കേന്ദ്ര സർക്കാരിന്റെ കീഴിലെ സ്വയം ഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ ടെക്‌നിക്കൽ ഓഫീസർ തസ്തികയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ കെ.എസിന്റെ നിയമനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. കെ.സുരേന്ദ്രന്റെ മകന്റെ യോഗ്യതയായ ബി.ടെക് അടിസ്ഥാന യോഗ്യതയാക്കി പ്രത്യേകം ഒഴിവു സൃഷ്ടിച്ചാണ് ഒരു ലക്ഷം രൂപയോളം മാസ ശമ്പളം ലഭിക്കുന്ന ജോലിയിലേക്ക് നിയമനം നടത്തിയിരിക്കുന്നത്.

കെ.സുരേന്ദ്രന്റെ മകനോടൊപ്പം ജോലിക്കായി അപേക്ഷിച്ച പരീക്ഷയുടെ നടപടി ക്രമങ്ങളിൽ പങ്കെടുത്ത മറ്റ് ഉദ്യോഗാർഥികൾ പരീക്ഷ കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും നിയമനം സംബന്ധിച്ച വിവരങ്ങൾ ആരായുമ്പോൾ കൃത്യമായ വിവരം RGCB നൽകുന്നില്ലെന്നാണ് മറ്റ് ഉദ്യോഗാർഥികൾ പരാതി പറയുന്നത്.

ടെക്‌നിക്കൽ ഓഫീസർ തസ്തികയിലേക്ക് മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ബി.ടെക് മെക്കാനിക്കൽ/ഇൻസ്ട്രുമെന്റെഷൻ ബിരുദം അടിസ്ഥാന യോഗ്യതയാക്കി മാറ്റി. മറ്റ് ഒഴിവുകളുടെ കൂട്ടത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന് വേണ്ടി മാത്രം ഒരു തസ്തിക സൃഷ്ടിച്ച് പരീക്ഷയും അഭിമുഖവും നടത്തി മറ്റ് ഉദ്യോഗാർത്ഥികളെ വഞ്ചിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ഒത്താശയിൽ RGCB ചെയ്തിരിക്കുന്നത്. പൊതു പണം ബിജെപി നേതാക്കളുടെ മക്കൾക്കും ബന്ധുക്കൾക്കും ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങി ദൂർത്തടിക്കാൻ വിട്ടു കൊടുക്കില്ല.

കെ.സുരേന്ദ്രന്റെ മകൻ കെ.എസ് ഹരികൃഷ്ണന്റെ നിയമനത്തെ സംബന്ധിച്ച ദുരൂഹതയിൽ വിശദമായ അന്വേഷണം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.