപിക്കേണ്ട സന്ദര്‍ഭത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതിയിലുള്ള പ്രസ്താവന പ്രതിപക്ഷ നേതാവിന്റെ ഭാഗത്തു നിന്നുണ്ടായത് ശരിയായില്ല. അദ്ദേഹം അത് തിരുത്തണം.

ഒരു വിഭാഗത്തിന്റെയും അവകാശങ്ങള്‍ ഹനിക്കാതെയും സാമൂഹിക ധ്രുവീകരണങ്ങള്‍ക്ക് വഴിവെക്കാതെയും മുനമ്പം ഭൂമിപ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതസംഘടനകളും ശ്രമിക്കേണ്ടത്. വഖഫ് ആധാര പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഭൂമിയാണ് മുനമ്പത്ത് ഉള്ളത് എന്ന് ഹൈക്കോടതി വിലയിരുത്തിയതാണ്. അതു കൊണ്ടു തന്നെ വഖഫ് നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. അതേ സമയം അവിടെ താമസിക്കുന്നവര്‍ കുടിയൊഴിപ്പിക്കപ്പെടാന്‍ പാടില്ല. ഇതിനാവശ്യമായ പരിഹാര നിര്‍ദ്ദേശം സാമൂഹിക ചര്‍ച്ചകളിലൂടെയും നിയമപരമായ ഇടപെടലുകളിലൂടെയും രൂപപ്പെടുത്തുകയാണ് വേണ്ടത്. ഇതിനു മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരാണ്. സംഘ്പരിവാര്‍ വിഷയത്തെ ധ്രുവീകരണത്തിനായി ദുരുപയോഗിച്ച സന്ദര്‍ഭത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തിയ നിശബ്ദതയാണ് പ്രശ്‌നം ഇത്രയധികം വഷളാകാന്‍ കാരണമായത്.

താമസക്കാരായ ജനങ്ങളെ അവിടെനിന്ന് ഒഴിപ്പിക്കണമെന്ന ആവശ്യം ഒരു കോണില്‍ നിന്നും ഉയര്‍ന്നിട്ടില്ല എന്നിരിക്കെ ജനങ്ങളില്‍ അനാവശ്യമായ ഭീതി ഉണ്ടാക്കി സാമൂഹിക ധ്രുവീകരണത്തിന് ശ്രമിക്കുകയാണ് സംഘ്പരിവാര്‍ ചെയ്തത്. കാസ പോലെയുള്ള സംഘ്പരിവാര്‍ അനുകൂല തീവ്രവര്‍ഗീയ സംഘടനകള്‍ ഇതിന് ശക്തി പകരുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ തന്നെ സര്‍ക്കാര്‍ ഇടപെടേണ്ടതായിരുന്നു. എന്നാല്‍ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ലാഭങ്ങള്‍ക്ക് വേണ്ടിയുള്ള അവസരമായി ഇതിനെ ഉപയോഗിക്കുകയാണ് ചെയ്തത്. ഈ തെറ്റ് ഇനിയും ആവര്‍ത്തിക്കരുത് .

സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ എത്രയും വേഗം അവരുടെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കുകയും നിയമപരവും സാമൂഹികവുമായ താല്പര്യങ്ങള്‍ മുന്നില്‍ വച്ചുകൊണ്ട് ശാശ്വത പരിഹാരം ഉണ്ടാക്കണം. താമസക്കാരുടെ പ്രശ്‌നങ്ങളെ മനുഷ്യാവകാശപരമായി സമീപിക്കുകയും ഭൂമി കൈയേറിയ വന്‍കിടക്കാരുടെ കാര്യത്തില്‍ കര്‍ശന സമീപനങ്ങള്‍ സ്വീകരിക്കുകയും വേണം. മുനമ്പം മുന്‍നിര്‍ത്തി കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ദുഷ്ടശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ആരും കൂട്ടുനില്‍ക്കാന്‍ പാടില്ല. തികഞ്ഞ ജാഗ്രതയോടെ മുനമ്പം പ്രശ്‌നത്തെ പരിഹാരത്തിലേക്ക് എത്തിക്കാന്‍ യോജിച്ച സമീപനം സ്വീകരിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.