തിരുവനന്തപുരം: ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 15-ന് സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ 'പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം' എന്ന തലക്കെട്ടില്‍ സ്വാതന്ത്ര്യദിന സദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ് പത്രക്കുറിപ്പില്‍ അറിയിച്ചു. സ്വാതന്ത്ര്യസമര പോരാളികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, പൗരത്വ സമര നായകര്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യദിന സദസ്സുകളില്‍ പങ്കെടുക്കും. ഇന്ത്യയിലെ വ്യത്യസ്ത സമൂഹങ്ങളുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ ഹിന്ദുത്വ ഭരണകൂടത്തിന്റെ ഏകാധിപത്യ ശ്രമങ്ങള്‍ക്കെതിരെ പൗരത്വ സംരക്ഷണ സദസ്സുകള്‍ രാജ്യത്ത് അനിവാര്യമായിരിക്കുകയാണ്.

വോട്ടര്‍ പട്ടിക തീവ്ര പരിശോധനയുടെ (എസ്.ഐ.ആര്‍) മറവില്‍ പൗരത്വം നിഷേധിക്കാനുള്ള നിലവിലെ ബിജെപി ഭരണകൂടത്തിന്റെ ആസൂത്രിത നീക്കം ഇന്ത്യയെ കൂടുതല്‍ അരക്ഷിതാമാക്കുകയാണ് ചെയ്യുക. വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുന്നതും സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകൂടത്തിന്റെ ഉപകരണമായി മാറുന്നതും നേടിയെടുത്ത ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നിഷേധം തന്നെയാണ്. ബിജെപി ഭരണകൂടത്തിന്റെ പൗരത്വ നിഷേധത്തിനും ഭരണഘടന റദ്ദ് ചെയ്യുന്ന നീക്കത്തിനുമെതിരെ സ്വതന്ത്ര ജനാധിപത്യത്തിനു വേണ്ടിയുള്ള ഒറ്റക്കെട്ടായ പ്രഖ്യാപനമായി ആഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ മാറണമെന്ന് അദ്ദേഹം പറഞ്ഞു.