- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് വിലങ്ങാട് മേഖലയില്‍ ഉരുള്‍പൊട്ടലില്‍ കനത്ത നാശം:പുറംലോകം അറിയാന്‍ വൈകി; സീറോ മലബാര്‍ സഭാ അല്‍മായ ഫോറം
വയനാട് ഉരുള്‍പൊട്ടലില്‍ സീറോ മലബാര്‍ അല്‍മായ ഫോറം അഗാധമായ ദുഃഖം അറിയിക്കുന്നു.പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.അങ്ങേയറ്റം വേദനിപ്പിക്കുന്ന ദുരന്തമാണിത്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ നമുക്ക് പരിശ്രമിക്കാം.
അതേ സമയം,കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയായ വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് ഭാഗത്ത് കനത്ത തോതിലുള്ള പന്ത്രണ്ടോളം ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്.വിലങ്ങാട് നടന്ന ഉരുള്‍പ്പൊട്ടലും മലവെള്ളപ്പാച്ചിലും സൃഷ്ടിച്ച ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ പുറംലോകം വൈകിപ്പോയി.ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാല്‍ ആളപായം ഒഴിവായെങ്കിലും,പിന്നീട് ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറം ലോകം അറിഞ്ഞത്.26 വീടുകള്‍ക്ക് നാശം, 12 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.അഞ്ച് പാലങ്ങള്‍ ഒലിച്ചുപോയി.കുമ്പളച്ചോല എല്‍.പി സ്‌കൂള്‍ റിട്ട.അധ്യാപകനായ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കല്‍ മാത്യു എന്ന മത്തായിയെ കാണാതായി.രക്ഷാപ്രവര്‍ത്തകനായി എത്തിയതായിരുന്നു മാത്യു.
സീറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപതയുടെ വിലങ്ങാട് പാരിഷ് ഹാളിലെ ക്യാമ്പിലുള്ള 200 പേര്‍ക്കു പുറമെ,വിലങ്ങാട് സെന്റ് ജോര്‍ജ് എച്ച്.എസ്.എസ്, അടുപ്പില്‍ കോളനി, പാലൂര്‍ എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളിലായി 510 പേരെ കൂടി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഈ പ്രദേശം മുഴുവന്‍ കനത്ത നാശത്തിലാണ്.വിലങ്ങാട് ആലിമൂല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ആറുവര്‍ഷത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വിലങ്ങാടിനെ നടുക്കിയ മറ്റൊരു ഉരുള്‍പൊട്ടല്‍ ദുരന്തത്തിനുകൂടി നാട് സാക്ഷിയായത്. 2018 ആഗസ്റ്റ് എട്ടിന് രാത്രി 11ന് ആലി മൂലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
എത്രയും വേഗം വിലങ്ങാട് മേഖലയില്‍ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടവും സര്‍ക്കാരും പരിശ്രമിക്കണം.വിലങ്ങാട് ദുരിതാശ്വാസത്തിനായി അവശ്യസാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കണം.ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് മാനസികമായി തകര്‍ന്നവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ നമുക്ക് ഒരുമിച്ച് എല്ലാവര്‍ക്കും മുന്‍കൈ എടുക്കാം.