കോട്ടയം: സംസ്ഥാന സർക്കാരിന്റെ 2019 ലെ ഒരു കിലോമീറ്റർ ബഫർസോണെന്ന മന്ത്രിസഭാ തീരുമാനം റദ്ദ് ചെയ്യേണ്ടതില്ലെന്ന വനംവകുപ്പ് മന്ത്രിയുടെ നിയമസഭാപ്രഖ്യാപനം വിചിത്രവും വഞ്ചനാപരവുമാണെന്നും നിർദ്ദിഷ്ട ബഫർസോൺ സംബന്ധിച്ചുള്ള നിജസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനുള്ള കാലാവധി 2022 ജൂൺ 3ലെ സുപ്രീം കോടതി വിധിപ്രകാരം സെപ്റ്റംബർ 3ന് അവസാനിക്കാനിരിക്കെ സമയപരിധി നീട്ടിക്കിട്ടാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോടതിയെ സമീപിക്കുന്നില്ലെങ്കിൽ ബഫർസോൺ നിലവിൽ വരുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ.വി സി, സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

നിർദിഷ്ട ഒരു കിലോമീറ്റർ ബഫർസോൺ മേഖലയിലെ നിജസ്ഥിതി പഠനറിപ്പോർട്ടുമായി കേരളം ഇതുവരെയും കേന്ദ്ര എംപവേർഡ് കമ്മറ്റിയെ സമീപിച്ചിട്ടില്ല. സുപ്രീം കോടതി നിർദ്ദേശത്തിനെതിരെയുള്ള സംസ്ഥാനത്തിന്റെ മെല്ലെപ്പോക്ക് നിലപാടിൽ ദുരൂഹതയേറുന്നു. ബഫർസോൺ വിഷയത്തിൽ വനംവകുപ്പിനെ മാത്രം കേൾക്കുന്ന നിരുത്തരവാദപരമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്. വനംവകുപ്പ് തയ്യാറാക്കി സമർപ്പിച്ചിരിക്കുന്ന റിവ്യൂ ഹർജിപോലും സുപ്രീം കോടതി വിധി ശരിവെയ്ക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു. നിർദ്ദിഷ്ട ബഫർസോൺ മേഖലയിലെ ജനസാന്ദ്രതയും ജനജീവിത സാഹചര്യങ്ങളും വിശദീകരിക്കുവാൻ ശ്രമിക്കാതെ മലയോരജനതയൊന്നാകെ കൈയേറ്റക്കാരായി ചിത്രീകരിച്ച് നഷ്ടപ്പെട്ടുപോയ വനഭൂമി തിരികെപിടിക്കാൻ അനുവദിക്കണമെന്ന് റിവ്യൂ ഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത് തിരിച്ചടിയാകും.

സാറ്റലൈറ്റ് സർവ്വേയിൽ കൃത്യതയില്ലെന്നും ഗ്രൗണ്ട് സർവ്വേയാണ് വേണ്ടതെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി കുമളിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ സൂചിപ്പിച്ചിരുന്നു. ഇക്കാര്യം സംസ്ഥാന സർക്കാരിന് ഉത്തരവായി നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം. മലയോരമേഖലയൊന്നാകെ രാജ്യാന്തര കാർബൺ ഫണ്ട് ഏജൻസികൾക്കും കടലോരം കോർപ്പറേറ്റുകൾക്കും തീറെഴുതിക്കൊടുക്കുവാൻ മാറിമാറി ഭരിച്ച ഭരണനേതൃത്വങ്ങളും ജനനേതാക്കളും അച്ചാരംവാങ്ങിയിരിക്കുമ്പോൾ അസംഘടിതജനതയുടെ നിലനില്പു ചോദ്യംചെയ്യപ്പെടുമെന്നും ജനങ്ങളുടെ നികുതിപ്പണംകൊണ്ട് ജനങ്ങൾക്കെതിരെ കേസുനടത്തുന്ന സംസ്ഥാന സർക്കാരിന്റെ ക്രൂരസമീപനത്തിന് അവസാനമുണ്ടാകണമെന്നും വി സി,സെബാസ്റ്റ്യൻ പറഞ്ഞു.