കൊച്ചി: ആഗോള ഡിജിറ്റൽ ലേണിങ് സേവന ദാതാക്കളായ എക്സ്ട്രാമാർക്സ്, ആഴ്‌സനൽ ഫുട്‌ബോൾ ക്ലബ്ബിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന യൂത്ത് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലേക്ക് രാജ്യത്തെമ്പാടുമുള്ള സ്‌കൂളുകളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 15 വയസിനു താഴെയുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഇന്റർ-സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റ് ആണിത്. സമഗ്രമായ പഠനത്തിന്റെ അവിഭാജ്യ ഘടകമായി സ്‌പോർട്‌സിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ചാമ്പ്യൻഷിപ്പിന്റെ ലക്ഷ്യം.

രാജ്യത്തെ ഇരുപതിലേറെ നഗരങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നടക്കും. കൂടാതെ മികച്ച നാലു ടീമുകൾക്ക് ആഴ്‌സനൽ എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ ലണ്ടനിലെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ഗ്രാൻഡ് ഫിനാലെ കളിക്കാൻ അവസരം ലഭിക്കും.

യൂത്ത് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലൂടെ വിദ്യാർത്ഥികളെ വിനോദങ്ങളിൽ ഏർപ്പെടാനും, അതിലൂടെ പഠിക്കാനും അനുവദിക്കുക എന്നതാണ് ലക്ഷ്യമെന്ന് എക്സ്ട്രാമാർക്സ് എജ്യുക്കേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ റിത്വിക് കുൽശ്രേഷ്ഠ പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്‌സണൽ എഫ്‌സിയുടെ ഔദ്യോഗിക ലേണിങ് പങ്കാളികളായി എക്സ്ട്രാമാർക്സ് ഈ വർഷമാദ്യം കരാർ ഒപ്പുവച്ചിരുന്നു. ഫുട്‌ബോൾ മത്സരങ്ങൾക്ക് പുറമേ പഠന ശിൽപശാലകളും ആശയ വിനിമയ സെഷനുകളും യൂത്ത് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടും. ടൂർണമെന്റിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ള സ്‌കൂളുകൾക്ക് extramarks.com/yfc വഴി രജിസ്റ്റർ ചെയ്യാം.