- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹ്യ നീതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് ജാതി സെന്‍സസിനെ എതിര്‍ക്കുന്നത് - വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: ദലിത് - ആദിവാസി- പിന്നോക്ക - ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങളും സാമൂഹിക പുരോഗതിക്കുമുള്ള ശ്രമങ്ങളും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സവര്‍ണ ശക്തികളാണ് ജാതി സെന്‍സസിനെ എതിര്‍ക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. ജാതി സെന്‍സസ് നടപ്പാക്കരുതെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവന ഇതിന്റെ ഭാഗമാണ്. ഭരണകൂടങ്ങള്‍ക്ക് മേലുള്ള സ്വാധീനം ഉപയോഗിച്ച് സവര്‍ണ സമൂഹങ്ങള്‍ നടത്തിയ അട്ടിമറിയുടെയും വഞ്ചനയുടെയും ഫലമായി അധികാര - ഉദ്യോഗ - വിദ്യാഭ്യാസ മേഖലകളില്‍ ഭീകരമായ വിവേചനം ആണ് നിലനില്‍ക്കുന്നത്. ചരിത്രപരമായ ഈ അനീതിക്ക് പരിഹാരം കാണണമെങ്കില്‍ ജാതി സെന്‍സസ് നിര്‍ബന്ധമായും നടക്കണം.
ജാതിവ്യവസ്ഥയുടെ ആനുകൂല്യത്താല്‍ തങ്ങള്‍ നേടിയെടുത്ത അമിതാധികാരവും അധിക വിഭവങ്ങളും എല്ലാ കാലത്തും നിലനില്‍ക്കണമെന്നാണ് സുകുമാരന്‍ നായര്‍ ആഗ്രഹിക്കുന്നത്. മേധാവിത്വ വിഭാഗങ്ങളുടെ താല്പര്യ സംരക്ഷകരായ ഭരണകൂടങ്ങള്‍ക്കെതിരെ പിന്നോക്ക ന്യൂനപക്ഷ സമൂഹങ്ങളും സംഘടനകളും നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമായാണ് ജാതി സെന്‍സസിന് അനുകൂലമായ സാമൂഹിക മനോഭാവവും ഭരണകൂട സമീപനങ്ങളും രൂപപ്പെട്ടത്. നീതി നിഷേധത്തിന്റെ കാഠിന്യം വെളിച്ചത്തു കൊണ്ടുവരുന്ന ജാതി സെന്‍സസിനെ കണ്ണുരുട്ടി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇനിയും ഭരണകൂടങ്ങള്‍ കൂട്ടുനില്ക്കാന് പാടില്ല.
അടിസ്ഥാനപരമായി ജാതി സെന്സസിനെതിരായിരിക്കുമ്പോഴും സംഘപരിവാര്‍ സര്‍ക്കാര്‍ സമൂഹത്തില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ മാനേജ് ചെയ്ത് തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാന്‍ സ്വീകരിച്ച തന്ത്രപരമായ സമീപനമാണ് ജാതി സെന്‍സസ് പ്രഖ്യാപനം. എന്നാല്‍ ജാതി സെന്‍സസ് പ്രായോഗികമല്ല എന്ന നിലപാട് മോദി സര്‍ക്കാരിനെ കൊണ്ട് തിരുത്തിക്കാന്‍ കഴിഞ്ഞു എന്നത് വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള പ്രസ്ഥാനങ്ങളുടെ പ്രക്ഷോഭ വിജയമാണ്. ജാതി ശക്തികളുടെ ഭീഷണിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒളിച്ചുകളിയും മറികടന്ന് ജാതി സെന്‍സസ് യാഥാര്‍ത്ഥ്യമാക്കാന്‍ ശക്തമായ ജനകീയ മുന്നേറ്റങ്ങള്‍ തുടര്‍ന്നും അനിവാര്യമാണെന്ന് റസാഖ് പാലേരി പറഞ്ഞു.