- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണംവാരാഘോഷം നബാർഡിന്റെ ഫ്ളോട്ടിന് ഒന്നാം സ്ഥാനം
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ നബാർഡിന് (നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡവലപ്‌മെന്റ്) ഒന്നാം സ്ഥാനം. ഇന്ത്യയിലെ ആദിവാസി മേഖലകളിലെ ജീവിതനിലവാരത്തെ ഉയർത്തുന്നതിൽ നബാർഡ് ബാങ്ക് വഹിച്ച പങ്ക് വിളിച്ചോതുന്നതായിരുന്നു ഫ്ളോട്ട്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് 'പുരോഗതിയുടെ വിവിധ ഘട്ടങ്ങൾ' എന്ന ആശയത്തിലുള്ള ഫ്ളോട്ട് സമ്മാനാർഹമായത്. മുംബൈ ആസ്ഥാനമായ കോൺസെപ്റ്റ് കമ്മ്യൂണിക്കേഷൻസ് Ltd ആണ് ഫ്ളോട്ട് രൂപകല്പന ചെയ്ത് നിർമ്മിച്ചത്.
കേരള സർക്കാർ വകുപ്പുകളുടെ വിഭാഗത്തിൽ മത്സ്യബന്ധന വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ചലച്ചിത്ര അക്കാഡമിയുടെയും ശുചിത്വ മിഷന്റെയും ഫ്ളോട്ടുകൾക്കാണ് സർക്കാരിതര സ്ഥാപന വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഔഷധിയും ഇൻഫർമേഷൻ കേരള മിഷനും പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ തിരുവനന്തപുരം കോർപറേഷനും തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമൊരുക്കിയ ഫ്ളോട്ടുകൾക്ക് ഒന്നും രണ്ടും സ്ഥാനം ലഭിച്ചു. സഹകരണ / ബാങ്കിങ് മേഖല വിഭാഗത്തിൽ സർക്കിൾ സഹകരണ യൂണിയൻ നെയ്യാറ്റിൻകരയും സർക്കിൾ സഹകരണ യൂണിയൻ നെടുമങ്ങാടും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ പി.എം.എസ് കോളേജ് ഓഫ് ഡെന്റൽ സയൻസ് പുരസ്‌കാരം നേടി. ദൃശ്യകലാരൂപങ്ങളുടെ വിഭാഗത്തിൽ വലിയ പാവ, ആനക്കളി എന്നിവ അവതരിപ്പിച്ച അനിൽ കിളിമാനൂരിന് ഒന്നാം സ്ഥാനവും മിക്കി മൗസ്, തെയ്യം എന്നിവ അവതരിപ്പിച്ച അനിൽ മാധവ് രണ്ടാം സ്ഥാനവും നേടി. ശ്രവ്യകലാരൂപങ്ങളുടെ വിഭാഗത്തിൽ ഹിനാസ് സതീഷ് അവതരിപ്പിച്ച ശിങ്കാരി മേളത്തിന് ഒന്നാം സ്ഥാനവും രതീഷ് അവതരിപ്പിച്ച ചെണ്ട മേളത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു.