- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടുമത്സ്യകൃഷി ആഴക്കടലിലേക്ക് കൂടി വ്യാപിപ്പിക്കണം- കേന്ദ്ര ഫിഷറീസ് മന്ത്രി
തീരക്കടലുകളിൽ മാത്രമായി ചെയ്തുവരുന്ന നിലവിലെ കൂടുമത്സ്യകൃഷികൾ ആഴക്കടലിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല. ഇതിനായി അനുയോജ്യമായി രൂപകൽപലന ചെയ്ത വലിയ കൂടുകൾ ആവശ്യമാണ്. നിലവിലെ 6 മീറ്റർ വ്യാസമുള്ള കൂടുകൾക്ക് പകരം 30 മീറ്ററോ അതിൽ കൂടുതലോ വ്യാസമുള്ള കൂടുകളാണ് വേണ്ടത്. ലക്ഷക്കണക്കിന് മീൻകുഞ്ഞുങ്ങളെ ഒരു കൂടിൽതന്നെ ആഴക്കടലിൽ കൃഷിചെയ്യുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വിഴിഞ്ഞം പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി. ഇത്തരം മത്സ്യക്കൂടുകൾ നിർമ്മിക്കുന്നതിനും ആഴക്കടൽ കൂടുകൃഷിരീതി വികസിപ്പിക്കുന്നതിനുമുള്ള ചുമതല സിഎംഎഫ്ആർഐ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ പൊതു-സ്വകാര്യ-പങ്കാളിത്ത (പിപിപി) മാതൃകയിൽ മത്സ്യങ്ങളുടെ വിത്തുൽപാദനം വൻതോതിൽ വികസിപ്പിക്കണം. കൂടുമത്സ്യകൃഷി ഉൾപ്പെടെയുള്ള സമുദ്രകൃഷി സുസ്ഥിരമായ രീതിയിൽ വികസിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ മാരികൾചർ ലീസിങ് പോളിസിക്ക് ഉടനെ രൂപം നൽകും. കടലിൽ മുത്തുചിപ്പിയുടെ (പേൾ ഓയിസ്റ്റർ) ഉൽപാദനം വർധിപ്പിക്കാൻ ഹാച്ചറി സാങ്കേതികവിദ്യകൾ വികസിപ്പിക്കണം. മുത്തുചിപ്പിയുടെ ഉൽപാദനത്തിൽ ഒരുകാലത്ത് പ്രശസ്തമായിരുന്ന തൂത്തുകുടിതീരങ്ങളിൽ ഹാച്ചറികളിൽ വികസിപ്പിച്ച ഇവയുടെ വിത്തുകൾ നിക്ഷേപിക്കാനും (സീറാഞ്ചിങ്) സിഎംഎഫ്ആർഐ മുൻകയ്യെടുക്കണം. അനുയോജ്യമായ വിപണന സാധ്യതകൾ മനസ്സിലാക്കി സമുദ്രഅലങ്കാര മത്സ്യമേഖല കൂടുതൽ ശക്തിപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
സാഗർപരിക്രമയുടെ എട്ടാമത് ഘട്ടം കന്യാകുമാരിയിൽ തുടക്കംകുറിക്കുന്നതിന് മുന്നോടിയായാണ് കേന്ദ്ര മന്ത്രിയും സംഘവും സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം കേന്ദ്രത്തിൽ സന്ദർശനം നടത്തിയത്. കേന്ദ്ര സഹമന്ത്രിമാരായ ഡോ എൽ മുരുഗൻ, വി മുരളീധരൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഇന്ത്യയിലെ സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമെന്ന് പഠനം
91.1 ശതമാനം മത്സ്യസമ്പത്തിലും അമിതചൂഷണമില്ല; ഡബ്ല്യു.ടി.ഒ.യിലെ ഇന്ത്യയുടെ നിലപാടിന് ബലം നൽകും
കൊച്ചി: ഇന്ത്യയിലെ സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠന റിപ്പോർട്ട്. സിഎംഎഫ്ആർഐ 2022ൽ പഠനവിധേയമാക്കിയ 135 മത്സ്യസമ്പത്തിൽ (ഫിഷ് സ്റ്റോക്) 91.1 ശതമാനവും അമിതമായി പിടിക്കപ്പെടാത്തവിധം ആരോഗ്യാവസ്ഥയിലാണെന്ന് റിപ്പോർട്ട് പറയുന്നു. കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയാണ് പഠനറിപ്പോർട്ട് പ്രകാശനം ചെയ്തത്.
ലോക വ്യാപാര സംഘടനയിലെ (ഡബ്ല്യു.ടി.ഒ.) ഇന്ത്യയുടെ നിലപാടിന് ബലം നൽകുന്നതാണ് സമുദ്രമത്സ്യ മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിൽ നാഴികക്കല്ലായി കരുതപ്പെടുന്ന ഈ പഠനം. പഠനം നടത്തിയ സ്റ്റോക്കുകളിൽ കേവലം 4.4 ശതമാനം മാത്രമാണ് അമിതമത്സ്യബന്ധനത്തിന് വിധേയാമാകുന്നത്.
രാജ്യാന്തരതലത്തിൽ ഇന്ത്യൻ സമുദ്രമത്സ്യമേഖലയ്ക്ക് ഏറെ മുതൽക്കൂട്ടാകുന്നതാണ് പഠനത്തിലെ കണ്ടെത്തലുകളെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. ഡബ്ല്യു.ടി.ഒ.യിൽ ഇന്ത്യയുടെ നിലാപാടിനെ സാധൂകരിക്കാനും രാജ്യാന്തര വ്യാപാര ചർച്ചകളിൽ ഇന്ത്യൻ സമുദ്രമത്സ്യമേഖലക്ക് അനുകൂലമായ തീരുമാനങ്ങളുണ്ടാകാനും ഈ പഠന റിപ്പോർട്ട് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, വിദേശവിപണികളിൽ ഇന്ത്യയിൽ നിന്നുള്ള സമുദ്രഭക്ഷ്യോൽപന്നങ്ങൾക്ക് കൂടുതൽ സ്വീകര്യത ലഭിക്കാനും സീഫുഡ് കയറ്റുമതി മെച്ചപ്പെടുത്താനും സിഎംഎഫ്ആർഐ പഠനം സഹായിക്കും. രാജ്യാന്തര സീഫുഡ് വിപണികളിൽ സുസ്ഥിരമായി പിടിക്കപ്പെടുന്ന സമുദ്രോൽപന്നങ്ങൾക്ക് ഏറെ മുൻഗനയുണ്ട്. ഭാവിയിൽ, ഇന്ത്യയിൽ നിന്നുള്ള കടൽമത്സ്യങ്ങൾക്ക് കൂടുതൽ വിലലഭിക്കാനും സ്വീകാര്യത കൂടാനും വഴിയൊരുക്കുന്നതാണ് ഈ പഠനമെന്നും ഡോ ഗോപാലകൃഷ്ണൻ പറഞ്ഞു.
കന്യാകുമാരിയിൽ നിന്നാരംഭിച്ച എട്ടാംഘട്ട സാഗർപരിക്രമ യാത്രയിലാണ് കേന്ദ്രമന്ത്രി റിപ്പോർട്ട് ഔദ്യോഗികമായി പ്രകാശനം ചെയ്തത്.
ഇന്ത്യൻ തീരങ്ങൾക്ക് അനുയോജ്യമായ മികച്ച കടൽപായൽകൃഷിരീതികൾ പരിചയപ്പെടുത്തുന്ന സിഎംഎഫ്ആർഐയുടെ പ്രസിദ്ധീകരണവും കേന്ദ്ര മന്ത്രി പ്രകാശനം ചെയ്തു. രാജ്യത്ത് 333 സ്ഥലങ്ങൾ കടൽപായൽ കൃഷിക്ക് അനുയോജ്യമാണെന്ന് സിഎംഎഫ്ആർഐ കണ്ടെത്തിയിട്ടുണ്ട്. ഇതുപ്രകാരം, ഇന്ത്യയിൽ 23,950 ഹെക്ടറിൽ നിന്നും പ്രതിവർഷം 98 ലക്ഷം ടൺ കടൽപായൽ ഉൽപാദിപ്പിക്കാനാകുമെന്നാണ് കണ്ടെത്തൽ. ഒരു ഹെക്ടറിൽ നിന്നും 13.28 ലക്ഷം രൂപ ഒരുവർഷം കടൽപായൽകൃഷിയിലൂടെ വരുമാനമുണ്ടാക്കാം. ഈ സ്ഥലങ്ങളുടെ ഇന്ററാക്ടീവ് മാപ്പും വികസിപ്പിച്ചിട്ടുണ്ട്