പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവർണ്ണജൂബിലി സമാപനാഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ. ഒരുവർഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനം സെപ്റ്റംബർ 24, 25 തീയതികളിൽ നടക്കും.

ഇടവകയിലെ എല്ലാ കുടുംബങ്ങളും സന്യസ്തഭവനങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഒരുവർഷക്കാലമായി നടന്നുവരുന്ന മാതാവിന്റെ തിരുസ്വരൂപ പ്രയാണം സെപ്റ്റംബർ 24ലെ ജപമാലറാലിയോടെ സമാപിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 4 മണിക്ക് പൊടിമറ്റം സിഎംസി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ നിന്നാരംഭിക്കുന്ന ജപമാലറാലി പൊടിമറ്റം ജംഗ്ഷൻ, കെ.കെ.റോഡുവഴി 4.45ന് സെന്റ് മേരീസ് പള്ളിയിൽ എത്തിച്ചേരും. വാദ്യോഘോഷങ്ങളും ദീപാലങ്കാരങ്ങളും ജപമാലറാലിയെ മോടിപിടിപ്പിക്കും.

50 ബൈക്കുകളുടെ അകമ്പടിയോടെ യുവജനങ്ങളും വനിതകളും പ്രത്യേക യൂണിഫോമിൽ റാലിയിൽ അണിചേരും. 32 കുടുംബക്കൂട്ടായ്മാ ലീഡർമാർ റാലിക്കു നേതൃത്വം നൽകും. 5ന് ഇടവകയിലെ മുൻവികാരിമാരുടെ കാർമ്മികത്വത്തിലുള്ള ആഘോഷമായ സമൂഹബലിയും നടത്തപ്പെടും. 25 ഞായറാഴ്ച കാഞ്ഞിരപ്പള്ളി രൂപതാ മുൻ ബിഷപ് മാർ മാത്യു അറയ്ക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ കുർബാന നടത്തപ്പെടും. അമ്പതംഗ ഗായകസംഘം ദിവ്യബലി ഭക്തിസാന്ദ്രമാക്കും. ഒരു വർഷം നീണ്ടുനിന്ന സുവർണ്ണജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാർ മാത്യു അറയ്ക്കൽ അധ്യക്ഷത വഹിക്കും. ബിഷപ് മാർ ജോസ് പുളിക്കൽ ജൂബിലി സന്ദേശം നൽകും.