ഡല്‍ഹി/ കൊച്ചി: ലോകത്തെ വന്‍കിട അക്കൗണ്ട്‌സ് സ്ഥാപനങ്ങളിലെ പ്രൊഫഷണലുകളുടെ ആഗോള സമ്മേളനം ഡല്‍ഹിയില്‍ ജനുവരി 31 മുതല്‍ ഫെബ്രുവരി 2വരെ നടക്കും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ നാല്‍പതോളം രാജ്യങ്ങളിലെ 8000ലധികം പ്രതിനിധികള്‍ പങ്കെടുക്കും.

'സുസ്ഥിര ഭൂമിയ്ക്കായി ഉത്തരവാദിത്തത്തോടെയുള്ള നൂതനാശയങ്ങള്‍' എന്നതാണ് ഇത്തവണത്തെ വിഷയം. രാജ്യത്തിന്റെ വികസനം, സാമ്പത്തിക വളര്‍ച്ച, സാമൂഹിക പുരോഗമനം, പാരിസ്ഥിതിക സുസ്ഥിരത, ഭരണ നിര്‍വഹണം എന്നിങ്ങനെ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ധനകാര്യമേഖലയിലെ പ്രമുഖര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും. കൂടാതെ, ഇന്റര്‍നാഷണല്‍ അക്കൗണ്ടിംഗ് സ്ഥാപനങ്ങള്‍, വാണിജ്യ ഗ്രൂപ്പുകള്‍, അക്കൗണ്ടിംഗ് നയങ്ങള്‍ രൂപീകരിക്കുന്നവര്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍, ബിസിനസ് ലീഡേഴ്സ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.