ബിജെപി ഭരണത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ചോദ്യചിഹ്നമാവുന്നു .രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്നു നാഷണൽ വിമൻസ് ഫ്രണ്ട് കേരള സ്റ്റേറ്റ് പ്രസിഡണ്ട് പി എം ജസീല പറഞ്ഞു .

2014 ൽ 'അച്ഛേ ദിൻ ആനെ വാലെ ഹേം' എന്ന് വിളിച്ചുകൂവി അധികാരമേറ്റ നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാർ സ്ത്രീ സുരക്ഷക്ക് അതീവ പ്രാധാന്യം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വർഷങ്ങൾ ആഘോഷമാക്കുമ്പോൾ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണമെന്നും, സ്ത്രീ വിരുദ്ധത ഒഴിവാക്കി സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിലൂടെയേ യഥാർത്ഥ വികസനം സാധ്യമാവൂ എന്ന് മോദി പറഞ്ഞിരുന്നു.

എന്നാൽ സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ രാജ്യം പിന്നോട്ട് പാഞ്ഞുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഓരോ ദിവസവും 86 ബലാത്സംഗങ്ങൾ നടക്കുന്നു എന്നാണ് നാഷണൽ ക്രൈം റെക്കാർഡ്‌സ് ബ്യുറോയുടെ കണക്കുകൾ പറയുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് 31,677 ബലാത്സംഗ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സ്ത്രീകൾക്കെതിരെ 428,278 അതിക്രമങ്ങളാണ് കഴിഞ്ഞ വർഷം മാത്രം റിപ്പോർട്ട് ചെയ്തത്. ഓരോ മണിക്കൂറിലും സ്ത്രീകൾക്കെതിരെ 48 ആക്രമണങ്ങൾ നടക്കുവെന്നർത്ഥം. പൊലീസിലും മറ്റും രജിസ്റ്റർ ചെയ്ത കേസുകൾ മാത്രമാണ് എൻ.സി.ആർ.ബി റിപ്പോർട്ട് ചെയ്യുന്നത്.

ഭയം മൂലം പ്രതികരിക്കാൻ പോലും ശേഷിയില്ലാത്തവരുടെ കണക്കുകൾ പുറത്ത് വരുന്നില്ല. ജാതി പീഡനങ്ങൾക്കും കൂടുതൽ ഇരയാകേണ്ടി വരുന്നതും സ്ത്രീകളും കുട്ടികളുമാണ്. റാഞ്ചിയിൽ ദളിത് യുവതിയെ മൂത്രം കുടിപ്പിക്കുകയും നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാൻ നിർബന്ധിക്കുകയും ചെയ്തത് ഝാർഖണ്ഡിലെ ബിജെപി ദേശീയ പ്രവർത്തക സമിതി അംഗമായ സീമ പാത്രയാണ്. മനുഷ്യത്വ വിരുദ്ധ ചാതുർവർണ വ്യവസ്ഥിതിയിലധിഷ്ഠിതമായ പ്രാകൃത ഭാരതത്തിലേക്കാണോ രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്?

കുട്ടികൾക്കെതിരെ 2021ൽ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ടത് 1,49,404 ചെയ്ത കേസുകളാണ്. അതിൽ 53,874 ഉം പോക്സോ കേസുകളാണ്. സ്ത്രീകൾക്കെതിരെ ആക്രമണങ്ങളേറെയും നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.

സ്ത്രീ പീഡന കേസുകളിലും കുട്ടികൾക്കെതിരായ അതിക്രമ കേസുകളിലും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം ഭരണകൂടം കുറ്റവാളികളെ സംരക്ഷിക്കുകയാണ്. ബിൽക്കീസ് ബാനു ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടവരെ പോലും ജയിൽ നിന്ന് തുറന്നുവിടുന്നു.

മോദിയുടെ വാചാടോപങ്ങൾ ആത്മാർത്ഥതയില്ലാത്തതും സ്ത്രീ സമൂഹത്തെ വഞ്ചിക്കുന്നതുമാണെന്ന് പി എം ജസീല ആരോപിച്ചു .