- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഎസ്ഐ ആശുപത്രി:വിവേചന ഭീകരത അവസാനിപ്പിക്കുക - വെല്‍ഫെയര്‍ പാര്‍ട്ടി
മലപ്പുറം: അഞ്ച് ഏക്കര്‍ ഭൂമി ലഭ്യമല്ല എന്ന കാരണം പറഞ്ഞു ജില്ലക്ക് അവകാശപ്പെട്ട ഇഎസ്ഐ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ആശുപത്രി ജില്ലക്ക് ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ക്ക് ജില്ലാ ഭരണകൂടവും ജില്ലയിലെ ജനപ്രതിനിധികളും ശക്തമായി രംഗത്തിറങ്ങണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ജില്ലയോട് തുടരുന്ന വിവേചന ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇഎസ്ഐ ആശുപത്രി വിഷയത്തില്‍ റവന്യൂ വകുപ്പ് റിപ്പോര്‍ട്ട്. ഇത് അംഗീകരിക്കാന്‍ ആവില്ല.
ജില്ലക്ക് അവകാശപ്പെട്ട ജനറല്‍ ആശുപത്രി, റഫറല്‍ ആശുപത്രി എന്നിവ നഷ്ടപ്പെടുത്താനുള്ള നീക്കങ്ങളുടെ തുടര്‍ച്ചയിലാണ് ഇഎസ്ഐ ആശുപത്രിയും ഇല്ലാതാക്കാനുള്ള ശ്രമം. ജില്ലയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കും വിവിധ വിഭാഗങ്ങളില്‍പെട്ട തൊഴിലാളികള്‍ക്കും സൗജന്യമായി മികച്ച ചികിത്സ ലഭ്യമാകാനുള്ള അവസരങ്ങളാണ് പൊതുമേഖലയിലുള്ള ആശുപത്രികള്‍ നഷ്ടമാകുന്നതിലൂടെ ഇല്ലാതാകുന്നത്.
ജില്ലയുടെ വിവിധ മേഖലകളില്‍ മിച്ച ഭൂമികള്‍ സ്വകാര്യവ്യക്തികള്‍ കൈയേറിയിട്ടുണ്ട്. ഇവ തിരിച്ചുപിടിക്കുകയോ പാണക്കാട് വ്യവസായ പാര്‍ക്കിനോട് അനുബന്ധമായി നിലവില്‍ ലഭ്യമായ ഭൂമി ഉപയോഗിക്കുകയോ ഉള്‍പ്പെടെയുള്ള വിവിധ സാധ്യതകള്‍ നിലനില്‍ക്കെ ആണ് സര്‍ക്കാറിന് ഭൂമി ലഭ്യമല്ല എന്ന റിപ്പോര്‍ട്ട് റവന്യൂ വകുപ്പ് നല്‍കിയിരിക്കുന്നത്. ഇത് ജില്ലയോടുള്ള ഭരണകൂട വിവേചനത്തിന്റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂ എന്നും വെല്‍ഫെയര്‍ പാര്‍ട്ടി അഭിപ്രായപ്പെട്ടു.