കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന കാർബൺ ന്യൂട്രൽ പദ്ധതിയുമായി സഹകരിച്ച് സാങ്കേതിക ശാസ്ത്ര സർവ്വകലാശാലയിലെ നാഷണൽ സർവീസ് സ്‌കീം സെൽ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളി വെളിച്ചമെന്ന പേരിൽ എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. മണ്ഡലത്തിലെ മാറനല്ലൂർ പഞ്ചായത്തിലെ 200 ബി.പി.എൽ കുടുംബങ്ങൾക്കുള്ള എൽ.ഇ.ഡി ബൾബുകളുടെ വിതരണം ഐ.ബി.സതീഷ് എംഎ‍ൽഎ ഉദ്ഘാടനം ചെയ്തു. 2022 സെപ്റ്റംബർ 3 മുതൽ 7 വരെ നടക്കുന്ന എൻ.എസ്.എസ് സെൽ പ്രവർത്തനങ്ങളുടെ ഭാഗമായി വിളപ്പിൽ, മാറനല്ലൂർ, പള്ളിച്ചൽ, കാട്ടാക്കട എന്നീ പഞ്ചായത്തുകളിലെ 200 വീതം ബി.പി.എൽ കുടുംബങ്ങൾക്ക് ഓരോ ബൾബ് വിതരണം ചെയ്യും.

2020 മുതൽ ആണ് സാങ്കേതിക ശാസ്ത്ര സർവ്വകലാശാല നാഷണൽ സർവീസ് സ്‌കീം പ്രവർത്തനമാരംഭിച്ചത്. ആരംഭം മുതൽക്ക് തന്നെ ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആയി എനർജി സെൽ എന്ന പേരിൽ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. സാങ്കേതിക സർവകലാശാലയിലെ വിവിധ കോളേജുകളിൽ ആയി ആയിരത്തോളം വിദ്യാർത്ഥികൾ അടങ്ങുന്നതാണ് എനർജി സെൽ എന്ന കൂട്ടായ്മ. തിരുവനന്തപുരം മേഖലയിലെ എനർജി സെൽ നാല് എൻജിനീയറിങ് കോളേജുകളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് ഓരോ പഞ്ചായത്തിലും 200 വീതം ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായി ഓരോ എൽഇഡി ബൾബ് നൽകുന്നത്.

വിളപ്പിൽ പഞ്ചായത്തിൽ തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളും, കാട്ടാക്കട പഞ്ചായത്തിൽ കുറ്റിച്ചൽ ലൂർദ് മാതാ എൻജിനീയറിങ് കോളേജ്, പള്ളിച്ചൽ പഞ്ചായത്തിൽ ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്, മാറനല്ലൂർ പഞ്ചായത്തിൽ പി ആർ എസ് എൻജിനീയറിങ് കോളേജ് എന്നീ യൂണിറ്റുകൾ ആണ് പ്രസ്തുത പ്രവർത്തനം നടത്തുന്നത്. ഓണാവധി കാലത്ത് വിദ്യാർത്ഥികൾ പഞ്ചായത്തിലെ വീടുകൾ സന്ദർശിക്കുകയും ഊർജ്ജ സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ച് അവബോധം നൽകുകയും ചെയ്യും.

ബിപിഎൽ വിഭാഗങ്ങളിൽപെട്ട കുടുംബങ്ങളിൽ കൂടുതൽ സമയം ഉപയോഗിക്കുന്ന ബൾബുകൾ ഏതാണെന്ന് മനസ്സിലാക്കി അവയെ മാറ്റി പകരം ഊർജക്ഷമതയുള്ള എൽഇഡി ബൾബുകൾ നൽകും. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ, ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ. നിസാമുദ്ദീൻ, എൻ.എസ് എസ് കോർഡിനേറ്റർ ജോയി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഊർജ്ജ സംരക്ഷണം സംബന്ധിച്ച് കൂടുതലായി പഠിക്കുവാനും പ്രദേശത്തെ വൈദ്യുതി ഉപയോഗത്തിൽ ഏകദേശം 4 കിലോ വാട്ട് കണക്ടഡ് ലോഡ് കുറയ്ക്കുന്നതിനും ഈ പരിപാടിയിലൂടെ സാധിക്കുമെന്ന് ഐ.ബി.സതീഷ് എംഎ‍ൽഎ അറിയിച്ചു.