- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനസൗഹൃദമല്ലാത്ത റോഡ് പണികള്‍ മൂലം ആലപ്പുഴയിലെ യാത്രാദുരിതംഅവസാനിക്കുന്നില്ല: ടിആര്‍എ
ആലപ്പുഴ:പട്ടണത്തിലെ റോഡുകളിലെ ഒരിക്കലും അവസാനിക്കാത്തദീര്‍ഘവീക്ഷണ മില്ലാത്തതും ജനസൗഹൃദമല്ലാത്തതുമായ
പണികള്‍ മൂലം വഴിയാത്രക്കാരുടെ ദുരിതം ഒരിക്കലും അവസാനിക്കുന്നില്ലെന്ന് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന്‍ (ടിആര്‍എ) ആരോപിച്ചു. റോഡുകളില്‍ പല കാര്യങ്ങള്‍ക്കായി എടുക്കുന്ന കുഴികള്‍ അപകടകരമായി കിടക്കുന്നു. കുറുകെ വെച്ചിരിക്കുന്ന അശാസ്ത്രീയമായ വാഹനനിയന്ത്രണ ബോര്‍ഡുകള്‍ഗതാഗതം ആകെ താറുമാറാക്കുന്നു. ഗതാഗതം സുഗമമാക്കാന്‍ ആവശ്യമായതൊന്നും അടിയന്തിരമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചെയ്യുന്നില്ല.
ജില്ലാ കോടതി പാലം പ്രദേശത്ത് എലവേറ്റഡ് റോഡ് നിര്‍മിച്ചു വീതി കൂട്ടി പുനഃരുദ്ധരിക്കുന്നതിന്റെ ഭാഗമായി ജംഗ്ഷനിലെ കെട്ടിടങ്ങള്‍ മാസങ്ങള്‍ മുന്‍പ് പൊളിപ്പിച്ചു പുറകോട്ടു മാറ്റി കെട്ടിപ്പിച്ചതല്ലാതെ, പൊളിച്ച തറഭാഗം അങ്ങനെ തന്നെ ഗതാഗതക്കുരുക്കിന് കാരണമായി കിടക്കുകയാണ്. നിസാരമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണിവ.റോഡില്‍ യഥാര്‍ത്ഥ നിര്‍മാണം തുടങ്ങിയാല്‍ അതുവഴിയുള്ള ഗതാഗതം താറുമാറാകും. പതിവുപോലെ അടുത്തകാലത്തൊന്നും പണി പൂര്‍ത്തിയാകുകയുമില്ല.അതിന്റെ മുന്നോടിയായി ഏറെ മാസങ്ങളായി പാലത്തിന്റെ വടക്കേ ജംഗ്ഷനില്‍ നിന്ന് പടിഞ്ഞാറോട്ട് വൈഎംസിഎ ഭാഗത്തേക്കുള്ള റോഡിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. വാഹനങ്ങളെ വെറുതെ വട്ടം ചുറ്റിച്ചു, ഇന്ധനനഷ്ടവും മലിനീകരണവും വരുത്തി, തിരക്കുണ്ടാക്കുകയാണ്. ആലപ്പുഴയില്‍ ആവശ്യമേയില്ലാത്ത നോ റൈറ്റ് ടേണുകളും വണ്‍ വേകളും സാധാരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുകളാണുണ്ടാക്കുന്നതെന്നു ടിആര്‍എ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, പാലത്തിനു ഇരുവശത്തുമുള്ള മൂന്നു റോഡുകള്‍ ചേരുന്ന ജംഗ്ഷനുകള്‍ക്ക് വീതി കൂട്ടാനായി അധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയെങ്കിലും വശങ്ങളിലുള്ള അനധികൃത നിര്‍മിതികളും പാര്‍ക്കിംഗും ഒരുകാലത്തും മാറ്റാന്‍ സാധിച്ചിട്ടില്ല. അത് അതാത് ആള്‍ക്കാര്‍ ജനനന്മയെക്കരുതി സ്വമേധയാ ചെയ്യേണ്ടതാണ്. അങ്ങനെ ജംഗ്ഷനുകളുടെ വികസനം ഉടന്‍ സാധ്യമാക്കണം. അതിന് ജില്ലാ കളക്ടര്‍ മുന്‍കൈ എടുക്കണം.
കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയയിടത്തു താഴ്ന്നു കിടക്കുന്നഭാഗം റോഡിനൊപ്പം പൊക്കം കൂട്ടുകയും ഇരുവശവുമുള്ള എല്ലാ അനധികൃത വഴിവാണിഭവും ഏച്ചുകെട്ടലുകളും കല്ലും കട്ടയും നീക്കം ചെയ്യുകയും ചെയ്താല്‍ വണ്‍വേ ഒഴിവാക്കി സുഖമായി വാഹനങ്ങള്‍ക്കു അങ്ങോട്ടുമിങ്ങോട്ടും കടന്നു പോകാനുള്ള സൗകര്യമുണ്ടാകും. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യാതെ ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്.
ഇളകിക്കിടക്കുന്ന കാണസ്ളാബുകളുടെ വിടവുകള്‍ ഒഴിവാക്കുകയും പ്രവര്‍ത്തനരഹിതമായി റോഡിനു നടുവിലായി ഉപയോഗരഹിതമായി നില്ക്കുന്ന ട്രാഫിക് ലൈറ്റുകള്‍ അടക്കമുള്ള അനാവശ്യ തൂണുകള്‍ നീക്കം ചെയ്യുകയും വേണം. ജംഗ്ഷനോട് ചേര്‍ന്നും കയറ്റിയിറക്കത്തിലും ബസ് സ്റ്റോപ്പ് അനുവദിക്കരുത്.
ഇപ്പോള്‍ ആകെ അലങ്കോലപ്പെട്ടുകിടക്കുന്നതിനാല്‍ വയോജനങ്ങളും രോഗികളും അടക്കമുള്ള കാല്‍നടയാത്രക്കാര്‍ ഏറെ പണിപ്പെട്ടാണ് കടന്നുപോകുന്നത്. മിക്കപ്പോഴും ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക് പോലീസും കാണില്ല.: ടിആര്‍എ ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നടത്തുന്ന നെഹ്റു ട്രോഫി വള്ളം കളി കാണാന്‍ വന്‍ നിരക്ക് നല്‍കി ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആദ്യം തടസമില്ലാത്ത സഞ്ചാരമാര്‍ഗമാണ് സര്‍ക്കാര്‍ മുന്‍കൂട്ടി ഒരുക്കേണ്ടത്. അതിന് അമാന്തം പാടില്ലെന്നും ടിആര്‍എ കൂട്ടിച്ചേര്‍ത്തു.