ണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജകമണ്ഡലതലത്തിൽ നടക്കുന്ന കലാ കായിക കാർഷിക സാംസ്‌കാരിക സാഹിത്യ ജനകീയോത്സവം വർണ്ണക്കുട ആവേശാനുഭവമാവുകയാണ്.

വിവിധ പരിപാടികളാൽ സമൃദ്ധമായിരുന്നു ശനിയാഴ്ചയും വർണ്ണക്കുട. സമാദരണ സമ്മേളനം മുതിർന്ന ക്ലാസ്സിക്കൽ കലാകാരന്മാർ ഒരുമിച്ച് ഉദ്ഘാടനം ചെയ്തു. ക്ലാസ്സിക്കൽ കലകളിൽ പ്രാഗത്ഭ്യം തെളിയിച്ച മുതിർന്ന പൗരന്മാരെ ചടങ്ങിൽ ആദരിച്ചു. കഥകളിയും ചാക്യാർ കൂത്തും മോഹിനിയാട്ടവും കഥകും സംജോജിപ്പിച്ചുള്ള കേരള കലാമണ്ഡലം അവതരിപ്പിച്ച ഫ്യൂഷൻ നൃത്തം ആസ്വാദകർക്ക് ദൃശ്യ-ശ്രാവ്യ വിസ്മയമൊരുക്കി. കൊട്ടും പാട്ടും തുടിതാളവുമായി ആൽമരം മ്യൂസിക് ബാൻഡ് ഇരിങ്ങാലക്കുടക്കാരുടെ ഹൃദയം കീഴടക്കി.

സെപ്റ്റംബർ രണ്ടിനാണ് വർണ്ണക്കുടയ്ക്ക് വർണ്ണാഭമായ തുടക്കം കുറിച്ചത്. കാഴ്ചയുടെ വിരുന്നൊരുക്കി താളമേള വാദ്യങ്ങളുടെ അകമ്പടിയിൽ വർണ്ണശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്. പത്മശ്രീ പെരുവനം കുട്ടന്മാരാർ പൊതുയോഗം ഉദ്ഘാടനം ചെയ്തതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. മജീഷ്യൻ ഗോപിനാഥ് മുതുകാട്, ഉപ്പുംമുളക് ഫെയിം ശിവാനി തുടങ്ങിയവരും മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാരും പൊതുയോഗ ചടങ്ങിൽ പങ്കെടുത്തു.

മലയാളികളുടെ ഭാവഗായകനും ഇരിങ്ങാലക്കുടയുടെ പ്രിയപുത്രനുമായ പി.ജയചന്ദ്രനെ വർണ്ണക്കുട ആദരിച്ചു. ആലാപനസിദ്ധിയുടെയും നാദസൗന്ദര്യത്തിന്റെയും ഗന്ധർവ്വൻ , പാട്ടുകളുടെ രാജകുമാരന് ഇരിങ്ങാലക്കുട പൗരാവലിയുടെ നേതൃത്വത്തിലാണ് സ്‌നേഹാദരം നൽകിയത്. മന്ത്രി ഡോ. ആർ. ബിന്ദു ബഹു. മന്ത്രി ശ്രീ. വി അബ്ദുറഹ്മാനോടൊപ്പം ജയചന്ദ്രനെ പൊന്നാടയണിയിച്ചു.

ആദരിക്കൽ ചടങ്ങിന് ശേഷം പി. ജയചന്ദ്രന്റെ ഭാവഗീതങ്ങൾ ഉൾക്കൊള്ളിച്ചുള്ള ജയരാജ് വാര്യരുടെ ജയചന്ദ്രിക ഗാനമേള സംഗീതപ്രേമികളെ ഗാനാസ്വാദനത്തിന്റെ മറ്റൊരു ലോകത്തേക്കുയർത്തി.

ഓഗസ്റ്റ് 26 നാണ് ഇടനെഞ്ചിൽ ഇരിങ്ങാലക്കുട' എന്ന വിളംബരത്തോടെ നടക്കുന്ന മഹോത്സവത്തിന് കൊടിയുയർന്നത്. വർണ്ണക്കുടയോടനുബന്ധിച്ച് ദിവസങ്ങൾക്ക് മുൻപേ തുടങ്ങിയ കലാ പരിപാടികൾ ഇരിങ്ങാലക്കുടക്കാരെ അക്ഷരാർത്ഥത്തിൽ ആനന്ദ ലഹരിയിലാഴ്‌ത്തിയിരിക്കുകയാണ്.

കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് പ്രൊഫ. കെ. സച്ചിദാനന്ദൻ ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു.

സാവേരി സംഗീതസന്ധ്യയും, ഭരതനാട്യവും, നൃത്ത നൃത്യങ്ങളും, നടനകൈരളിയുടെ പാവക്കഥകളിയും , കൂടിയാട്ടവും, പ്രഭാഷണങ്ങളും, കവിയരങ്ങുംമെല്ലാം നാട്ടുത്സവത്തിന് നിറച്ചാർത്തേകി.

പാചക മത്സരം, ഫോക്ക് ഫെസ്റ്റ് , ക്ലാസ്സിക്കൽ ഫെസ്റ്റ് ,ട്രാൻസ് ജെൻഡർ ഫെസ്റ്റ്, നീന്തൽ മത്സരം ഷട്ടിൽ ടൂർണമെന്റ്, വാടംവലി, കാർഷിക പ്രദർശനം , കാർഷികമേള, കുടുംബശ്രീ കലോത്സവം , പൂക്കള മത്സരം, സാഹിത്യ സദസ്സ്, തീം സോങ് പ്രകാശനം, തുടങ്ങി വൈവിധ്യമാർന്ന കലാകായിക സാംസ്‌കാരിക വിരുന്നാണ് ഇത്തവണ ഇരിങ്ങാലക്കുടക്കാർക്ക് ഓണസമ്മാനമായി ലഭിച്ചത്.

തദ്ദേശസ്ഥാപന പ്രതിനിധികളും സാമൂഹ്യപ്രവർത്തകരും ചേർന്നാണ് വർണ്ണക്കുടയ്ക്ക് കാൽനാട്ടുകർമ്മം നിർവ്വഹിച്ചത്. ഇനിയുള്ള 2 നാളുകളിലും ഹൃദ്യമായ അനുഭവമായിരിക്കും ഇരിങ്ങാലക്കുടക്കാരെ കാത്തിരിക്കുന്നത്.

സെപ്റ്റംബർ ആറുവരെയാണ് വർണ്ണക്കുട മഹോത്സവം.