തൃപ്പൂണിത്തുറ:നിലവിലുള്ള മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത് വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവൽക്കരണത്തിന് പാതയൊരുക്കാനാണെന്നും ഈ നീക്കത്തിൽ നിന്നും കെ.എസ്.ഇ.ബിയും സർക്കാരും പിന്മാറണമെന്നും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഉപഭോക്താക്കളിൽ നിന്നും മുൻകൂർ പണം ഈടാക്കുന്ന തരത്തിലുള്ള സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിന് സ്വകാര്യ ഏജൻസികളെ ഏല്പിക്കുവാനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ബോർഡിലെ ആയിരക്കണക്കിന് തസ്തികകൾ വെട്ടിക്കുറക്കുന്നതിനും, ഉപഭോക്താക്കൾക്കു മേൽ അമിതഭാരം അടിച്ചേല്പിക്കുന്നതിനും ഇടയാകും. വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കുന്നതിനുള്ള കേന്ദ്ര സർക്കാറിന്റെ വൈദ്യുതി ബിൽ 2022 നെതിരെ ദേശീയ തലത്തിൽ വൈദ്യുതി ജീവനക്കാരുടെയും എഞ്ചിനിയർമാരുടെയും സംഘടനകൾ യോജിച്ച പ്രക്ഷോഭണം നടത്തിക്കൊണ്ടിരിക്കുമ്പോൾ, കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ സ്വകാര്യവൽക്കരണത്തെ സഹായിക്കുന്ന സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്നും വർക്ക്‌ഴ്‌സ് യൂണിയൻ അഭിപ്രായപ്പെട്ടു.

കെ.എസ്.ഇ വർക്കേഴ്‌സ് യൂണിയന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ്സിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് വി.കെ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. സീതിലാൽ, അസി.സെക്രട്ടറി ബന്നി ബോണിഫസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ. സുരഷ്, റ്റി.ജെ.സജിമോൻ, അബ്ദുൾ ഖാദർ, പി.കെ. സജി, കെ.വി.രാജീവൻ, വി.ടി. ശശി, സുഭാഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.