തിരുവനന്തപുരം : ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷികുട്ടികൾക്ക് ചിത്രകലയിലൂടെ ശാക്തീകരണം നൽകുന്ന കളേഴ്സ് ഓഫ് ലൗ പരിപാടി 11, 12 തീയതികളിൽ നടക്കും. കേരള കാർട്ടൂൺ അക്കാദമിയും എക്‌സോടിക് ഡ്രീംസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 11ന് വൈകുന്നേരം 3ന് നടക്കുന്ന അഞ്ജൻ സതീഷ് എന്ന സെറിബ്രൽ പാൾസി ബാധിതനായ കുട്ടിയുടെ ചിത്ര പ്രദർശനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ച് വരച്ച 75 ചിത്രങ്ങളുടെ പ്രദർശനമാണ് നടക്കുന്നത്. ജന്മനാ കേൾവി കാഴ്ച സംസാര ചലന പരിമിതനായ അഞ്ജൻ തന്റെ പരിമിതികളെ മറികടന്നാണ് നിരവധി ചിത്രങ്ങൾ വരച്ചിട്ടുള്ളത്.

നിരവധി അവാർഡുകൾ നേടിയിട്ടുള്ള അഞ്ജൻ രാഷ്ട്രപതിയിൽ നിന്നും നാഷണൽ അവാർഡ് സ്വീകരിച്ചിട്ടുണ്ട്. കേരള കാർട്ടൂൺ അക്കാദമിയുടെ ഐക്കൺ കൂടിയ അഞ്ജൻ സതീഷിന്റെ കഴിവുകൾ ചിത്രകലയിലൂടെ തുടങ്ങി കാർട്ടൂണിലും കാരിക്കേച്ചറിലും ത്രീഡി ആനിമേഷൻസിലും വരെ എത്തിനിൽക്കുകയാണ്. ഇത്രയേറെ പരിമിതികൾ ഉണ്ടായിട്ടും അതിനെ അതിജീവിച്ചുകൊണ്ട് വരയുടെ ലോകത്ത് വിസ്മയം സൃഷ്ടിക്കുന്ന അഞ്ജൻ സതീഷിനെ സെന്ററിലെ കുട്ടികൾക്ക് പ്രചോദനമാക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. 12ന് രാവിലെ 10.30ന് നടക്കുന്ന പരിപാടിയിലൂടെ കേരള കാർട്ടൂൺ അക്കാദമിയിലെയും എക്‌സോട്ടിക് ഡ്രീംസിലെയും അമ്പതോളം വരുന്ന കലാകാരന്മാർ സെന്ററിലെ കുട്ടികൾക്ക് ചിത്രകലയിൽ പരിശീലനം നൽകും. ചടങ്ങ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചടങ്ങുകളിൽ ഗോപിനാഥ് മുതുകാട്, ചിത്രകലാ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.