- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഏപ്രില്‍ 19-ന് ആരംഭിക്കും - വെല്‍ഫെയര്‍ പാര്‍ട്ടി
വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങള്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി കേരള പദയാത്ര സംഘടിപ്പിക്കും.
'സാഹോദര്യ കേരള പദയാത്ര' എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന പദയാത്ര ഏപ്രില്‍ 19-ന് തിരുവനന്തപുരത്ത് നിന്ന് പ്രയാണം ആരംഭിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പദയാത്ര സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം നടത്തി മെയ് 27 ന് കോഴിക്കോട് സമാപിക്കും.
സംസ്ഥാന പദയാത്രയുടെ ഭാഗമായി വിവിധ മുനിസിപ്പാലിറ്റി / പഞ്ചായത്ത് /കോര്‍പ്പറേഷന്‍ കേന്ദ്രങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ നേതൃത്വം നല്‍കുന്ന പദയാത്രകളും നടക്കും. യാത്രയുടെ ഭാഗമായി വിവിധ സാമൂഹിക ജനവിഭാഗങ്ങളും പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ച, നവോത്ഥാന ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളിലെ സന്ദര്‍ശനം, കലാപരിപാടികള്‍ തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സുരേന്ദ്രന്‍ കരിപ്പുഴ പറഞ്ഞു.
യാത്ര ഉയര്‍ത്തുന്ന ആശയത്തെ മുന്‍നിര്‍ത്തി പാര്‍ട്ടി ഘടകങ്ങള്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ഗൃഹസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും. സാഹോദര്യ കേരള പദയാത്ര ഉയര്‍ത്തുന്ന വിഷയങ്ങളെ മുന്നില്‍ വെച്ച് സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി വിവിധ ജില്ലകളില്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കും. മെയ് 27 ന് കോഴിക്കോട് ജില്ലയില്‍ സാഹോദര്യ കേരള പദയാത്രയ്ക്ക് പൊതു സമ്മേളനത്തോടെ സമാപനം കുറിക്കും.
സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ സാമൂഹിക പ്രസക്തമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന സാഹോദര്യ കേരള പദയാത്രയ്ക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടെയും പൂര്‍ണമായ പിന്തുണ ഉണ്ടാകണമെന്ന് സുരേന്ദ്രന്‍ കരിപ്പുഴ അഭ്യര്‍ത്ഥിച്ചു.