തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂലൈ 23-ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള കാലാവധി ആഗസ്റ്റ് 7-ല്‍ നിന്നും നീട്ടി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി. നിരവധി ആളുകള്‍ ഇനിയും വോട്ട് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനുമായി ബാക്കിയുണ്ട്. വാര്‍ഡ് പുനര്‍നിര്‍ണയിച്ച സാഹചര്യത്തില്‍ നിലവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയെ സംബന്ധിച്ച് ധാരാളം പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ലക്ഷക്കണക്കിന് പൗരന്മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

ഓരോ വാര്‍ഡിലും നൂറുകണക്കിന് വോട്ടര്‍മാര്‍ പട്ടികയില്‍ നിന്നും പുറത്താണ്. വോട്ടവകാശമുള്ള മുഴുവന്‍ പൗരന്മാര്‍ക്കും വോട്ട് ചെയ്യുന്നതിനുള്ള അവസരം ഒരുക്കുമ്പോഴാണ് ജനാധിപത്യ പ്രക്രിയ പൂര്‍ണ്ണമാകുന്നത്. ഓരോ പൗരനും സുതാര്യമായ രീതിയില്‍ വോട്ടവകാശം ലഭ്യമാക്കുന്നതിനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കേണ്ടത്. പ്രസ്തുത ആവശ്യം പരിഗണിച്ച് പതിനഞ്ച് ദിവസത്തേക്ക് കൂടി വോട്ട് ചേര്‍ക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്ന് റസാഖ് പാലേരി പറഞ്ഞു.