പാലാ: പാലാ സെന്റ് തോമസ് കോളജിൽ നിന്നും പതിനെട്ടാം വയസ്സിൽ ആരംഭിച്ച സവിശേഷ അദ്ധ്യാ പനത്തിന് 56 വർഷത്തിനുശേഷം ഇന്ന് ( നവംബർ 30 ) തിരശ്ശീല വീഴുന്നു. കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളജ് അദ്ധ്യാപകൻ പാലാ അരുണാപുരം സ്വദേശിയായ ഡോ. സെബാസ്റ്റ്യൻ നരിവേലിയാണ് ഒരിക്കൽക്കൂടി ചരിത്രത്തിന്റെ ഭാഗമാകുന്നത്.

നാഷണൽ എജ്യുക്കേഷൻ പോളിസി-2020 അനുസരിച്ച് ഒന്നാം ക്ലാസിൽ ചേരാൻ 6 വയസ്സ് പൂർത്തിയാകണമെന്നിരിക്കെ സെബാസ്റ്റ്യൻ സാർ ആറാം വയസ്സിൽ ആറാം ക്ലാസിലായിരുന്നു. കോട്ടയം ജില്ലയിൽ പാലായ്ക്ക് സമീപം കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് സ്‌കൂളിലായിരുന്നു 6 മുതൽ 8 വരെ ക്ലാസുകൾ പഠിച്ചത്. അക്കാലത്ത് 8-ാം ക്ലാസിനൊടുവിൽ സർക്കാർ പരീക്ഷയ്ക്ക് വയസ്സ് നിബന്ധന കർശനമായിരുന്നെ ങ്കിലും സെബാസ്റ്റ്യന് അപ്രതീക്ഷിതമായി ഒഴിവ് ലഭിച്ചു. 9 മുതൽ 11 വരെ ക്ലാസുകൾ മുത്തോലി സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ പൂർത്തിയാക്കി, പ്രീയൂണിവേഴ്സിറ്റിക്ക് പാലാ സെന്റ് തോമസ് കോളേജിന്റെ മുറ്റത്തെത്തുമ്പോൾ പ്രായം 12. പതിനാറാം വയസ്സിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും 18-ൽ ബിരുദാനന്തര ബിരുദവും നേടിയത് സംസ്ഥാന റിക്കാർഡ് ആയി മാറി. എം.എ. പരീക്ഷയുടെ റിസൾട്ട് അറിയാനായി കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റംഗം കൂടി ആയിരുന്ന പ്രിൻസിപ്പൽ ഫാ. ജോസഫ് കുരീത്തടത്തെ സമീപിച്ച സെബാസ്റ്റ്യന് കിട്ടയത് സാക്ഷാൽ അപ്പോയിന്റ്‌മെന്റ് 'ഓർഡർ' - 'നീ മറ്റന്നാൾ ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റിൽ പോയിരുന്നോണം. നിനക്കൊരു മേശയും കസേരയും ഇട്ടിരി ക്കും'. എന്നായിരുന്നു. സംസ്ഥാനത്ത് ജൂണിയർ കോളേജുകൾ 1964 ൽ ആരംഭിച്ചതോടെ 1967 ആയപ്പോഴേക്കും എല്ലാ കോളേജുകളിലും ഇംഗ്ലീഷ് അദ്ധ്യാപകരെ ആവശ്യമുണ്ടായി രുന്നു. ആറു വർഷം പഠിച്ച കോളേജിൽ ജോലിക്ക് താല്പര്യമില്ലാതെ തിരുവനന്തപുരം മാർ ഇവാനിയോസിലോ, എറണാകുളം തേവര കോളേജിലോ ജോലി എന്നു തീരുമാനിച്ചിരുന്ന സെബാസ്റ്റ്യൻ, കുരീത്തടത്തിലച്ചനെ ധിക്കരിക്കാൻ ധൈര്യമില്ലാതെ പാലാ സെന്റ് തോമസിൽ 1967 ജൂലൈ 11 ന് അദ്ധ്യാപകനായി ചുമതലയേറ്റു.

പല ക്ലാസുകളിലും തന്നേക്കാൾ പ്രായം കൂടിയ കുട്ടികളെ കണ്ടപ്പോൾ ധൈര്യം ചോർന്നതായി തോന്നിയെങ്കിലും കുരീത്തടത്തിലച്ചന്റെ ദൃശ്യവും അദൃശ്യവുമായ സാന്നിദ്ധ്യം ധൈര്യം പകർന്നു. അക്കാലത്ത് ഓൾ പ്രമോഷൻ സമ്പ്രദായം ഇല്ലാതിരുന്നതിനാൽ പല ക്ലാസിലും തോറ്റ് വർഷം നഷ്ടപ്പെട്ടവർ, കൃഷി, കച്ചവടം തുടങ്ങിയ മേഖലകളിൽ മാതാപിതാക്കളെ കുറെനാൾ സഹായിച്ചിട്ടുവന്നവർ, അസുഖം, രോഗശുശ്രൂഷ തുടങ്ങിയ കാരണങ്ങളാൽ പഠനം മുടങ്ങിയവർ, വൈദിക പഠനത്തിനായി സെമിനാരികളിൽ ചേർന്ന് ഇടയ്ക്ക് നിർത്തിപോരുന്നവർ തുടങ്ങി കുട്ടി ഗുരുവിനേക്കാൾ പ്രായം കൂടിയ ചേട്ടന്മാർ നിരവധി. ഇതിനിടെ 12 വർഷം നാഷണൽ സർവ്വീസ് സ്‌കീം ചുമതലയും വഹിച്ചു. 1999 ൽ സെന്റ് തോമസിൽ ഇംഗ്ലീഷ് വിഭാഗം മേധാവിയായി. വൈകാതെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോളേജദ്ധ്യാപകൻ എന്ന അംഗീകാരം 2000-ൽ മനോരമ ഈയർബുക്കും 2001-ൽ ലിംകാ ബുക്ക് ഓഫ് റിക്കോഡ്സും സമ്മാനിച്ചു.

കൂടാതെ പി.എസ്.സി. ഗൈഡുകളിലും പൊതുവിജ്ഞാന പുസ്തകങ്ങളിലും ക്വിസ് മത്സരങ്ങളിലും ഈ ചോദ്യം നിത്യസാന്നിദ്ധ്യമായി.

6 വർഷം വിദ്യാർത്ഥിയും 37 വർഷം അദ്ധ്യാപകനുമായി 43 വർഷം ഒരേ കോളേജിൽ പിന്നിട്ടത് മറ്റൊരു സവിശേഷതയാണ്. 2004-ൽ സെന്റ് തോമസിൽ നിന്ന് പടിയിറങ്ങുമ്പോൾ അര ഡസൻ സി.ബി.എസ്.ഇ. സ്‌കൂളുകളിൽ നിന്ന് പ്രിൻസിപ്പൽ പദവിയുടെ ക്ഷണമെത്തി. സ്വീകരിച്ചത് മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്‌കൂൾ. കരിയറിലെ തന്റെ പ്രത്യേക തമൂലം, ജോലിക്കായി അപേക്ഷ കൊടുക്കേണ്ട ആവശ്യമില്ല എന്നതായിരുന്നു നിലപാട്. രണ്ട് വർഷത്തിനുശേഷം 2007 നവംബർ 27 ന് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയ റിങ് കോളേജിൽ നിന്നുള്ള ക്ഷണം സ്വീകരിച്ചു.

സെബാസ്റ്റ്യൻ നരിവേലി കൂടി എത്തിയതോടെ അമൽ ജ്യോതിയിലെ ബേസിക് സയൻസ് ഡിപ്പാർട്ടുമെന്റ് വിഭജിച്ച് ഹ്യൂമാനിറ്റീസ് എന്ന പുതിയ വിഭാഗം തുടങ്ങി. ഒരു വ്യാഴവട്ടം വകുപ്പ് മേധാവിയായിരുന്ന നരിവേലിസാർ 2019 ൽ തന്റെ മുൻ വിദ്യാർത്ഥിനി ഡോ. യെലന തോമസിനെ വകുപ്പദ്ധ്യക്ഷസ്ഥാനം ഏൽപ്പിച്ച് അഡ്ജംക്ട് പദവിയിലേക്ക് പിന്മാറി. 2023 നവംബർ 18 ന് പ്രായത്തിന്റെ പ്ലാറ്റിനം ജൂബിലി. നവംബർ 30-ന് പടിയിറക്കം.

പാലാ അൽഫോൻസാ കോളേജിലെ കെമിസ്ട്രി വിഭാഗം പ്രൊഫസറായിരുന്ന ത്രേസ്യാമ്മ ജേക്കബ് മാടപ്പള്ളിമറ്റം ആണ് ഭാര്യ. രണ്ട് മക്കൾ - ബിപിൻ സകുടുംബം ബർമിങ്ഹാമിൽ, ബോബി കുടുംബസമേതം മെൽബണിലും.