ന്യൂഡെല്‍ഹി: ഇന്ത്യന്‍ പ്രോ റെസ്ലിങ്ങ് ലീഗ് വീണ്ടും ആരംഭിക്കുന്നു. ജനുവരി പകുതിയോടെ നടക്കുന്ന ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനം റെസ്ലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നടത്തി. 2019ലാണ് അവസാനമായി പ്രോ റെസ്ലിങ്ങ് ലീഗ് നടന്നത്.

ഇന്ത്യക്ക് പുറമെ, റഷ്യ, കസാക്ക്സ്ഥാന്‍ എന്നീ രാജ്യങ്ങളിലെ അന്താരാഷ്ട്ര താരങ്ങള്‍ റെസ്ലിങ്ങ് ലീഗില്‍ പങ്കെടുക്കും. ഒളിംപിക്സ്, ഏഷ്യന്‍ ഗെയിംസ് എന്നീ അന്താരാഷ്ട്ര മത്സരങ്ങളില്‍ മെഡല്‍ നേടാന്‍ പുതുതലമുറക്ക് ഇതൊരു പരിശീലനവേദിയാകുമെന്ന് റെസ്ലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡണ്ട് സഞജയ് കുമാര്‍ സിങ്ങ് പറഞ്ഞു.

ഫ്രാഞ്ചൈസി മാതൃകയിലാണ് പ്രോ റെസ്ലിങ്ങ് ലീഗ് രൂപകല്‍പ്പന ചെയ്യ്തതെന്നും മറ്റ് ലീഗുകളിലെ വിജയമാതൃക പോലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും ടീമുകളെ സ്വന്തമാക്കാന്‍ അവസരം ലഭിക്കുമെന്നും പ്രോ റെസ്ലിങ്ങ് ലീഗ് ചെയര്‍മാനും പ്രമോട്ടറുമായ ദയാന്‍ ഫാറൂഖി പറഞ്ഞു. മത്സര ഷെഡ്യൂളുകളും ഫ്രാഞ്ചൈസി വിവരങ്ങളും വൈകാതെ പുറത്തിറക്കും.

ഡബ്ല്യുഎഫ്‌ഐ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്, പ്രോ റെസ്ലിങ്ങ് ലീഗ് സിഇഒ അഖില്‍ ഗുപ്ത, പ്രോ റെസ്ലിംഗ് ലീഗ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുമിത് ദുബെ എന്നിവരും ചടങ്ങിന്റെ ഭാഗമായി.