- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ വിലയിടിവിനെതിരെ പ്രതിഷേധമിരമ്പി റബർ ബോർഡിലേയ്ക്ക് കർഷക മാർച്ച്
കോട്ടയം: വഞ്ചിക്കപ്പെടുന്ന രാഷ്ട്രീയ അടിമത്വത്തിൽ നിന്ന് മോചിതരായി സംഘടിച്ചുണർന്നില്ലെങ്കിൽ കേരളത്തിലെ കർഷകർക്ക് നിലനിൽപ്പില്ലെന്നും അനിയന്ത്രിത റബർ ഇറക്കുമതിയിൽ റബർവിപണി തകർന്നിരിക്കുമ്പോൾ കർഷകർ തെരുവിലിറങ്ങേണ്ട സാഹചര്യമാണുള്ളതെന്നും റബർ ബോർഡിനു മുമ്പിൽ നടന്ന കർഷക പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യാ കൺവീനർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
റബർ വിലയിടിവിനെതിരെ കർഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെയും നാഷണൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെയും (എൻഎഫ്ആർപിഎസ്) സംയുക്ത നേതൃത്വത്തിൽ കോട്ടയം റബർ ബോർഡ് ആസ്ഥാനത്തേയ്ക്ക് നടന്ന കർഷക പ്രതിഷേധമാർച്ചിൽ ആയിരക്കണക്കിന് കർഷകർ പങ്കുചേർന്നു.
തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നവർ മാത്രമായി കർഷകർ അധഃപതിക്കരുത്. നിലനിൽപിനായി അസംഘടിത കർഷകർ സംഘടിച്ച് ശക്തരാകണം. ഭരണ രാഷ്ട്രീയ നേതൃത്വങ്ങളുടെ വഞ്ചനയുടെ ഇരകളായി അന്തസ്സും അഭിമാനവും കർഷകർ പണയം വെയ്ക്കരുത്. ഒറ്റക്കെട്ടായി അണിനിരന്ന് രാഷ്ട്രീയ നിലപാടുകളെടുത്താൽ മാത്രമേ കർഷകനും കാർഷികമേഖലയ്ക്കും ഇനി ഭാവിയുള്ളൂ. റബറിന്റെ വിലയിടിവിൽ നടപടികളൊന്നുമില്ലാതെ സർക്കാരുകൾ മുഖംതിരിഞ്ഞു നിൽക്കുന്നത് കർഷകദ്രോഹമാണ്. ചതിക്കുഴിയിലേയ്ക്ക് തള്ളിയിട്ടവർ രാഷ്ട്രീയ നേട്ടത്തിനായി സംരക്ഷക മുഖംമൂടിയണിഞ്ഞെത്തുന്നത് കർഷകർ തിരിച്ചറിയണം. കർഷകനെ മറന്ന് വ്യവസായികളുടെ റബർ സ്റ്റാമ്പായി റബർബോർഡ് അധഃപതിച്ചു. അനിയന്ത്രിത റബർ ഇറക്കുമതിക്ക് റബർ ബോർഡ് കുടപിടിക്കുന്നു. ലാറ്റക്സിന്റെ ഇറക്കുമതി നികുതി എടുത്തുകളയാൻ നീക്കം നടത്തുന്നത് റബർ ബോർഡിലെ ഉന്നതരാണ്. റബർ മീറ്റുകൾ നടത്തി കർഷകന് എന്തു നേട്ടമുണ്ടായി? വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യവസായികൾ റബർ കൃഷി നടത്തുന്നത് വീണ്ടും വിലയിടിക്കും. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ചണ്ടിപ്പാൽ ഇറക്കുമതിയുണ്ടാകും. വിളമാറ്റകൃഷിയിലേയ്ക്ക് കർഷകർ മാറാമെന്നുവച്ചാൽ കാലഹരണപ്പെട്ട ഭൂനിയമങ്ങൾ തടസ്സംനില്ക്കുന്നു. വിവിധ സ്വതന്ത്ര വ്യാപാരക്കരാറിലൂടെ നികുതിരഹിത റബർ ഇറക്കുമതി ശക്തിപ്പെട്ടിരിക്കുന്നു. രാജ്യാന്തരതലത്തിൽ റബറിന്റെ ഒറ്റക്കമ്പോളം നിലവിൽ വരുമ്പോൾ കേരളത്തിൽ കർഷകന്റെ മരണമണി മുഴങ്ങും. ആഭ്യന്തരവിപണിയിൽ വിറ്റഴിക്കുന്ന റബറുല്പന്നങ്ങൾക്കായി ഉപയോഗിക്കുന്ന അസംസ്കൃത റബർ രാജ്യത്തെ കർഷകരിൽ നിന്ന് സർക്കാർ ന്യായവില പ്രഖ്യാപിച്ച് സംഭരിക്കാൻ തയ്യാറാകണമെന്നും പരിസ്ഥിതി സംരക്ഷിക്കുന്നതിനായി രാജ്യാന്തര ഏജൻസികളിൽ നിന്ന് സർക്കാർ സ്വീകരിക്കുന്ന കാർബൺ ഫണ്ടും, റബർ ഇറക്കുമതി ചുങ്കമായി കേന്ദ്ര ഖജനാവിൽ എത്തിയിരിക്കുന്ന നികുതിപ്പണവും റബർ കർഷകന് അവകാശപ്പെട്ടതാണന്നും വി സി സെബാസ്റ്റ്യൻ പറഞ്ഞു.
രാവിലെ 10.30ന് കോട്ടയം കളക്റ്റ്രേറ്റിന് എതിർവശം ലൂർദ് പള്ളിക്ക് സമീപത്തു നിന്നാരംഭിച്ച കർഷകമാർച്ച് കളക്റ്റ്രേറ്റ്, പൊലീസ് ഗ്രൗണ്ട് ചുറ്റി റബർബോർഡ് കേന്ദ്ര ഓഫീസിനുമുമ്പിൽ എത്തിച്ചേർന്നു. നാഷണൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് ചെയർമാൻ ജോർജ് ജോസഫ് വാതപ്പള്ളിൽ മുഖ്യാതിഥിയായിരുന്നു. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ജോസുകുട്ടി ഒഴുകയിൽ, താഷ്കന്റ് പൈകട, വിവിധ കർഷക സംഘടനാ നേതാക്കളായ കുര്യാക്കോസ് പുതിയേടത്തുപറമ്പിൽ, ഡിജോ കാപ്പൻ, മനു ജോസഫ്, ജോസഫ് തെള്ളിയിൽ, സദാനന്ദൻ കൊട്ടാരക്കര, അഡ്വ.ജോൺ ജോസഫ്, മാത്യു വി.കെ., പ്രദീപ്കുമാർ മാർത്താണ്ഡം, സി.എം.സെബാസ്റ്റ്യൻ, വർഗീസ് കൊച്ചുകുന്നേൽ, സിറാജ് കൊടുവായൂർ, സുരേഷ്കുമാർ ഓടാപന്തിയിൽ, ആയാംപറമ്പ് രാമചന്ദ്രൻ, ടി.എം.വർഗീസ്, കെ.പി. നമ്പ്യാർ, റോജൻ സെബാസ്റ്റ്യൻ, വി.ജെ.ലാലി, ജോജി വാളിപ്ലാക്കൽ, സിബി നമ്പുടാകം, ജനറ്റ് മാത്യു, നൈനാൻ കുര്യൻ, ഔസേപ്പച്ചൻ ചെറുകാട്, ലാൻസി ജോസഫ് പെരുന്തോട്ടം, ലാലി ഇളപ്പുങ്കൽ, എം.എം. ഉമ്മൻ, ഹരിദാസ് കല്ലടിക്കോട്, അപ്പച്ചൻ ഇരുവേലിൽ, ഷാജി തുണ്ടത്തിൽ, കെ.പി.ഏലിയാസ്, മാത്യു പി.റ്റി. എന്നിവർ പ്രസംഗിച്ചു.
റബർ ഇറക്കുമതി നിരോധിക്കുക, റബറിന് 300 രൂപ തറവില നിശ്ചയിച്ച് സബ്സിഡി നൽകുക, റബർ വിലയിടിവിന് പ്രധാന കാരണമായ സ്വതന്ത്രവ്യാപാരക്കരാറുകളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറുക, റബർബോർഡിന്റെ അധികാരങ്ങൾ പുനഃസ്ഥാപിക്കുക, കർഷകപെൻഷൻ 10,000 രൂപയാക്കുക, വിലസ്ഥിരതാപദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ട് വെയ്ക്കുന്നത്.