കോഴിക്കോട്: മർകസും മലേഷ്യയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ യൂണിവേഴ്സിറ്റി സയൻസ് ഇസ്ലാം മലേഷ്യയും(യു.എസ്‌ഐ.എം) തമ്മിൽ അക്കാദമിക സഹകരണത്തിന് ധാരണയായി. ശാസ്ത്ര-സാങ്കേതിക ഗവേഷണങ്ങൾക്കൊപ്പം ഇസ്ലാമിക അദ്ധ്യാപനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന യു.എസ്‌ഐ.എം പൂർണമായും സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലയാണ്.

പണ്ഡിതരുടെയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൈമാറ്റം, സംയുക്ത അക്കാദമിക് പ്രോഗ്രാമുകൾ, റിസർച്ച്&ഡവലപ്‌മെന്റ് പദ്ധതികൾ, അക്കാദമിക് പരിശീലനങ്ങൾ, സന്ദർശനങ്ങൾ, കോൺഫറൻസുകൾ, ജനറൽ പബ്ലിക്കേഷൻ തുടങ്ങി വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാനാണ് ഇരുസ്ഥാപനങ്ങളും ധാരണയായത്. ചടങ്ങിൽ യു.എസ്‌ഐ.എം ഡെപ്യൂട്ടി വൈസ് ചാൻസിലർ ഡോ. മുഹമ്മദ് റാസി ഇബ്റാഹീം, ഡയറക്ടർ ഡോ. ഫൗസിഹ് ഹസൻ, ജാമിഅഃ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, വൈസ് റെക്ടർ ഡോ. മുഹമ്മദ് റോഷൻ നൂറാനി, ഡയറക്ടർ ഇൻ ചാർജ് അക്‌ബർ ബാദുശ സഖാഫി, രജിസ്ട്രാർ പ്രൊഫ. ഉമറുൽ ഫാറൂഖ്, അസോസിയേറ്റ് ഡയറക്ടർ-എജ്യുകേഷൻ ഉനൈസ് മുഹമ്മദ്, നോളേജ് സിറ്റി അക്കാദമിക് ഡയറക്ടർ ഡോ. അമീർ ഹസൻ, മീം ഡയറക്ടർ ഡോ. അബ്ദുറഊഫ് സംബന്ധിച്ചു.

1998 ൽ സ്ഥാപിതമായ യു.എസ്‌ഐ.എം വിദ്യാഭ്യാസ-ഗവേഷണ രംഗങ്ങളിൽ വിവരസാങ്കേതിക വിദ്യയുടെ ഉപയോഗത്തിന് പ്രത്യേക ഊന്നൽ നൽകുന്നു. ഇസ്ലാമിക പഠനങ്ങളെ ആഴത്തിൽ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ദേശീയ-അന്താരാഷ്ട്ര തലത്തിലെ മുഖ്യധാരയിലേക്ക് ഇത്തരം പഠനങ്ങളെ കൊണ്ടുവരുന്നതിലും സർവകലാശാല ശ്രദ്ധനൽകുന്നു.

ഇന്ത്യയിലും വിദേശത്തുമുള്ള ഇരുപത്തിയഞ്ചോളം പ്രമുഖ സർവ്വകലാശാലകളുമായി മർകസിന് നിലവിൽ അക്കാദമിക ധാരണകളുണ്ട്. കഴിഞ്ഞ വർഷം നോളേജ് സിറ്റിയിൽ നടന്ന നാൽപത് രാഷ്ട്രങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ വിചക്ഷണർ പങ്കെടുത്ത ക്ലൈമറ്റ് ആക്ഷൻ സമ്മിറ്റിൽ യു.എസ്‌ഐ.എമ്മുമായി പ്രാഥമിക വിനിമയ കരാറിൽ ഒപ്പുവെച്ചിരുന്നു.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ഫൗണ്ടർ ചാൻസിലറുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ജൂലൈയിലെ പഞ്ചദിന മലേഷ്യൻ പര്യടനത്തിൽ പ്രമുഖ സർവ്വകലാശാലകളുമായും ഇൻസ്റ്റിറ്റ്യൂട്ടുകളുമായും വിവിധ സഹകരണ ഉടമ്പടികളിൽ ഒപ്പുവെച്ചിരുന്നു. മുസ്ലിം പണ്ഡിതർക്കുള്ള പരമോന്നത മലേഷ്യൻ ബഹുമതിയായ മഅൽ ഹിജ്റ പുരസ്‌കാര ലബ്ധിക് ശേഷം നിരവധി മലേഷ്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മർക്‌സുമായി അക്കാദമിക ബന്ധം സ്ഥാപിക്കുന്നത്. കഴിഞ്ഞവാരം നോളേജ് സിറ്റിയിൽ നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ പങ്കെടുക്കാൻ മലേഷ്യൻ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘം തന്നെ എത്തിയിരുന്നു. ഇന്ത്യക്കും മലേഷ്യക്കുമിടയിൽ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ഇത്തരം അക്കാദമിക സഹകരണങ്ങളിലൂടെയും സന്ദർശങ്ങളിലൂടെയും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.