കൊട്ടാരക്കര : കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ എം.ജി.എം എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിട്യൂഷന്റെ ശ്രദ്ധേയ സ്ഥാനത്തിന് മുപ്പതാണ്ട് തികയുന്നു. എം.ജി.എം സ്ഥാപക ചെയര്‍മാന്‍ ഡോ.ഗീവര്‍ഗീസ് യോഹന്നാന്റെ പ്രവാസ ജീവിതത്തിന്റെ അന്‍പതാണ്ട് പിന്നിടുന്ന വേളയില്‍ രണ്ട് ആഘോഷങ്ങളും ചേര്‍ന്ന് കാരുണ്യോത്സവമായി മാറുന്നു.

വയനാട് ദുരന്ത മേഖലയിലെ 30 കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതാണ് ഇതില്‍ പ്രധാനം. കെ.ജി വിഭാഗം മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെ ഹോസ്റ്റല്‍ സൗകര്യത്തോടെ, സൗജന്യ വിദ്യാഭ്യാസവും മറ്റ് പഠനാനുകൂല്യങ്ങളും നല്‍കുന്നതാണ് പദ്ധതി. ഒപ്പം തിരുവനന്തപുരം കഴക്കൂട്ടത്ത് എം.ജി.എം ഡിഫറന്റലി ഏബിള്‍സ് സ്‌കൂള്‍ ആരംഭിക്കുവാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ഓട്ടിസമടക്കമുള്ള മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠിക്കാനും സര്‍ഗശേഷി ഉണര്‍ത്താനുമുള്ള സൗജന്യ പഠന സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കുക. വിദ്യാഭ്യാസ- ആരോഗ്യ സഹായ പദ്ധതികളും പൊതുസമൂഹത്തിനായി നടത്തുന്നുണ്ട്. മമ്മൂട്ടിയുമായി ചേര്‍ന്ന് നടത്തുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ വിദ്യാമൃതം സൗജന്യ വിദ്യാഭ്യാസ പദ്ധതിയും വിപുലമാക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 250 വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം എം.ജി.എമ്മിന്റെ 11 കോളേജുകളില്‍ നൂറ് ശതമാനം സ്‌കോളര്‍ഷിപ്പോടെ പഠിക്കാനാണ് വിദ്യാമൃതം ലക്ഷ്യമിടുന്നത്.

ആഘോഷ പരിപാടികള്‍ 31ന് വൈകിട്ട് 3ന് കൊട്ടാരക്കര മൈലം എം.ജി.എം സ്‌കൂളില്‍ നടക്കും. കത്തോലിക്ക ബാവ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ അദ്ധ്യക്ഷത വഹിക്കും. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എന്‍.ബാലഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി വീണാ ജോര്‍ജ്ജ്, കൊടിക്കുന്നില്‍ സുരേഷ് എം.പി, മാതൃഭൂമി ഡയറക്ടര്‍ എം.എസ്.മയൂര, എ.ജയകുമാര്‍, ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പൊലീത്ത, ഡോ.ഗീവര്‍ഗീസ് യോഹന്നാന്‍, പ്രൊഫ.ഡോ.സിറിയക് തോമസ്, ജാബ്‌സണ്‍ വര്‍ഗീസ് എന്നിവര്‍ സംസാരിക്കും.

ഡോ.ഗീവര്‍ഗീസ് യോഹന്നാന്റെ ആത്മകഥ 'ആകയാല്‍ സ്‌നേഹംമാത്രം' കാതോലിക്കാ ബാവ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ മുന്‍ അംബാസിഡര്‍ ടി.പി.ശ്രീനിവാസന് നല്‍കി പ്രകാശനം ചെയ്യും. ഇന്ത്യയിലെ ഒമാന്‍ അംബാസിഡര്‍ ഹിസ് എക്‌സലന്‍സി ഇസ്സ സാല അബ്ദുള്ള അല്‍ ഷിബാനി പ്രവാസ ജീവിതത്തിന്റെ കനകജൂബിലി ആദരവ് ഡോ.ഗീവര്‍ഗീസ് യോഹന്നാന് സമര്‍പ്പിക്കും. ഇടുക്കി ഭദ്രാസനാധിപന്‍ സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത പുസ്തക പരിചയം നടത്തും.പത്രസമ്മേളനത്തില്‍ എം. ജി. എം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചീഫ് എക്‌സി. സെക്രട്ടറി ഗോപിനാഥ് മഠത്തില്‍,ygm trust vice chairman തോമസ് ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.