- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിന്ദു അനാസ്ഥയുടെ രക്തസാക്ഷി: ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജി വെക്കണം - വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ബിന്ദു എന്ന സ്ത്രീ കെട്ടിടം തകര്‍ന്ന് വീണ് മരണപ്പെട്ട സംഭവം അത്യധികം വേദനാജനകമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. ഇടതുപക്ഷ സര്‍ക്കാരിന്റെ ആരോഗ്യരംഗത്തെ അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷി കൂടിയാണ് ബിന്ദു. ആരോഗ്യമന്ത്രി ഉള്‍പ്പെടെ സംസ്ഥാന മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ അപകടസ്ഥലത്തുണ്ടായിരിക്കെ മണിക്കൂറുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നാണ് ബിന്ദു മരണപ്പെടുന്നത്. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ അനാസ്ഥയാണ് വിഷയത്തില്‍ മന്ത്രിമാരുടെയും ബന്ധപ്പെട്ട അധികൃതരുടെയും ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ നിജസ്ഥിതികള്‍ പല രീതിയില്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. നമ്പര്‍ വണ്‍ അവകാശവാദം ഊതിപ്പെരുപ്പിച്ച കുമിളയാണെന്ന് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
വീണ ജോര്‍ജ് ഉടന്‍ രാജി വെക്കണം. ആരോഗ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാനുള്ള യാതൊരു ധാര്‍മിക അവകാശവും ഇല്ല. വാചാടോപങ്ങള്‍ കൊണ്ട് ഓട്ടയടക്കാനാണ് മന്ത്രി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ സമൂഹമധ്യേ ഉന്നയിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങളും മറുഭാഗത്ത് നടക്കുന്നു.
മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തിര നഷ്ടപരിഹാരം നല്‍കണം. വീണ ജോര്‍ജ്ജിനെ തലസ്ഥാനത്ത് നിന്ന് മാറ്റി വിഷയത്തില്‍ അന്വേഷണം നടത്തണം. സാധാരണക്കാരുടെ ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് മരുന്നുകളും ചികിത്സ ഉപകരണങ്ങളും സേവനങ്ങളും സുരക്ഷിതത്വവും ഉറപ്പ് വരുത്താനുള്ള സത്വര നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.