കൊച്ചി : കള്ളുഷാപ്പുകളുടെ പ്രവർത്തി സമയം കൂട്ടി നൽകണമെന്ന് കേരള ടോഡി ഷോപ്പ് ലൈസൻസീസ് അസ്സോസിയേഷൻ. രാവിലെ ഏഴ് മുതൽ കള്ളുഷാപ്പുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നാണ് ഷാപ്പ് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ കള്ളുഷാപ്പുകളുടെ ദൂരപരിധി വിദേശ മദ്യശാലകളുടേതിന് തുല്യമാക്കുക, വൃക്ഷക്കരം അടയ്ക്കുന്ന നടപടികൾ ലഘൂകരിക്കുക, റെയിഞ്ചിനകത്തുനിന്നും പുറത്തുനിന്നും ചെത്തുന്ന തൊഴിലാളികളുടെ കള്ള് ഷാപ്പുകളിലേയ്ക്ക് കൊണ്ടുവരുന്നതിനായുള്ള കടത്ത് പാസുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുക, പാലക്കാട് പെർമിറ്റിനും ലോക്കൽ പെർമിറ്റിനും ഒരേ നിബന്ധനകൾ വയ്ക്കുന്നത് ഒഴിവാക്കുക. കള്ളുഷാപ്പ് ലൈസൻസ് ഫീസിനേക്കാൾ ഉയർന്ന തുക സർചാർജ്ജായി ഈടാക്കുന്നത് നിർത്തലാക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് സംഘടന ഉന്നയിച്ചിരിക്കുന്നത്.

ഷാപ്പുകളുടെ സമയ പുനഃക്രമീകരണം അടിയന്തരമായി നടപ്പാക്കേണ്ടതാണെന്ന് സംസ്ഥാന സെക്രട്ടറി വി.കെ.അജിത്ത് ബാബു പറഞ്ഞു. തൊഴിലാളികൾ രാവിലെ 7 മണി മുതൽ കള്ള് ചെത്തി ഷാപ്പുകളിൽ എത്തിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴത്തെ സമയക്രമം അനുസരിച്ച് ഷാപ്പ് തുറന്ന് കള്ള് അളന്ന് എടുക്കുവാൻ സാധിക്കില്ല. ഇത് ഇരുകൂട്ടർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. സമയം പുനഃക്രമീകരിച്ചാൽ ഷാപ്പും, പരിസരവും വൃത്തിയാക്കുന്നതിനും, ഭക്ഷണം പാകം ചെയ്യുന്നതിനും, പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നതിനും കൂടുതൽ സമയം ലഭിക്കും. സംസ്ഥാനത്തുടനീളം വൃത്തിയുള്ള അന്തരീക്ഷത്തിൽ കള്ളുഷാപ്പുകൾ പ്രവർത്തിപ്പിക്കണമെന്നതാണ് സംഘടനയുടെ നയം.

പ്രതിസന്ധിയിലായ വ്യവസായത്തെ സംരക്ഷിക്കണമെന്നും കാലഘട്ടത്തിനനുസരിച്ച് നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ട് സംഘടനയുടെ രക്ഷാധികാരിയും മുൻ എംപിയുമായ. സെബാസ്റ്റ്യൻ പോളിന്റെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കളായ എം.എസ് മോഹൻ ദാസ്, വി.കെ.അജിത്ത് ബാബു, ജോമി പോൾ നെടുങ്കണ്ടത്തിൽ, എംപി.ഷാജി, കെ.കെ ഭഗീരഥൻ, മനോജ് മണി എന്നിവർ ചേർന്ന് സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി.