തിരുവനന്തപുരം: ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ സ്വത്ത് പിടിച്ചെടുക്കുന്നതിനുള്ള സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ വംശീയ പദ്ധതിയുടെ ഭാഗമാണ് വഖ്ഫ് നിയമഭേദഗതി ബില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം, മുത്വലാഖ്, ഏക സിവില്‍ കോഡ് തുടങ്ങിയ വിവിധ മുസ്ലിം ഉന്മൂലന പദ്ധതികളുടെ ഭാഗമായാണ് പുതിയ വഖ്ഫ് ഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകുന്ന വ്യാജ രേഖകള്‍ പ്രചരിപ്പിച്ചുമാണ് വഖ്ഫ് നിയമ ഭേദഗതി ഹിന്ദുത്വ ഭരണകൂടം നിര്‍മ്മിച്ചെടുക്കുന്നത്.

രാജ്യത്തെ വിവിധ സമുദായ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും ഒന്നടങ്കം വഖ്ഫ് ഭേദഗതിക്കെതിരെ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങിയെങ്കിലും സമരങ്ങളോട് ജനാധിപത്യ മര്യാദ കാണിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. മുസ്ലിം സമൂഹത്തെ അന്യവല്‍ക്കരിച്ചും ഭീകരവല്‍ക്കരിച്ചും അധികാരം നിലനിര്‍ത്താനാണ് ഹിന്ദുത്വ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹിന്ദുത്വ ഭീകരരല്ലാത്ത രാജ്യത്തെ എല്ലാ മനുഷ്യരെയും വംശീയമായി ഉന്മൂലനം ചെയ്യാനുള്ള ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമാണ് വഖ്ഫ് ഭേദഗതി ബില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയണം.

വഖ്ഫ് ഭേദഗതിയിലൂടെ മുസ്ലിം സമൂഹത്തിന്റെ സ്വത്ത് തട്ടിയെടുക്കാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചനയെ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി തെരുവിലിറങ്ങി ചെറുത്തു തോല്‍പ്പിക്കണം. ഭേദഗതി ബില്ലിനെതിരെ സംസ്ഥാന വ്യാപകമായി നാളെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.