ദ്വൈതഭാവങ്ങളേതുമില്ലാതെ പ്രപഞ്ചസാരങ്ങള്‍ തേടിയലഞ്ഞ് ലോകത്തിന് മുന്നില്‍ അറിവിന്റെ അക്ഷയപാത്രം തുറന്നു നല്‍കിയ അക്ഷരസൂര്യനാണ് ആദി ശങ്കരാചാര്യരെന്ന് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ ദ്വിദിന ശങ്കരജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രൊഫ. കെ. കെ. ഗീതാകുമാരി. ദാര്‍ശനികനും തത്വജ്ഞാനിയുമായ ശ്രീശങ്കരാചാര്യര്‍ കൊളുത്തിവച്ച അക്ഷരദീപമാണ് അറിവിന്റെ പാതയില്‍ എക്കാലവും നമുക്ക് മാര്‍ഗദീപമാകുന്നത്. അജ്ഞാനത്തിന്റെ തമസിലാണ്ടുപോയ ഭാരതത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ ഉദിച്ചുയര്‍ന്ന ജ്ഞാനസൂര്യനായിരുന്നു ശ്രീശങ്കരാചാര്യര്‍. മാനവരാശിയുടെ അധ്യാത്മിക ഉദ്ദീപനത്തിന് നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ ശ്രീശങ്കരാചാര്യര്‍ വേദാന്ത തത്വചിന്തയില്‍ അദ്വൈതത്തിന്റെ വക്താവായിരുന്നു. 'അറിവിന്റെ ജനാധിപത്യം' എന്ന സങ്കല്പത്തിന്റെ പൂര്‍ത്തീകരണത്തിനായാണ് ശ്രീശങ്കരാചാര്യര്‍ മഠങ്ങള്‍ സ്ഥാപിച്ചതും ഭാഷ്യങ്ങളും സ്വതന്ത്ര കൃതികളും രചിച്ചത്. ശ്രുതി, യുക്തി, അനുഭവം എന്നിവയുടെ അടിസ്ഥാനത്തിലുളള വിമര്‍ശനാത്മക ചര്‍ച്ചകള്‍ ഇന്നും ആധുനിക വൈജ്ഞാനിക രംഗത്ത് ഏറെ അനുകരണീയമായ മാതൃകകളാണ്. ശങ്കരജയന്തി ആഘോഷങ്ങളിലൂടെ മുന്നോട്ട് വയ്ക്കുന്ന സന്ദേശവും ഇത് തന്നെയാണ്, പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു.

കാലടി മുഖ്യക്യാമ്പസിലുളള യൂട്ടിലിറ്റി സെന്ററില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ പ്രൊഫസര്‍ - ഇന്‍ - ചാര്‍ജ്ജ് ഓഫ് എക്‌സാമിനേഷന്‍സ് ഡോ. വി. ലിസി മാത്യു അധ്യക്ഷയായിരുന്നു. കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ബി. അനന്തകൃഷ്ണന്‍ ശ്രീശങ്കര വാര്‍ഷിക പ്രഭാഷണം നിര്‍വ്വഹിച്ചു. രജിസ്ട്രാര്‍ പ്രൊഫ. സുനിത ഗോപാലകൃഷ്ണന്‍, പ്രൊഫ. കെ. എ. രവീന്ദ്രന്‍, ഡോ. കെ. എസ്. ജിനിത എന്നിവര്‍ പ്രസംഗിച്ചു.

സംഗീത വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ശങ്കരസ്തുതികള്‍ ആലപിച്ച് സംഗീത സപര്യയോടെ ആരംഭിച്ച ശങ്കരജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. ശാസ്ത്രബോധിനി പരീക്ഷകളില്‍ വിജയിച്ചവര്‍ക്കുളള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഡോ. വി. ലിസി മാത്യു നിര്‍വ്വഹിച്ചു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച ജൈമിനീയ സാമവേദസംഹിതയുടെ പരിഷ്‌കരിച്ച പതിപ്പിന്റെ പ്രകാശനം കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ബി. അനന്തകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി ആദ്യപ്രതി സ്വീകരിച്ചു.

ശങ്കരന്റെ തത്വചിന്തയെക്കുറിച്ച് നടന്ന സെഷനില്‍ ഡോ. കെ. മഹേശ്വരന്‍ നായര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. പ്രൊഫ. കെ. കെ. സുന്ദരേശന്‍, പ്രൊഫ. സിന്ധു പട്യാല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. കെ. രമാദേവി അമ്മ മോഡറേറ്ററായിരുന്നു. ഡോ. ടി. മിനി, ഡോ. ടി. എസ്. രതി എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് കൂത്തമ്പലത്തില്‍ വിദ്യാര്‍ത്ഥികളുടെ മോഹിനിയാട്ടവും സംഗീത കച്ചേരിയും നടന്നു.

ഭാരതീയ തത്ത്വചിന്തയെ അധികരിച്ച് നടന്ന സെഷനില്‍ ഡോ. വി. ആര്‍. മുരളീധരന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. പ്രൊഫ. നടരാജു അടരശുപളളി, ഡോ. ആര്‍. ലക്ഷ്മി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. പി. ഉണ്ണികൃഷ്ണന്‍ മോഡറേറ്ററായിരുന്നു. ഡോ. കെ. സി. രജിത അമ്പിളി, ഡോ. ടി. പി. സരിത എന്നിവര്‍ പ്രസംഗിച്ചു. ഭാരതീയ വിജ്ഞാന സംവിധാനങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച സെഷനില്‍ ഡോ. സി. എസ്. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രൊഫ. സി. കൃഷ്ണമൂര്‍ത്തി, പ്രൊഫ. പി. വി. ഔസേപ്പ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. വി. കെ. ഭവാനി മോഡറേറ്ററായിരുന്നു. ഡോ. എസ്. ഷീബ, ഡോ. ജിനിത കെ. എസ്. എന്നിവര്‍ പ്രസംഗിച്ചു.