പാലക്കാട്: പ്രമുഖ വ്യവസായിയും, ഇറാം ഗ്രൂപ് സിഎംഡിയും, പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവുമായ ഡോ: സിദ്ദീഖ് അഹമ്മദിന് 'സന്നദ്ധ സേവാ' പുരസ്‌കാരം സമ്മാനിച്ചു. പാലക്കാടിന്റെ സമഗ്ര വികസന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ മികച്ച സംഭാവനകൾ നൽകുന്നവരെ ആദരിക്കുന്നതിനായി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ രൂപം കൊടുത്ത സ്മാർട്ട് പാലക്കാടിന്റെ ഭാഗമായി ഏർപ്പെടുത്തിയ അവാർഡാണിത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എംഎൽഎയുടെ സാന്നിധ്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അവാർഡ് സമ്മാനിച്ചു.

അറബ് മേഖല കേന്ദ്രമാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കച്ചവട സാമ്രാജ്യം പടുത്തിയർത്തി രാജ്യത്തിന്റെ യശ്ശസ് ഉയർത്തിപ്പിടിച്ചത് പരിഗണിച്ച് രാജ്യം നൽകിയ പ്രവാസി ഭാരതീയ സമ്മാൻ ജോതാവിനുള്ള പാലക്കാടിന്റെ ആദരമായാണ് അവാർഡ് സമ്മാനിച്ചതെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

കേവലം ഉപരിപ്ലവമായ വികസന സങ്കൽപങ്ങൾക്ക് പകരം നാടിന് ശാശ്വത പരിഹാരം ലഭ്യമാകുന്ന പ്രവർത്തനങ്ങളാണ് ഡോ: സിദ്ധീഖ് അഹമ്മദിന്റെ നേതൃത്വത്തിൽ പാലക്കാട് നടന്നിട്ടുള്ളത്. വേനൽക്കാലങ്ങളിൽ കടുത്ത വരൾച്ചയും, തീക്കാറ്റും അനുഭവപ്പെടുന്ന പാലക്കാടിനെ തിരികെയെത്തിക്കുന്നതിനുള്ള ദൗത്യം തുടങ്ങിയത് ഡോ: സിദ്ധീഖ് അഹമ്മദാണ്. ഉപയോഗ്യ ശൂന്യമായ നൂറുകണക്കിന് ജലാശയങ്ങളും, കിണറുകളും, കുളങ്ങളും വൃത്തിയാക്കി അതിലെ ജലസ്രോതസ്സുകൾ പുനഃസ്ഥാപിക്കുകയും തടയണകൾ നിർമ്മിച്ച് ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണുകയും ചെയ്ത വിപ്ലവകരമായ പ്രവർത്തനത്തിന് ഡോ: സിദ്ധീഖ് അഹമ്മദ് നേതൃത്വം നൽകി. ഒപ്പം ഒരു ലക്ഷത്തിലധികം വൃക്ഷതൈകൾ വെച്ചു പിടിപ്പിക്കുന്ന പദ്ധതിക്കും തുടക്കമിട്ടു.

പാലക്കാടിന്റെ കായിക മേഖലയ്ക്ക് പുതിയ ഉണർവ്വും, പ്രതീക്ഷയും നൽകി മുന്നോട്ട് നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ലോക വ്യവസായത്തിന്റെ ഗതി നിർണ്ണയിക്കുന്ന അതിപ്രധാന മേഖലകളായ ഓയിൽ ആൻഡ് ഗ്യാസ്, പവർ എന്നിവ കൂടാതെ നിർമ്മാണം, ഉൽപ്പാദനം, ട്രാവൽസ്, ഹെൽത്ത്, ഐടി, മീഡിയ, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ്, ട്രേഡിങ്, വിദ്യഭ്യാസം തുടങ്ങിയ വൈവിധ്യ മേഖലകളിൽ വിജയം വരിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് അദ്ദേഹത്തെ ഒരു വ്യവസായ പ്രതിഭയാക്കുന്നത്.

പാലക്കാട് മങ്കര, പനന്തറ വീട്ടിൽ അഹമ്മദ്, മറിയുമ്മ ദമ്പതികളുടെ ഒമ്പതു മക്കളിൽ ഇളയവനാണ് ഡോ. സിദ്ദീഖ് അഹമ്മദ്. നുഷൈബയാണ് ഭാര്യ, റിസ്വാൻ, റിസാന, റിസ്വി എന്നിവർ മക്കളാണ്.