- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.കെ കൊച്ച് : ദലിത് രാഷ്ട്രീയ - സാംസ്കാരിക നിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ച മനീഷി - റസാഖ് പാലേരി
തിരുവനന്തപുരം: കേരളത്തിലെയും ഇന്ത്യയിലെയും ദലിത് സമൂഹത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ നിലപാടുകള്‍ നിര്‍ണയിക്കുന്നതിലും ഇടങ്ങള്‍ രൂപപ്പെടുത്തുന്നതിലും നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ച മനീഷിയായിരുന്നു കെ.കെ കൊച്ചെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
കെ കെ കൊച്ചിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ പരിസമാപ്തി കൂടിയാണ്. ചരിത്രകാരനായും എഴുത്തുകാരനായും പത്രാധിപരായും രാഷ്ട്രീയ പ്രവര്‍ത്തകനായും പ്രസാധകനായും കേരളീയ പൊതുമണ്ഡലത്തില്‍ നിറഞ്ഞു നിന്ന ജീവിതമായിരുന്നു കൊച്ചേട്ടന്റേത്.
അനുഭവങ്ങളുടെ ഭാണ്ഡങ്ങളാണ് കൊച്ചേട്ടനെ രൂപപ്പെടുത്തിയത്. ജീവിതാനുഭവം, വായനാനുഭവം, രാഷ്ട്രീയാനുഭവം, സാംസ്‌കാരികമായ അനുഭവങ്ങള്‍ അങ്ങനെ പലതും. അതിലൂടെ വികസിച്ചു വന്ന കൊച്ചേട്ടന്റെ കാഴ്ചപ്പാടുകള്‍ക്ക് മൗലികതയും ധീരതയുമുണ്ടായിരുന്നു. എല്ലാ സാമൂഹിക - രാഷ്ട്രീയ സംഭവ വികാസങ്ങളോടും അദ്ദേഹം സംവദിച്ചു. സംവാദങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ പ്രതിപക്ഷ ബഹുമാനം ശ്രദ്ധേയമായിരുന്നു.
ചരിത്രം, സാമൂഹിക ശാസ്ത്രം, സാഹിത്യ നിരൂപണം, ഭാഷാശാസ്ത്രം, മാര്‍ക്‌സിസം, അംബേദ്കറിസം, ഗാന്ധിസം, ഭരണഘടന, ന്യൂനപക്ഷ പ്രശ്‌നങ്ങള്‍, ഫെമിനിസം, സിനിമ തുടങ്ങി നിരവധി മേഖലകള കുറിച്ച് അദ്ദേഹം ചിന്തിക്കുകയും എഴുതുകയും ചെയ്തു. വ്യവസ്ഥകളോട് കലഹിച്ചു. പൊതുബോധങ്ങളെ വെല്ലുവിളിച്ചു. ഒഴുക്കിനെതിരില്‍ ശബ്ദിച്ചു. സര്‍ഗാത്മകമായും വസ്തുനിഷ്ഠപരമായും കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവ് ഒരു പ്രത്യേകതയായിരുന്നു.
ഏറ്റവും അവസാനം അദ്ദേഹത്തെ വീട്ടില്‍ സന്ദര്‍ശിച്ച ഘട്ടത്തില്‍ അനാരോഗ്യത്തിന്റെ അവശതകള്‍ക്കിടയിലും യോജിപ്പുകളും വിയോജിപ്പുകളും തുറന്നു ചര്‍ച്ച ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്‌നേഹോപഹാരം അദ്ദേഹം ഏറ്റുവാങ്ങി.
കൊച്ചേട്ടന്റെ ആത്മകഥയായ 'ദലിതന്റെ' ആമുഖത്തില്‍ കെ കെ ബാബുരാജ് സൂചിപ്പിച്ചതു പോലെ ആപല്‍കരമായി കര്‍മം ചെയ്‌തൊരാള്‍ എന്ന വിശേഷണം കൊച്ചേട്ടനെ സംബന്ധിച്ച് ആലങ്കാരികമായ വിശേഷണമല്ല, മറിച്ച് ആ ജീവസാക്ഷ്യത്തിന് കൊടുക്കാവുന്ന ഏറ്റവും ലളിതമായ നിര്‍വചനം മാത്രമാണ്. നിറഞ്ഞ ആദരവോടെ കൊച്ചേട്ടന് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.