കോട്ടയം: ആസിയാൻ കരാർ ഇന്ത്യയ്ക്ക് നഷ്ടക്കച്ചവടമായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുമ്പോൾ ഇന്ത്യ ഈ നികുതിരഹിത സ്വതന്ത്ര വ്യാപാരക്കരാറിൽ നിന്ന് പിന്മാറണമെന്ന് കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യ കൺവീനർ അഡ്വ.വി സി.സെബാസ്റ്റ്യൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്ത്യയുടെ കാർഷിക സമ്പദ്ഘടനയ്ക്ക് കനത്ത പ്രഹരമാണ് ആസിയാൻ സ്വതന്ത്ര വ്യാപാരക്കരാർ ഏല്പിച്ചുകൊണ്ടിരിക്കുന്നത്. 1989ൽ വി.പി.സിങ് സർക്കാർ തുടങ്ങിവെച്ച ലുക്ക് ഈസ്റ്റ് പോളിസിയിലൂടെ 2009ൽ വ്യാപാരക്കരാറായി നികുതിരഹിത ഇറക്കുമതിക്കായി മന്മോഹൻ സിങ് സർക്കാർ ഇന്ത്യയെ ആസിയാൻ രാജ്യങ്ങൾക്ക് തുറന്നുകൊടുത്തു. ഇതിന്റെ പ്രത്യാഘാതമാണ് റബർ ഉൾപ്പെടെ ഇന്ത്യയിലെ കാർഷികമേഖല നേരിടുന്ന വൻ പ്രതിസന്ധികളുടെ പ്രധാന കാരണമെന്ന യാഥാർത്ഥ്യം അംഗീകരിച്ചേ പറ്റൂ. റബർ വിപണിയുടെ തകർച്ചയുടെ പേരിൽ കേരളത്തിൽ മുറവിളി കൂട്ടുന്നവരും കർഷക സംരക്ഷകരെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നവരും ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള അനിയന്ത്രിതവും നികുതി രഹിതവുമായ റബർ ഉൾപ്പെടെ കാർഷികോൽപന്ന ഇറക്കുമതിക്ക് കടിഞ്ഞാണിടുവാൻ ശ്രമിക്കാത്തത് കർഷക ദ്രോഹമാണ്.

2009ൽ ഒപ്പിട്ട് 2010 ജനുവരിയിൽ നടപ്പിലായ ആസിയാൻ ചരക്ക് ഇറക്കുമതി കരാറിന്റെയും, 2014 ൽ ഒപ്പിട്ട ആസിയാൻ സർവീസ് കരാറിന്റെയും 2015ലെ ആസിയാന-ഇന്ത്യ നിക്ഷേപക്കരാറിന്റെയും ബാക്കി പത്രമായി അനിയന്ത്രിതവും നികുതി രഹിതവുമായ ഇറക്കുമതിയാണ് ഇന്ത്യയുടെ ആഭ്യന്തര വിപണി നേരിടുന്നത്. 2009-10 ലെ 25.8 ബില്യൻ ഡോളറിൽ നിന്ന് ആസിയാൻ ഇറക്കുമതി 2022-23ൽ 87.57 ബില്യൻ ഡോളറായി കുതിച്ചു. കയറ്റുമതിയാകട്ടെ 18.11 ബില്യൻ ഡോളറിൽ നിന്ന് 44 ബില്യൻ ഡോളറിൽ ഒതുങ്ങി. വ്യാപാരക്കമ്മിയാകട്ടെ 2010-11 ലെ വെറും 5 ബില്യൻ ഡോളറിൽ നിന്ന് 43.57 ബില്യൻ ഡോളറായി ആസിയാൻ രാജ്യങ്ങൾക്ക് നേട്ടമുണ്ടാക്കി. ഇതിനർത്ഥം ആസിയാൻ കരാറിലൂടെ വൻ ഇറക്കുമതി കേന്ദ്രമായി ഇന്ത്യ മാറുകയും ഇന്ത്യയുടെ കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തുവെന്നാണ്. 2023 സെപ്റ്റംബർ 6ന് ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ആരംഭിക്കുന്ന കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും ആസിയാൻ മീ്റ്റിംഗിലും ആസിയാൻ കരാറിനെക്കുറിച്ചുള്ള പുനരവലോകനം മാത്രമല്ല ഇന്ത്യയിലെ കർഷകരുടെ സംരക്ഷണത്തിനായി കരാറിൽ നിന്നു ഒന്നടങ്കം പിന്മാറുവാനും കേന്ദ്രസർക്കാർ കണക്കുകൾ നിരത്തി തയ്യാറാകണമെന്ന് വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.