ജോലി ചെയ്തതിനുള്ള ശമ്പളം രണ്ട് മാസം കഴിഞ്ഞിട്ടും ലഭിക്കാത്ത അവസ്ഥവരെ കെ എസ് ആർ ടി സി തൊഴിലാളികളെ കൊണ്ടെത്തിച്ചതിന് പിന്നിൽ സർക്കാരിന്റ കരുതിക്കൂട്ടിയുള്ള നടപടികളാണെന്നും എന്നാൽ, സ്ഥാപനത്തിലെ അംഗീകൃത യൂണിയൻ നേതൃത്വവും സർക്കാരും തമ്മിലുള്ള വഞ്ചനാപരമായ ഒത്തുകളിയാണ് ഇതിന് പാതയൊരുക്കിയതെന്നും എ.ഐ.യു.റ്റി.യു.സി സംസ്ഥാന കമ്മിറ്റി ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

കെ എസ് ആർ ടി സി യുടെ മാനേജ്‌മെന്റ് എന്ന് പറയപ്പെടുന്ന 'കോർപ്പറേഷൻ ഓഫീസ്സ്' അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഒരു ഉപഗ്രഹം മാത്രമാണ്. തന്റെ ആശ്രിതനായ വകുപ്പ് മന്ത്രിയെ മുന്നിൽ നിർത്തിക്കൊണ്ട് മുഖ്യമന്ത്രിയാണ് കാര്യങ്ങൾ മുഴുവൻ തീരുമാനിക്കുന്നത്. ഇത് പകൽ പോലെ വ്യക്തമാണ്. ലോകത്ത് ഒരു തൊഴിലാളി പ്രസ്ഥാനത്തിനും അംഗീകരിക്കാനാവാത്ത തൊഴിലാളിവിരുദ്ധ നടപടികളുമായി ധിക്കാരപൂർവ്വം മുമ്പോട്ട് പോകാൻ സർക്കാരിന് കഴിയുന്നത്, സ്ഥാപനത്തിലെ അംഗീകൃത യൂണിയനുകളുടെ പിന്തുണ ഒന്നു കൊണ്ട് മാത്രമാണ്. ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും അഞ്ചാം തിയ്യതിക്കു മുമ്പ് വിതരണം ചെയ്യണം എന്ന ഹൈക്കോടതി സിംഗിൽ ബഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ പോയി, കെ എസ് ആർ ടി സിയിൽ ഗവണ്മെന്റ് - തൊഴിലുടമ ബന്ധമില്ലെന്നും, ശമ്പള വിതരണത്തിന് ബാധ്യതയില്ലെന്നും വ്യക്തമാക്കിയിരിക്കുന്നു. മാതൃകാ തൊഴിൽ ധാതാവായ ഗവണ്മെന്റ് തന്നെ തൊഴിൽ നിയമങ്ങളുടെ ലംഘനത്തിന് കൂട്ടു നില്ക്കുകയാണ്.

തൊഴിലാളികൾക്ക് തൊഴിലെടുത്തതിന്റെ കൂലി കൊടുക്കാതിരിക്കാൻ, അവരുടെ ചെലവിൽ തന്നെ മേൽക്കോടതികളിലേക്ക് പായുന്ന ഈ സർക്കാരിനെതിരെ തൊഴിലാളികളിൽ രോഷം പുകയുകയാണ്. അത് ആളിക്കത്തുന്ന ഒരു പ്രക്ഷോഭമാക്കാതെ തണുപ്പിച്ച് നിർത്തുന്ന പണിയാണ് ഈ യൂണിയനുകൾ സമർത്ഥമായി നിർവ്വഹിക്കുന്നത്.

നിലവിലുള്ള കെ എസ് ആർ ടി സിയെ തകർത്ത് പൊതു ഗതാഗത സംവിധാനം സമ്പൂർണ്ണമായി സ്വകാര്യവൽക്കരിക്കുക എന്ന ലക്ഷ്യം നിറവേറ്റുകയാണ് എൽ.ഡി.എഫ് സർക്കാർ. സുശീൽ ഖന്ന റിപ്പോർട്ട്, സ്വിഫ്റ്റ് കമ്പനി രൂപീകരണം, ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കൽ, ശമ്പളവും പെൻഷനും മാസങ്ങളായി കൊടുക്കാതിരിക്കൽ, ബോണസ്സ് നിഷേധം, 12 മണിക്കൂർ തൊഴിൽ, നിശ്ചിത കാല തൊഴിൽ തുടങ്ങിയ കേന്ദ്ര ലേബർ കോഡ് നയങ്ങൾ നടപ്പിലാക്കൽ എന്നിവയെല്ലാം കൃത്യമായ ലക്ഷ്യം വച്ച്, സർക്കാർ - യൂണിയൻ സമവായത്തോടെയാണ് നടപ്പാക്കുന്നത്.

കെ എസ് ആർ ടി സി തൊഴിലാളികൾ സങ്കുചിതമായ അധികാര രാഷ്ട്രീയത്തിന്റെ അഴുക്ക് ഭാണ്ഡം ധീരമായിവലിച്ചെറിഞ്ഞു കൊണ്ട്, കക്ഷി - യൂണിയൻ ഭേദമെന്യേ സംഘടിച്ച് തെരുവിൽ പൊരുതേണ്ട സമയമാണിത്. അതിനവർ തയ്യാറാകണം - പ്രസ്താവനയിൽ തുടർന്ന് പറഞ്ഞു.

കെ എസ് ആർ ടി സിയിലൂടെ സർക്കാർ നടത്തുന്ന പരീക്ഷണം വിജയിച്ചാൽ അത്, സ്ഥാപനത്തിലെ തൊഴിലാളികളെ മാത്രമല്ല, സംസ്ഥാനത്തെ മറ്റ് പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പണിയെടുക്കുന്നവരുടെ നിലനില്പിനെ തന്നെ ബാധിക്കും. സംസ്ഥാനത്തെ പൊതു യാത്രാ ക്ലേശവും കടുത്ത രീതിയിൽ വർദ്ധിക്കും.

അതിനാൽ, വീറുറ്റ പ്രക്ഷോഭണങ്ങളുടെ പാരമ്പര്യമുള്ള കേരളത്തിലെ തൊഴിലാളി വർഗ്ഗത്തിന്റെ സമരവീര്യവും ആർജ്ജവവും വീണ്ടെടുത്തു കൊണ്ട്, കെ എസ് ആർ ടി സി തൊഴിലാളികൾ ബഹുജന പിന്തുണയോടെ സന്ധിയില്ലാത്ത സമരം പടുത്തുയർത്തണം. അധികാരം വച്ചു നീട്ടുന്ന അപ്പക്കഷ്ണങ്ങൾക്കു മുമ്പിൽ മുട്ടു മടക്കാതെ, സർക്കാർ നയം തിരുത്തുന്നതുവരെ തൊഴിലാളികൾ വീറുറ്റ സമരവുമായി മുമ്പോട്ട് പോകണമെന്നും എ.ഐ.യു.റ്റി.യു.സി പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.