- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജബല്‍പൂരില്‍ വൈദികര്‍ക്ക് നേരെ ഹിന്ദുത്വ ഭീകരര്‍ നടത്തിയ ആക്രമണം സംഘപരിവാറിന്റെ വംശീയ പദ്ധതി - വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: മധ്യപ്രദേശിലെ ജബല്‍പൂരില്‍ മലയാളികള്‍ അടക്കമുള്ള വൈദികര്‍ക്കെതിരെ ഹിന്ദുത്വ ഭീകര സംഘടനകള്‍ നടത്തിയ ആക്രമണം രാജ്യത്ത് സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ ഉന്മൂല പദ്ധതിയുടെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. ഇന്ത്യയില്‍ ക്രൈസ്തവ - മുസ്ലിം വിഭാഗങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യുമെന്നത് സംഘ്പരിവാറിന്റെ പരസ്യമായ വെല്ലുവിളിയാണ്.
2014 മുതല്‍ക്കുള്ള നരേന്ദ്രമോദിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ സമൂഹത്തിനെതിരെ നടന്നു കൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ സംഭവവും. വൈദികരും കന്യാസ്ത്രീകളും ചര്‍ച്ചുകളും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്ത് തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കരോള്‍, ക്രിസ്തുമസ് ട്രീ, ക്രിസ്തുമസ് സ്റ്റാര്‍, സാന്താക്ലോസ് തുടങ്ങിയ ക്രൈസ്തവ മതചിഹ്നങ്ങളെയും സംഘ്പരിവാര്‍ ഉന്നമിടുന്നുണ്ട്. മണിപ്പൂരിലെ ക്രൈസ്തവ വേട്ടയുടെ മുറിവ് ഇതേ വരേയ്ക്കും ഉണങ്ങിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സമൂഹത്തോട് തങ്ങള്‍ക്ക് വിരോധമില്ലെന്ന് സംഘ്പരിവാര്‍ നേതാക്കള്‍ എത്ര തന്നെ ആവര്‍ത്തിച്ചു പറഞ്ഞാലും ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയില്‍ ആഭ്യന്തര ശത്രുക്കള്‍ എന്ന് പറഞ്ഞു എണ്ണമിട്ട ക്രൈസ്തവ സമൂഹത്തോടുള്ള വിദ്വേഷത്തില്‍ ഊന്നി മാത്രമേ അവര്‍ക്ക് മുന്നോട്ടു പോകുവാന്‍ സാധിക്കുകയുള്ളൂ എന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.
അക്രമിക്കപ്പെട്ട വൈദികരടക്കമുള്ള സഹോദരങ്ങളോട് വെല്‍ഫയര്‍ പാര്‍ട്ടി ഐക്യദാര്‍ഢ്യപ്പെടുന്നു. വിഎച്ച്പി - ബജ്‌റംഗ്ദള്‍ അതിക്രമികാരികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയും നീതി നടപ്പിലാക്കുകയും വേണമെന്ന് റസാഖ് പാലേരി ആവശ്യപ്പെട്ടു.